ADVERTISEMENT

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഞാനും എൻ കുടുംബവും  എന്തുള്ളൂ...

ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ

എന്തുള്ളു യോഗ്യത നിൻമുൻപിൽ...

 

വെയിൽ വാടിവീണ പാടവരമ്പുകളോടു ചേർന്നുനിന്ന്, സംഘം ചേർന്നു പാടുകയാണ് ഞാറയ്ക്കൽ സെന്റ് മേരീസ് ക്വയറിലെ ഗായകർ. സന്ധ്യാപ്രാർഥനാസമയങ്ങളിൽ ദേവാലയങ്ങളിൽനിന്നുയരുന്ന സ്തുതിഗാനാലാപം പോലെ അത് ആസ്വാദകഹൃദയങ്ങളെ കീഴ്പ്പെടുത്തുന്നു. എത്രയോ പരിചിതമായൊരു ഗാനം അതിനു മാത്രമാകുന്നൊരു ശാന്തതയോടെ സംഗീതമായും സാന്ത്വനമായും നമ്മുടെയുള്ളിൽ നിറയുന്നൊരു ദിവ്യാനുഭൂതി. മോഹൻ കാഞ്ഞിരമണ്ണിലിന്റേതാണ് വരികളും സംഗീതവും. മനോരമ മ്യൂസിക് പുറത്തിറക്കിയ ആത്മീയഗാനങ്ങളുടെ പുതിയ ശേഖരത്തിൽ മുൻനിരയിൽതന്നെയുണ്ട് ഈ ഗാനം. ആന്റണി പോൾ, സന്തോഷ് ഞാറയ്ക്കൽ, ബിബിൻ ബാബു, തെരേസ ജോർജ്, ആതിര രാജു, മിഷിമ ജീമോൻ, ജോഹന്ന ജോമോൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടോണിയുടെ മനോഹരമായ കീബോർഡ് വായനയും ജീവന്റെ ഗിറ്റാർസംഗീതവും ഗാനപശ്ചാത്തലത്തെ സമ്പന്നമാക്കുന്നു. 

 

‘ഏഴുവിളക്കിൻ നടുവിൽ.. ശോഭ പൂർണനായ്’ എന്നു തുടങ്ങുന്ന അടുത്ത ഗാനവും അതിമനോഹരമായ ആലാപനത്തിന്റെ മറ്റൊരുദാഹരണമാണ്. ‘ആദ്യനും അന്ത്യനും നീ മാത്രമേശുവേ.. സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ...’ എന്ന പല്ലവിയുടെ പതിഞ്ഞ താളത്തിനൊത്ത് പാട്ടുമൂളിപ്പോകുന്നു ചുറ്റുമുള്ള കായൽപ്പരപ്പും കാറ്റിന്റെ അലകൾ പോലും. യേശുവിൻ നാമം എന്ന ആൽബത്തിലെ ഈ ഗാനവും ആലപിച്ചിരിക്കുന്നത് ഞാറയ്ക്കൽ സെന്റ് മേരീസ് ക്വയറിലെ ഗായകർ തന്നെ. ഹെലിക്യാമിൽ പകർത്തിയെടുത്ത നെടുങ്ങാടിന്റെ കായൽക്കാഴ്ചകൾ ഗാനത്തിനു പശ്ചാത്തലമികവു പകരുന്നു. 

 

യേശുവേ എൻ നാഥനേ എന്ന ആൽബത്തിലേതാണ് അടുത്ത ഗാനം. 

‘എന്നേശു അല്ലാതില്ലെനിക്ക് ഒരാശ്രയം ഭൂവിൽ

നിൻ മാർവിൽ അല്ലാതില്ലെനിക്ക് വിശ്രാമം വേറെ..’

ഒരേ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഗാനങ്ങളായിരുന്നിട്ടും ഒന്നിനൊന്നു വ്യത്യസ്തമായ സംഗീതാനുഭൂതിയാണ് ഓരോ ഗാനവും പകരുന്നത്. മിതത്വമുള്ള ഓർക്കസ്ട്രേഷനും സ്വരഭംഗിയിൽ ഇഴയടുപ്പമുള്ള ഗായകരുടെ കെമിസ്ട്രിയും ഗാനങ്ങൾക്കു കൂടുതൽ മിഴിവു നൽകുന്നു. 

 

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു...

അമ്മയേകിടും സ്നേഹത്തേക്കാൾ

ലോകം നൽകിടും സ്നേഹത്തേക്കാൾ...’

 

എത്ര കേട്ടാലും മതിവരാത്ത, ഓരോ കേൾവിയിലും സ്വയംപുതുക്കലിന്റെയും ആത്മവിശുദ്ധീകരിക്കലിന്റെയും ക്ഷണമൊരുക്കുന്ന ഈ ഗാനം വീണ്ടും ആസ്വാദകരിലേക്ക് എത്തിക്കുകയാണ് മനോരമ മ്യൂസിക്. സാമുവൻ വിൽസന്റെ ഈ വരികളും സംഗീതവും മലയാളികൾക്ക് അത്രമേൽ പരിചിതം. കളമശ്ശേരി സെന്റ് തോമസ് മർത്തോമ്മാ പള്ളിയിലെ ഗായകസംഘമാണ് പാട്ട് പുനരവതരിപ്പിക്കുന്നത്. ഡെറിൻ തോമസിന്റെ നേതൃത്വത്തിൽ വർഗീസ് ജോസഫ്, നിതിൻ ജോസഫ്, സെറീൻ മറിയം, ലിയ റേച്ചൽ, ക്രിസ്റ്റി ആൻ മാത്യൂസ്, ജാൻ മേരി വർഗീസ് എന്നിവർ ചേർന്നാണ് ഗാനം ആലപിക്കുന്നത്. റെക്സ് വിജയന്റേതാണ് ഓർക്കസ്ട്രേഷൻ. ദേവാലയങ്ങളുടെ നിശ്ശബ്ദതയിൽനിന്നെന്നപോലെ ഒഴുകിയെത്തുന്ന ഈ ഗാനങ്ങളുടെ മാസ്മരികതയിൽ ഒരു വിശ്വാസിയുടെയും മനസ്സ് ആർദ്രമാകാതിരിക്കില്ല. ഒരു സംഗീതാസ്വാദകന്റെയും മനസിൽ സിംഫണിയുയരാതിരിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com