മനസ്സിലെന്നും ഗുരുവായൂരപ്പൻ!
Mail This Article
പല നിലകളിൽ പ്രഗത്ഭനാണ് എങ്കിലും ഗുരുവായൂരപ്പന്റെ കഴകക്കാരൻ എന്ന് അറിയപ്പെടുന്നതാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ഏറെ താൽപര്യം. മനോരമയിൽ ജോലി ചെയ്യുമ്പോഴും ആഴ്ചയിൽ ഒരിക്കൽ ഗുരുവായൂരപ്പനെ തൊഴുത് ശീവേലിക്ക് വിളക്കു പിടിക്കുക എന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. പാരമ്പര്യമായി ഗുരുവായൂരപ്പന്റെ കഴകക്കാരനാണ് ചൊവ്വല്ലൂർ വാരിയം. ഉത്സവത്തിന്റെ ആനയോട്ടത്തിൽ വിജയിച്ച് ആദ്യം ഓടിയെത്തി ഗോപുരം കടക്കുന്ന ആനയെ നിറപറ ചൊരിഞ്ഞ് സ്വീകരിക്കാനുള്ള അവകാശം ചൊവ്വല്ലൂർ വാരിയത്തിനാണ്. കുടുംബ കാരണവരായി ഏറെക്കാലം ചൊവ്വല്ലൂർ ഈ ചുമതല നിർവഹിച്ചു.
ജനിച്ച കാലം മുതൽ ഗുരുവായൂർ ക്ഷേത്രവുമായുള്ള ബന്ധമാകാം, കണ്ണൻ അദ്ദേഹത്തിന് കളിക്കൂട്ടുകാരനായിരുന്നു. എത്ര കണ്ടാലും മതി വരാത്ത അടുപ്പം. ചിലപ്പോൾ പിണക്കം, പരിഭവം. എന്നോട് എന്തിനിതു ചെയ്തു എന്ന ചോദ്യം. കൃഷ്ണാർപണമായിരുന്നു ആ ജീവിതം. എല്ലാം തന്നത് ഗുരുവായൂരപ്പനാണെന്ന് അദ്ദേഹം വിശ്വസിച്ചു. ‘കണ്ണൻ പറഞ്ഞു തരുന്നു, ഞാൻ പകർത്തിയെഴുതുന്നു’, എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.