79ന്റെ നിറവിൽ ഇസൈജ്ഞാനി ഇളയരാജ
Mail This Article
സപ്തസ്വരങ്ങൾ അലിഞ്ഞു ചേർന്ന സംഗീതസാന്ദ്രമായൊരു അനുഭൂതിയാണ് ഇളയരാജ. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇത്ര മനോഹരമായ സംഗീതമുണ്ടെന്ന് കാണിച്ചു തന്ന ഇളയരാജയുടെ പാട്ടുകൾ ഇളംകാറ്റുപോലെയാണ് കാതുകളെ തഴുകി കടന്നുപോകുന്നത്. തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജയ്ക്കിന്ന് 79ാം പിറന്നാൾ.
1943 ജൂൺ 2 ന് രാമസ്വാമിയുടേയും ചിന്നത്തായുടേയും മകനായാണ് ഇളയരാജ ജനിച്ചത്. പതിനാലാം വയസ്സിൽ (അർദ്ധ) ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന പാവലാർ ബ്രദേഴ്സിൽ ഗായകനായാണ് അരങ്ങേറ്റം. ഈ സംഘത്തോടൊപ്പം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്ന് അത്. പ്രമുഖ കവി കണ്ണദാസൻ രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു വേണ്ടി സമർപ്പിച്ചു. 1968ൽ ഇളയരാജ പ്രൊഫസർ ധൻരാജിനു കീഴിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങി. പാശ്ചാത്യസംഗീതത്തിലെ പുതിയ രീതികൾ ഇളയരാജ പരിചയപ്പെട്ടു തുടങ്ങിയത് ധൻരാജിന്റെ ശിക്ഷണത്തിലാണ്.
1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് രാജാ സംഗീതത്തിന്റെ പ്രവാഹമായിരുന്നു. തമിഴ്നാടിന്റെ നാടൻശൈലീസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. ആ ശൈലിയിൽ അഭിരമിച്ച സംഗീതപ്രേമികൾ ഇന്നും ഈ രാജയുടെ സംഗീതത്തിനായി കാത്തിരിക്കുന്നു.
തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി ഏകദേശം 4500 ഓളം ഗാനങ്ങൾക്ക് ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 1993ൽ ക്ലാസ്സിക് ഗിറ്റാറിൽ ഇളയരാജ ലണ്ടനിലെ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ടയിൽ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ബിബിസി തിരഞ്ഞെടുത്ത ഗാനങ്ങളിൽ ദളപതിക്ക് വേണ്ടി ഇളയരാജ ഈണമിട്ട ‘രാക്കമ്മ കയ്യേ തട്ട്’ എന്ന ഗാനവുണ്ടെന്നത് ഇന്ത്യാക്കാർക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണ്.
നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇളയരാജ നാല് തവണ ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നു തവണ മികച്ച സംഗീതസംവിധാനത്തിനും ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു. കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ആറ് തവണയും ഇളയരാജയെ തേടി എത്തിയിട്ടുണ്ട്. 2010ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകിയും ആദരിച്ചു. തെന്നിന്ത്യൻ സംഗീതലോകത്തിന് അനശ്വര ഗാനങ്ങൾ സമ്മാനിച്ച ആ സംഗീതധാര 79ാം വയസിലും അനുസ്യൂതം പ്രവഹിക്കുകയാണ്...