‘ദേവദൂത’ ഗായിക സന്തോഷത്തിലാണ്!
Mail This Article
37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം സിനിമയിലെ 3 ഗാനങ്ങളും പാടിയത് "ലതിക ടീച്ചറാണ് ".
ഒ.എൻ.വി.കുറുപ്പെഴുതി ഔസേപ്പച്ചൻ സംഗീതമേകിയ ഈ ഗാനം മറ്റൊരു സിനിമയിലൂടെയാണ് വീണ്ടും ആസ്വാദകരുടെ ഇഷ്ടഗാനമായി മാറിയത്. അടുത്തിടെ പുറത്തിറങ്ങിയ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത, "ന്നാ താൻ കേസ് കൊട് " എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് "ദേവദൂതർ പാടി" എന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന കുഞ്ചാക്കോ ബോബന്റെ വിഡിയോ ഇതിനകം ഓൺലൈനിൽ തരംഗമായതാണ് ഗാനത്തിനു പുനർജനി നൽകിയത്. 2 കോടിയിലധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. ബിജുനാരായണനാണ് ഇത്തവണ ഈ പാട്ടു പാടിയത്.
പാട്ട് വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ടെന്നു പറയുന്ന ലതിക സംവിധായകൻ ഭരതൻ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകരെ പലരും വിസ്മരിക്കുന്നതിൽ ദുഃഖിതയുമാണ്.
രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ പല സംഗീത സംവിധായകരുടെയും ആദ്യഗാനങ്ങൾ മലയാളികൾ കേട്ടത് ഈ അനുഗൃഹീത ഗായികയുടെ നാവിൻത്തുമ്പിലൂടെയാണ്. "താരും തളിരും മിഴി പൂട്ടി", പുലരേ പൂങ്കോടിയിൽ", "മകളെ പാതി മലരേ" തുടങ്ങിയ പാട്ടുകൾ ഏറെ ഹിറ്റായി. ഭരതന്റെ തന്നെ "ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം" എന്ന സിനിമയിലെ "കൺമണിയെ ആരിരാരോ " എന്ന താരാട്ടുപാട്ടും ശ്രദ്ധേയമായി. "വന്ദനം" " ചിത്രം", "താളവട്ടം" എന്നീ സിനിമകളിലെ "ലലലാ ലാലാ" തുടങ്ങിയ ഹമ്മിങ്ങിന് നൂറു പാട്ടുകളേക്കാൾ ആകർഷണീയതയുണ്ടായിരുന്നു.
അഞ്ചാംവയസു മുതൽ ഗാനമേള വേദികളിൽ പാടി തുടങ്ങിയതാണ് ലതിക. മങ്ങാട് നടേശൻ ആയിരുന്നു ഗുരു. പി.ബി. ശ്രീനിവാസ്, യേശുദാസ്, പി.ജയചന്ദ്രൻ, മലേഷ്യ വാസുദേവൻ എന്നിവരോടൊത്ത് ഒട്ടേറെ വേദികൾ പങ്കിട്ടു. ചെന്നൈ സംഗീത അക്കാദമിയിൽ നിന്നു ഒന്നാം റാങ്കോടെ സംഗീത വിദ്വാൻ ജയിച്ച ശേഷം 1989ൽ പാലക്കാട് സംഗീത കോളജിൽ അധ്യാപികയായി. തിരുവനന്തപുരം സ്വാതി തിരുനാൾ കോളജിൽ നിന്നാണ് കൊല്ലം കടപ്പാക്കട സ്വദേശിനിയായ ലതിക വിരമിച്ചത്. 1976ൽ ഇറങ്ങിയ "അഭിനന്ദനം" എന്ന സിനിമയിലെ "പുഷ്പതൽപത്തിൽ നീ വീണുറങ്ങി" എന്ന കണ്ണൂർ രാജൻ ചിട്ടപ്പെടുത്തിയ പാട്ട് യേശുദാസിനൊപ്പം പാടിയായിരുന്നു സിനിമയിൽ അരങ്ങേറ്റം.
എന്നാൽ, പല പാട്ടുകളും ചിത്രയോ, വാണിജയറാമോ പാടിയതാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന വിഷമം പലപ്പോഴും ആസ്വാദകരുമായി പങ്കുവച്ചിട്ടുണ്ട് ലതിക. "കാതോടു കാതോരം ലതിക" എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ആ ഗാനം പോലും പലപ്പോഴും അറിയപ്പെട്ടത് ചിത്രയുടെ പേരിലാണ്. വിദേശരാജ്യങ്ങളിൽ വച്ച് ഈ പാട്ടു പാടാൻ പലരും ചിത്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. "ഞാൻ പാടിയതല്ല സുഹൃത്ത് ലതികയുടേതാണെ"ന്ന മുഖവുരയോടെ ചില സ്ഥലങ്ങളിൽ അവർ പല്ലവിയെങ്കിലും പാടിയിട്ടുമുണ്ട്. ജാനകിയെ അനുകരിക്കുന്ന ഗായിക എന്ന ആക്ഷേപവും ആദ്യകാലത്ത് ചിലർ ഉന്നയിച്ചു. സംഗീതത്തെക്കുറിച്ച് ധാരണയില്ലാത്തവർ എന്ന മറുപടിയാണ് ഇതിനു ലതിക നൽകിയത്.