സിംപ്ലിസിറ്റിയാണ് മെയിൻ! ഖദീജ റഹ്മാന്റെ വിവാഹലുക്ക് ചര്‍ച്ചയാകുന്നു
Mail This Article
കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മൂത്തമകളും ഗായികയുമായ ഖദീജയുടെ വിവാഹം. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണു വരൻ. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഖദീജയുടെ വിവാഹലുക്ക് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഫ്ലോറൽ വസ്ത്രമാണ് ഖദീജ ധരിച്ചത്. മുഖം മറച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഖദീജ, വിവാഹദിനത്തിലും പതിവ് തെറ്റിച്ചില്ല. വിവാഹവസ്ത്രത്തിനിണങ്ങുന്ന മാസ്ക് ധരിച്ചാണ് ഖദീജ മുഖം മറച്ചത്. വസ്ത്രത്തിന്റെ അതേ മെറ്റീരിയൽ ഉപയോഗിച്ചാണ് മാസ്ക് തുന്നിയിരിക്കുന്നത്.
സിംപിൾ മേക്കപ്പും വസ്ത്രത്തിനു യോജിക്കുന്ന ആഭരണങ്ങളും ഹാരവും ഖദീജയ്ക്കു വേറിട്ട ഭംഗി സമ്മാനിച്ചു. കുർത്തിയാണ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് വിവാഹത്തിന് അണിഞ്ഞത്.
ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങൾ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ഇരുവർക്കും ആശംസകൾ അറിയിച്ച് ശ്രേയ ഘോഷാൽ, സിദ് ശ്രീറാം, നീതി മോഹൻ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹനിശ്ചയം. ചടങ്ങിൽ ഖദീജ അണിഞ്ഞ വസ്ത്രവും ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഗായികയെന്ന നിലയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ൽ പുറത്തിറക്കിയ 'ഫരിശ്തോ' എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയതാണ്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്. പലനാടുകളിലൂടെ തീർഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർഥനയാണ് 'ഫരിശ്തോ'.