‘ഇവൾ എന്റെ ഒരേയൊരു ഭാര്യ’; ബ്രിട്ട്നിയുടെ പുനർവിവാഹ വേദിയിൽ ആക്രോശിച്ചെത്തി മുൻഭർത്താവ്
Mail This Article
പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ വിവാഹ വേദിയിലേക്ക് അതിക്രമിച്ചുകയറി മുൻ ഭർത്താവ് ജേസൺ അലക്സാണ്ടർ. തെക്കന്‍ കാലിഫോര്‍ണിയയിലെ വേദിയിൽ വച്ച് സാം അസ്ഖാരിയുമായി ബ്രിട്ട്നിയുടെ വിവാഹം നടക്കവേയാണ് ആക്രോശിച്ചുകൊണ്ട് ജേസൺ എത്തിയത്. ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
‘ഇവള്‍ എന്റെ ആദ്യ ഭാര്യ, എന്റെ ഒരോയൊരു ഭാര്യ, ഞാന്‍ അവളുടെ ആദ്യ ഭര്‍ത്താവാണ്. ഈ കല്യാണം ഞാന്‍ നശിപ്പിക്കും’ എന്ന് അലറി വിളിച്ചാണ് ജേസൺ വേദിയിലേക്കെത്തിയത്. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
2004 ലാണ് ജേസണ്‍ അലക്‌സാണ്ടറും ബ്രിട്ട്‌നി സ്പിയേഴ്സും വിവാഹിതരായത്. വെറും 55 മണിക്കൂറിനുള്ളില്‍ ബന്ധം വേര്‍പിരിഞ്ഞു. അതേ വര്‍ഷം തന്നെ ഗായകന്‍ കെവിന്‍ ഫെഡെറലിനെ ബ്രിട്ട്‌നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. 2007 ല്‍ ഇവര്‍ വേർപിരിഞ്ഞു. ദീർഘകാലത്തെ പ്രണയത്തിനു ശേഷമാണ് ഇപ്പോൾ ബ്രിട്ട്നി സ്പിയേഴ്സും സാം അസ്ഖാരിയും വിവാഹിതരായത്.
13 വർഷങ്ങൾ നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ് മോചനം നേടിയത്. ഇക്കാലമത്രയും പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. വലിയ നിയമപോരാട്ടത്തിനു ശേഷമാണ് ബ്രിട്ട്‌നി പിതാവിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രയായത്.