ADVERTISEMENT

തരംഗമായ എൻജോയ് എൻജാമി പാട്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ചെസ്സ് ഒളിംപ്യാഡിലെ സ്റ്റേജ് പ്രകടനത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് റാപ്പർ അറിവ് സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളും അതിന് സംഗീതജ്ഞൻ സന്തോഷ് നാരായണന്‍ നൽകിയ മറുപടിയും ഏറെ ചർച്ചയായതാണ്. പാട്ടിന്റെ അവകാശത്തെച്ചൊല്ലിയുണ്ടായ വിവാദം ഇപ്പോഴും തുടരുന്നു. ഇതിനിടെ സംഭവത്തെക്കുറിച്ചു പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഗായിക ധീ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് ധീ തന്റെ നിലപാട് വ്യക്തമാക്കിയത്. 

 

‘എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയുമിരിക്കുന്നുവെന്നു വിശ്വസിക്കുന്നു. എന്റെ സംഗീതജീവിതത്തിലുടനീളം നിങ്ങൾ നൽകുന്ന നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. അളവറ്റ സന്തോഷമാണ് നിങ്ങളെനിക്കു നൽകിക്കൊണ്ടിരിക്കുന്നത്. ഓരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ എൻജോയ് എൻജാമി പാട്ടിനെക്കുറിച്ചു നിങ്ങളോടു സംസാരിക്കാനാണ് ഞാൻ വന്നത്. 

 

നമ്മൾ ഓരോരുത്തരെ തമ്മിലും നമുക്ക് ചുറ്റുമുള്ള ജീവിതത്തോടും കൂടുതൽ അടുപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻജോയ് എൻജാമി എന്ന ഗാനം നിങ്ങളിലേക്ക് എത്തിച്ചത്. പരസ്പരം അംഗീകരിക്കുകയും ആഘോഷിക്കുകയും താങ്ങാവുകയുമൊക്കെയായിരുന്നു അതിന്റെ ലക്ഷ്യം. ആ പാട്ടിന്റെ ആത്മാവ് പ്രകൃതിയോട് ഇണങ്ങി പഞ്ചഭൂതങ്ങളെ ആരാധിച്ചു ജീവിച്ച പ്രാചീന കാല തമിഴ് ജനതയായിരുന്നു. അവർ ജാതി, മതം തുടങ്ങിയ മനുഷ്യ നിർമിത ദുരന്തങ്ങൾക്കു പുറത്തായിരുന്നു. അവർ നമ്മുടെ വേരുകളായിരുന്നു. ആ കാലത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലും മടങ്ങിപോക്കും ഒക്കെ ആയിരുന്നു ആ പാട്ട്. ഈ ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ലെന്നും എല്ലാ ജീവ ജാലങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടുത്തരവാദിത്തമാണെന്നും പാട്ട് പറയുന്നു. ഈ ഗാനം നമ്മുടെ വേരുകള്‍ തേടാനും അവയെ ഉള്‍ക്കൊള്ളാനും നമ്മെ നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌നേഹം, പ്രയാസങ്ങള്‍, ദുഃഖം, മുറിവുകള്‍, ഭയം, അഹംഭാവം എന്നിവയിലൂടെ നാം ഓര്‍ക്കുന്നത് പുരാതന വിത്തിന്റെ മധുരമുള്ള ഫലങ്ങളാണെന്ന്. നമ്മള്‍ ഒരേ ഉറവിടത്തില്‍ നിന്നാണ് വരുന്നത്.

 

എന്റെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറയുന്നതും ചെയ്യുന്നതും പങ്കുവയ്ക്കുന്നതുമെല്ലാം പൂർണമായും എന്റെ നിയന്ത്രണത്തിൽ മാത്രം വരുന്ന കാര്യങ്ങളാണ്. കൂടാതെ എഴുത്തുകാരനും ഗായകനുമായ അറിവും നിര്‍മ്മാതാവും സംവിധായകനുമായ സന്തോഷ് നാരായണന്നും പാട്ടിന്റെ ക്രെഡിറ്റ് നൽകുന്നുവെന്ന് ഞാൻ ഉറപ്പ് വരുത്തിയിട്ടുണ്ട്. എനിക്ക് ലഭിച്ച അവസരങ്ങളിലെല്ലാം ഞാന്‍ അവരെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അറിവിനെ കുറിച്ച്. 'എന്‍ജോയ് എന്‍ജാമിയിലെ' ഇരുവരുടെയും പ്രാധാന്യം ഞാന്‍ ഒരു ഘട്ടത്തിലും കുറയ്ക്കുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരുടെ ജോലിയെ പ്രാധാന്യത്തോടെ എടുത്തുകാണിക്കാൻ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു, ശ്രമിച്ചിട്ടുള്ളു. ഓരോ ഘട്ടത്തിലും ഞാന്‍ അത് ചെയ്യുന്നു. ബാഹ്യ സ്രോതസ്സുകള്‍ ഞങ്ങളുടെ ഗാനം പങ്കിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്റെ നിയന്ത്രണത്തിൽ വരുന്ന കാര്യമല്ല. ഈ ഗാനത്തിന്റെ നിര്‍മാണത്തില്‍ സംവിധായകന്‍ മണികണ്ഠന്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'കടൈസി വ്യവസായി' എന്ന സിനിമയാണ് എന്‍ജോയ് എന്‍ജാമിയുടെ പിന്നിലെ പ്രേരകശക്തി, എപ്പോഴും ഞാൻ ഇക്കാര്യം അംഗീകരിച്ചിട്ടുമുണ്ട്. 

 

എന്‍ജോയ് എന്‍ജാമിയുടെ ഗാനരചന, സംഘാംഗങ്ങൾക്കിടയിൽ വളരെയധികം ചര്‍ച്ച ചെയ്തിരുന്നു. വിഡിയോയിലെ വള്ളിയമ്മാള്‍ പാട്ടിയുടെ സാന്നിധ്യം നമ്മളെല്ലാവരും ഒരേ വേരുകളുള്ളവരാണെന്ന് സൂചിപ്പിക്കാനുള്ള ആദരവായിരുന്നു. ഞങ്ങളുടെ പാട്ടിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന അർഥങ്ങളും വിവരണങ്ങളും റിലീസിനു ശേഷമുള്ള അറിവിന്റെ അഭിമുഖങ്ങളിലൂടെയാണ് ‌ഞാന്‍ മനസ്സിലാക്കിയത്. അറിവിന്റെ ശബ്ദം ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കണമെന്നു മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. അറിവിന് പറയാനുള്ളത് പ്രധാനപ്പെട്ടതാണെന്നും അത് എല്ലാവരും കേള്‍ക്കേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും ഞങ്ങള്‍ മൂന്നുപേരും തുല്യമായി പങ്കിടുന്നു. അറിവിനും സന്തോഷ് നാരായണനുമൊപ്പം എന്‍ജോയ് എന്‍ജാമിയുടെ എല്ലാ വിജയങ്ങളും ആഘോഷിക്കാന്‍ മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. ഏതെങ്കിലും തരത്തിലുള്ള അസമത്വത്തെ അംഗീകരിക്കുകയോ, ഒരു അവസരം അന്യായമായി നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍, ഞാന്‍ അതിന്റെ ഭാഗമാകില്ല.

 

കഴിഞ്ഞ വര്‍ഷത്തെ 'റോളിങ് സ്റ്റോണ്‍ ഇന്ത്യ' കവര്‍ ഷാന്റെയും എന്റെയും വരാനിരിക്കുന്ന വ്യക്തിഗത ആല്‍ബങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതാണ് കവറില്‍ ഒരുമിച്ച് വരാനുള്ള പ്രധാന കാരണം. അത് എന്‍ജോയ് എന്‍ജാമിയെക്കുറിച്ചോ 'നീയെ ഒളിയെ'ക്കുറിച്ചോ ആയിരുന്നില്ല. ഞങ്ങള്‍ പങ്കുവച്ച കവറില്‍ പാട്ടിന്റെ പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ല. ആ പ്രത്യേക കവര്‍ സ്റ്റോറി ഞങ്ങളുടെ വരാനിരിക്കുന്ന ആല്‍ബങ്ങളെയും ഒരു പ്ലാറ്റ്‌ഫോമായ മാജയെയും കുറിച്ചായിരുന്നു. അറിവ്, സന്തോഷ് നാരായണന്‍ തുടങ്ങി എല്ലാ മാജാ കലാകാരന്മാരെയും കുറിച്ചുള്ള കവര്‍ സ്റ്റോറികളും ലേഖനങ്ങളും റോളിങ് സ്റ്റോണ്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഒരു റോളൗട്ട് പ്ലാന്‍ ഉണ്ടെന്നാണ് എന്നോടു പറഞ്ഞത്. ഇത് ഞങ്ങളുടെ കവര്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് റോളിങ് സ്റ്റോണ്‍ ഒരു ട്വീറ്റിലൂടെ പ്രഖ്യാപിച്ചു, അത് കണ്ടതില്‍ എനിക്ക് സന്തോഷവുമുണ്ട്. സ്പോട്ടിഫൈ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലെ എന്‍ജോയ് എന്‍ജാമി ഡിജെ സ്നേക്ക് റീമിക്സില്‍ അറിവിന് ക്രെഡിറ്റ്‌ നൽകിയിട്ടുണ്ട്.സന്തോഷ് നാരായണനും അറിവിനും എനിക്കുമൊന്നും അതിന്റെ പിന്നിലെ മാര്‍ക്കറ്റിങ്ങില്‍ നിയന്ത്രണമില്ല.

 

ഇനി ചെസ്സ് ഒളിംപ്യാഡ് വേദിയിലെ പ്രകടനത്തെക്കുറിച്ചു പറയാം, പരിപാടിയുടെ സംഘാടകര്‍ എന്നെയും അറിവിനെയും സമീപിച്ചിരുന്നു. പക്ഷേ അറിവ് യുഎസില്‍ ആയിരുന്നതു കൊണ്ട് പാട്ടിൽ ഞങ്ങള്‍ അദ്ദേഹത്തിന്റെ വോയ്സ് ട്രാക്ക് പ്ലേ ചെയ്തു. അറിവിന്റെ വാക്കുകളെ കുറിച്ചും എന്‍ജോയ് എന്‍ജാമിയിലെ അറിവിന്റെ പ്രകടനത്തെക്കുറിച്ചും പരിപാടിയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെയൊക്കെ പലരും പല തരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളില്‍ ഈ സംഭാഷണങ്ങള്‍ക്കുള്ള പ്രസക്തിയും വിപ്ലവങ്ങളിലെ അതിന്റെ പങ്കും ഞാന്‍ മനസ്സിലാക്കുന്നു. മാധ്യമങ്ങള്‍ക്കൊപ്പമോ അല്ലാതെയോ പരസ്യമായോ രഹസ്യമായോ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും പക്ഷപാതരഹിതമായ ഒരാളോടൊപ്പം സംവാദം നടത്താന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്.

 

പാട്ട് ഇത്രയും വലിയ വിജയമാക്കിയതിന് നിങ്ങളോടും സന്തോഷ് നാരായണന്‍, അറിവ്, മാജ, മറ്റു സംഘാഗങ്ങൾ എന്നിവരോട് ഞാൻ അങ്ങേയറ്റം നന്ദി പറയുന്നു. എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്ന പാട്ടിന്റെ ഉദ്ദേശ്യം എല്ലായ്പ്പോഴും അങ്ങനെ തന്നെ തുടരാന്‍ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ഭൂമിയോടും ജീവനോടും വേരുകളോടും മനുഷ്യരോടും എല്ലാ കലാകാരന്മാരോടും സുഹൃത്തുക്കളോടുമുള്ള സ്‌നേഹത്തിലും ബഹുമാനത്തിലും നിന്നാണ് എന്‍ജോയ് എന്‍ജാമി പിറന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് എന്നും അങ്ങനെ തന്നെ തുടരുകയും ചെയ്യും. സത്യം എക്കാലവും ജയിക്കും’, ധീ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com