‘മറയില്ലാത്ത മനുഷ്യന്, ഹൃദയത്തിലെ സ്നേഹമൂർത്തി’
Mail This Article
പതിനെട്ടു വർഷമായി ഞങ്ങളൊരുമിച്ച്. എന്റെ കീ ബോർഡിലെ ഓരോ ശ്രുതിയോടുമെന്നപോലെ സ്നേഹതന്ത്രികളിൽ ചേർന്നുനിന്ന താളമായിരുന്നു കരുണാമൂർത്തി. ഓരോ വേദിയിലും ഏറിവന്ന ഹൃദയബന്ധം.
വിവരമറിഞ്ഞു ശിവമണി ബംഗ്ലദേശിൽനിന്നു വിളിച്ചു. ജാസിൽ ശിവയും തകിലിൽ കരുണയും–താളപ്പെരുക്കത്തിൽ ശിവയോടൊപ്പം എത്രയെത്ര വേദികളിലാണു കരുണാമൂർത്തി ഇണങ്ങിച്ചേർന്നത്!
മറയില്ലാത്ത മനുഷ്യനായിരുന്നു മൂർത്തി. ആരോഗ്യം നോക്കണമെന്നു പറഞ്ഞ് പലപ്പോഴും ഞാൻ അദ്ദേഹത്തോടു കലഹിച്ചിരുന്നു. പക്ഷേ, പിന്നീടു വിളിക്കുമ്പോൾ നീരസമില്ല. കലയോടുള്ള അതേ ആത്മാർഥത വ്യക്തിബന്ധത്തിലും നിലനിർത്തി.
മൂർത്തിക്ക് അറിയാത്ത പാട്ട് വേദിയിൽ വായിച്ചാലും കട്ടയ്ക്കു കൂടെ നിൽക്കും. ദുബായിൽ, യൂറോപ്പിൽ, ലോകവേദികളിൽ പലയിടത്തും മൂർത്തിയെന്ന താളത്തിന്റെ പിൻബലം എന്റെ കരുത്തായിരുന്നു.
ഏഴായിരത്തോളം കലാകാരൻമാരുടെ കൂട്ടായ്മയായ കേരള ആർട്ടിസ്റ്റ്സ് ഫ്രറ്റേണിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു കരുണാമൂർത്തി. കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന കലാകാരൻമാർക്കായി ഒട്ടേറെ ഓൺലൈൻ വിരുന്നുകൾ നടത്തി. ബൈലോ തയാറാക്കാൻ ഒന്നിച്ചിരിക്കാൻ ഞങ്ങൾ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നതാണ്. പക്ഷേ, നടന്നില്ല.
ഒരു മാസം മുൻപു ബഹ്റൈൻ മ്യൂസിക് ഫെസ്റ്റിവലിലാണു മൂർത്തിയണ്ണനെ ഒടുവിൽ കണ്ടത്. ‘മോനേ’ എന്നു വിളിച്ച് സ്നേഹതാളം പകരാൻ ഇനി ആ സ്നേഹമൂർത്തിയില്ല. മുംബൈയിൽനിന്നു പറന്നെത്തുമ്പോൾ കാണാൻ താളം നിലച്ച ആ നിശ്ചലദേഹം മാത്രം.