മിസ്റ്റിക് അനുഭവം പകർന്ന് ഉമ്പായീസ് കാരവന്റെ 'മആരിഫ'
Mail This Article
ചെറിയ പെരുന്നാളിന്റെ മധുരവുമായി ഉമ്പായീസ് കാരവന്റെ പുതിയ ഗാനം 'മആരിഫ' പുറത്തിറങ്ങി. മിഥുൻ ജയരാജും അക്ബർ ഖാനും ആലപിച്ചിരിക്കുന്ന ഗാനം മനോരമ മ്യൂസിക് ആണ് റിലീസ് ചെയ്തിരിക്കുന്നത്. ബി.കെ ഹരിനാരായണന്റേതാണു വരികൾ.
ഉയിരും ഉടലുമായ പരമകാരുണികനായ ദൈവത്തെ സ്തുതിക്കുന്ന ഗാനമാണ് 'മആരിഫ'. അതിശയവും അനുഭവവുമായ ദൈവത്തിലേക്ക് വിശ്വാസികളെ ഉയർത്തും വിധമാണ് ഗാനത്തിന്റെ വരികളും ആലാപനവും. പ്രമുഖ ഗസൽ ഗായകൻ ഉമ്പായിയുടെ മകൻ സമീറിന്റെ നേതൃത്വത്തിലുള്ള ഗസൽ–ഖവാലി സംഗീത കൂട്ടായ്മയായ ഉമ്പായീസ് കാരവനാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്.
ഉമ്പായീസ് കാരവന്റെ ഗാനത്തിന്റെ പിന്നണിയിൽ പ്രമുഖ സംഗീതസംവിധായകനായ ബേണിയും വയലിനിസ്റ്റ് ഹെരാൾഡ് ആന്റണിയും പങ്കുചേർന്നിരിക്കുന്നു. പാട്ടിനായി മാൻഡലിനും ഹാർമോണിയവും വായിച്ചിരിക്കുന്നത് ബേണിയാണ്. മ്യൂസിക് വിഡിയോയുടെ ക്യാമറയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫയാസ് ആണ്. മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.