കൊൽക്കത്ത വീണ്ടും കരഞ്ഞു, കെകെയെ ഓർത്ത്! ഗാനാഞ്ജലിയുമായി 200 കലാകാരന്മാർ
Mail This Article
അന്തരിച്ച ഗായകൻ കെകെയ്ക്കു സംഗീതാദരമൊരുക്കി ആരാധകർ. കൊൽക്കത്തയിലെ ഒരുകൂട്ടം കലാകാരന്മാരാണ് പ്രിയ ഗായകനു വേണ്ടി സംഗീതാർച്ചന നടത്തിയത്. 100 ഗായകരും 100 ഗിറ്റാർ കലാകാരന്മാരും കെകെയ്ക്കു വേണ്ടി സംഗീതസമർപ്പണത്തിനായി കൈകോർത്തു.
കൊല്‍ക്കത്ത നഗരത്തിലെ നന്ദൻ തിയറ്റർ ആയിരുന്നു സംഗീതാദര വേദി. കെകെയെ രാജ്യത്തിനു പ്രിയങ്കരനാക്കിയ ‘പൽ’ എന്ന സംഗീത ആൽബത്തിലെ ഗാനങ്ങളാണ് വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. കെകെയുടെ ആരാധകരും സ്നേഹിതരും ഉൾപ്പെടെ നിരവധി പേർ പരിപാടി കാണാൻ എത്തിയിരുന്നു. പലരും നിറകണ്ണുകളോടെയാണ് സംഗീതാർച്ചനയിൽ സന്നിഹിതരായത്.
മേയ് 31നാണ് കെകെ അന്തരിച്ചത്. കൊൽക്കത്തയിലെ വിവേകാനന്ദ കോളജിലെ സംഗീതപരിപാടിക്കു ശേഷം ഹോട്ടൽ മുറിയിലേയ്ക്കു മടങ്ങിയ ഗായകൻ തൊട്ടുപിന്നാലെ മരണത്തിലേയ്ക്കു മറയുകയായിരുന്നു. വിവിധ ഭാഷകളിലായി എഴൂന്നൂറിലധികം ഗാനങ്ങള്‍ ലോകത്തിന് നല്‍കിയാണ് 53ാം വയസ്സിൽ കെകെ വിടവാങ്ങിയത്.