ADVERTISEMENT

ഗായിക ധീ, റാപ്പർ അറിവ് എന്നിവർ ചേർന്നാലപിച്ച തമിഴ് ഗാനം എൻജോയ് എൻജാമിയെച്ചൊല്ലി വിവാദം. പാട്ടിന്റെ അവകാശം സംബന്ധിച്ചാണ് ചർച്ചകൾ സജീവമായത്. ചെസ് ഒളിംപ്യാഡിൽ ധീ എൻജോയ് എൻജാമി ആലപിച്ചിരുന്നു. ഇതിൽ സംഗീതസംവിധായകന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരാണ് ഉൾപ്പെടുത്തിയത്. അറിവിന്റെ പേര് പരാമർശിക്കാതിരുന്നത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിതുറന്നു. പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി അറിവ് രംഗത്തെത്തി. മുൻപും എൻജോയ് എൻജാമിയെച്ചൊല്ലി വിവാദങ്ങൾ ഉണ്ടായെങ്കിലും ആദ്യമായാണ് ഇക്കാര്യത്തിൽ അറിവിന്റെ പ്രതികരണം പുറത്തുവരുന്നത്. 

 

‘എൻജോയ് എൻജാമിക്ക് വരികള്‍ കുറിച്ച്, സംഗീതം നൽകി, ആലപിച്ചത് ഞാനാണ്. പാട്ടിനുവേണ്ടി ഒരു ഈണമോ വാക്കോ പോലും ആരും തന്നിട്ടില്ല. ആറുമാസം നീണ്ട ഉറക്കമില്ലാത്ത, സമ്മർദ്ദം നിറഞ്ഞ രാപകലുകളാണ് പാട്ടിനുവേണ്ടി ഞാൻ ചിലവാക്കിയത്. ഇതൊരും ടീം വർക്ക് ആണെന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ വള്ളിയമ്മാളിന്റേയും ഭൂമിയില്ലാത്ത തേയിലത്തോട്ടത്തിലെ അടിമകളായ എന്റെ പൂർവികരുടേയും ചിരിത്രമല്ല ഇതെന്ന് അർഥമാക്കരുത്. എന്റെ എല്ലാ പാട്ടുകളിലും തലമുറ‍കൾ അനുഭവിച്ച അടിച്ചമർത്തലിന്റെ മുറിപ്പാടുകൾ ഉണ്ടാകും, ഇതുപോലെതന്നെ. 

 

ഈ നാട്ടിൽ പതിനായിരക്കണക്കിന് നാടൻപാട്ടുകളുണ്ടാകും. അവയെല്ലാം പൂർവികരുടെ ശ്വാസവും അവരുടെ വേദനയും ജീവിതവും സ്നേഹവും അവരുടെ പ്രതിരോധവും നിലനിൽപ്പുമെല്ലാം വഹിക്കുന്നതാണ്. മനോഹരമായ ഗാനങ്ങളിലൂടെയാണ് ഇതൊക്കെ ചർച്ചയാകുന്നത്. തലമുറകളോളമുള്ള രക്തവും വിയർപ്പുമാണ് കലയെ സ്വതന്ത്രമാക്കിയ ഗാനങ്ങളായത്. ആ ഗാനങ്ങളിലൂടെ ഈ പാരമ്പര്യമാണ് ഞങ്ങൾ കൊണ്ടുനടക്കുന്നത്. നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ ആർക്കുവേണമെങ്കിലും നിങ്ങളുടെ നിധി തട്ടിയെടുക്കാം. ഉണർന്നിരിക്കുമ്പോൾ അത് സാധിക്കില്ല. അവസാനം സത്യം മാത്രമേ വിജയിക്കൂ’, അറിവ് കുറിച്ചു. 

 

അറിവിന്റെ കുറിപ്പ് ചര്‍ച്ചയായതോടെ വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് നാരായണനും രംഗത്തെത്തി. പൂർവ വേരുകളെ പുകഴ്ത്തുകയും പ്രകൃതിയെ ആഘോഷിക്കുകയും ചെയ്യുന്ന ഗാനമെന്ന ആശയവുമായി 2020ൽ മകൾ ധീ ആണ് തന്നെ സമീപിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. തുടർന്ന് താൻ സംഗീതം നൽകി റെക്കോർഡ് ചെയ്ത് ഒപ്പം പാടിയെന്ന് അദ്ദേഹം പറഞ്ഞു. ചെസ് ഒളിംപ്യാഡിൽ എൻജോയ് എന്‍ജാമി അവതരിപ്പിക്കാൻ അവസരമുണ്ടായപ്പോൾ അറിവ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും സന്തോഷ് നാരായണൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com