സർഗ വൈവിധ്യങ്ങളുടെ നായകൻ: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
Mail This Article
കവിതയും സാഹിത്യവും സംഗീതവും വാദ്യവും താളപ്പെരുക്കങ്ങളും പത്രപ്രവർത്തനവും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ഒരേ പോലെ വഴങ്ങി. അനായാസമായ അഭിനയ രീതികളും ചിത്രം വരച്ചിട്ടതു പോലുള്ള പ്രഭാഷണ ശൈലിയും നർമത്തിന്റെ മേമ്പൊടിയും അദ്ദേഹത്തെ മറ്റാരിൽ നിന്നും വ്യത്യസ്തനാക്കി. എന്നും മഹാന്മാർക്കൊപ്പം പ്രവർത്തിക്കുക, എന്തും മഹാന്മാരോടൊപ്പം തുടങ്ങുക എന്നത് ചൊവ്വല്ലൂരിന്റെ ജാതക വിശേഷമാണ്.
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും പണ്ഡിതനുമായ ജോസഫ് മുണ്ടശേരിയാണ് പത്ര പ്രവർത്തനത്തിൽ ചൊവ്വല്ലൂരിന്റെ ഗുരു. തനത് നാടകത്തിന്റെയും നാടൻ കലകളുടെയും ആചാര്യൻ കാവാലം നാരയണപ്പണിക്കരുടെ നിർദേശ പ്രകാരം ചൊവ്വല്ലൂർ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പോടെ നാടൻ കലകളെക്കുറിച്ച് പഠന ഗവേഷണം നടത്തി. സാഹിത്യത്തിൽ എംടിയും കവിതയിൽ അക്കിത്തവും ഒളപ്പമണ്ണയും നർമത്തിൽ വികെഎന്നും സംഗീത രംഗത്ത് ദക്ഷിണാമൂർത്തി സ്വാമിയും നാടകാഭിനയത്തിൽ പ്രേംജിയും നാടക രചനയിൽ ചെറുകാടും എംആർബിയുമാണ് ഗുരുക്കന്മാർ.
സിനിമാ ഗാനരംഗത്ത് ആദ്യം കൈവച്ചത് രാമു കാര്യാട്ടിനും ശോഭന പരമേശ്വരൻ നായർക്കും ഒപ്പം സലിൽ ചൗധരി ഈണമിട്ട ഗാനം എഴുതിയായിരുന്നു. ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളുമായി മൂവായിരത്തോളം ഗാനങ്ങൾ ആ തൂലികയിൽ നിന്ന് പിറന്നു. ദക്ഷിണാമൂർത്തിയും കെ.രാഘവനും മുതൽ ജെറി അമൽദേവും ബേണി ഇഗ്നേഷ്യസും വരെ ആ വരികൾക്ക് ഈണമിട്ടു.