അശ്ലീലമെന്ന് ആരോപണം; ബിടിഎസിന്റെ പ്രൂഫിലെ 2 പാട്ടുകൾക്ക് വിലക്ക്
Mail This Article
ലോകം മുഴുവൻ തരംഗമായ കൊറിയൻ പോപ് സംഗീതസംഘം ബിടിഎസിന്റെ പുതിയ ആൽബം ‘പ്രൂഫി’ലെ 2 പാട്ടുകൾ ദക്ഷിണ കൊറിയയിൽ സംപ്രേഷണം ചെയ്യുന്നതു വിലക്കി. പ്രൂഫിലെ റൺ ബിടിഎസ്, ബോൺ സിങ്ങർ എന്നീ പാട്ടുകളിൽ അശ്ലീലവും മോശം വാക്കുകളും ഉണ്ടെന്നു ചൂണ്ടിക്കാട്ടി സർക്കാർ ചാനലായ കെബിഎസ് ആണ് നിരോധനമേർപ്പെടുത്തിയത്. കൊറിയയിൽ മറ്റു ചാനലുകൾക്കും ഇതു പ്രദർശിപ്പിക്കാനാകില്ല. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ ഇന്നു രാവിലെ ഇന്ത്യൻ സമയം ഒൻപതരയ്ക്കാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആൽബത്തിന്റെ പ്രകാശനം നടന്നത്.
2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബിടിഎസ് ആൽബം പുറത്തുവരുന്നത്. ‘യെറ്റ് ടു കം’ എന്ന പേരിട്ട ലീഡ് ട്രാക്കിനൊപ്പം 2013ൽ ബാൻഡ് അരങ്ങേറിയതു മുതൽ ഇതുവരെയുള്ള സംഗീത കരിയറിലെ മികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉൾപ്പെടെയാണ് ‘പ്രൂഫ്’ ആന്തോളജി. 2020ൽ എത്തിയ ‘ബി’ എന്ന ആൽബത്തിനു ശേഷം ബട്ടർ, പെർമിഷൻ ടു ഡാൻസ് എന്നീ സിംഗിളുകൾ മാത്രമാണ് കോവിഡ് കാലത്തു ബിടിഎസ് ചെയ്തത്.
ബിടിഎസിന്റെ അവസാന ആൽബമാകുമോ ‘പ്രൂഫ്’ എന്ന സംശയവും ആരാധകർക്കുണ്ട്. ബാൻഡിലെ മുതിർന്ന താരം ജിൻ നിർബന്ധിത സൈനിക സേവനത്തിനു പോകേണ്ട സമയപരിധി ഡിസംബറിൽ അവസാനിക്കുകയാണ്. പ്രായപൂർത്തിയായ പുരുഷന്മാർ 28 വയസ്സിനുള്ളിൽ 18 മാസമെങ്കിലും നിർബന്ധിത സൈനിക സേവനം ചെയ്യണമെന്ന നിയമത്തിൽനിന്ന് ചിന്നിന് 2 വർഷം ഇളവു നൽകിയിരുന്നു. ആ കാലാവധി ഡിസംബറിൽ അവസാനിക്കും.
ജിൻ സൈനിക സേവനത്തിനു പോയാൽ ഏഴംഗ ബിടിഎസ് ഇല്ലാതായേക്കാം. ജിനിനു പുറമേ തലവൻ റാപ് മോൺസ്റ്റർ എന്നറിയപ്പെടുന്ന ആർഎം (കിം നംജുൻ), ജിമിൻ, ഷുഗ, ജെഹോപ്, വി, ജംഗൂക് എന്നിവരാണ് ബിടിഎസ് ടീം.