ADVERTISEMENT

അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, അവതാരകൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ പ്രിയഗായകൻ കൃഷ്ണചന്ദ്രൻ ഓണത്തെ ഇങ്ങനെ ഓർത്തെടുക്കുന്നു...

 

നിലമ്പൂരിലാണ് പഠിച്ചതും വളർന്നതുമെല്ലാം. കുട്ടിക്കാലത്തു സംഗീതം പഠിപ്പിച്ചിരുന്നതു ഗോവിന്ദപിഷാരടി മാഷായിരുന്നു. സംഗീതപഠനവുമായി ബന്ധപ്പെട്ട രസകരമായ ഒരനുഭവം ഓർമ വരുന്നു. ‘ആഹിരി’ രാഗം പാടിയാൽ ഭക്ഷണം കിട്ടില്ല എന്നു ചിലർ പറയാറുണ്ട്. അതൊന്നു പരീക്ഷിച്ചുനോക്കണമെന്ന തമാശ തോന്നി. ‘ആഹിരി... ആഹിരി’ എന്നു കുറെ തവണ ആവർത്തിച്ചു പറഞ്ഞു. ഓണത്തിന്റെ സമയമായിരുന്നു. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. ഒളിച്ചുകളിക്കുമ്പോൾ വീട്ടിലെ പഴയ സാധനങ്ങളൊക്കെ കൂട്ടിയിടുന്ന ‘പൂട്ടറ’യിൽ ഒളിച്ചു. ആരുമങ്ങനെ ഉപയോഗിക്കാത്ത മുറിയാണ്. ആരോ അറിയാതെ അതു പുറത്തുനിന്ന് അടച്ചു. ഒരുപാടു നേരം കഴിഞ്ഞിട്ടാണ് കാണാതെ അന്വേഷിച്ചു നടന്നവർ പലേടത്തും തേടിനടന്ന്, ഒടുവിൽ ഈ മുറിയിലാണു ഞാനെന്നു കണ്ടുപിടിച്ചു വാതിൽ തുറന്നുതന്നത്. അപ്പോഴേക്കും നേരം ഒരുപാടായിരുന്നു. എന്തായാലും അന്നത്തെ ഊണ് നഷ്ടപ്പെട്ടു.

 

അതുപോലെ, മറ്റൊരു അനുഭവവും ഉണ്ട്. അതും ഒരു ഓണക്കാലമായിരുന്നു. ഞാൻ കോഴിക്കോട് ആകാശവാണിയുടെ ആർട്ടിസ്റ്റ് ആണെങ്കിലും ഒരു ഓണാഘോഷത്തിന്റെ അതിഥിഗായകനായി തിരുവനന്തപുരം നിലയത്തിൽ നിന്നു ക്ഷണം ലഭിച്ചു. ക്ഷണിക്കപ്പെട്ട സഹൃദയസദസ്സിനു മുന്നിൽ പാടുന്നതിനായി പഠിച്ച ആ പാട്ട് ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. ‘ബ്രഹ്മകമലദളയുഗങ്ങളിലുണരും...’ എന്നു തുടങ്ങുന്ന പാട്ട്. മഹാദേവൻതമ്പിയെഴുതി എം.ജി.രാധാകൃഷ്ണൻ ചേട്ടൻ ഈണമിട്ട മനോഹര ഗാനമായിരുന്നു. കല്യാണി രാഗത്തിലാണ് അതു ചിട്ടപ്പെടുത്തിയിരുന്നത്. അതിനുവേണ്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അപ്പോഴാണ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു നിര്യാതനായി എന്ന വാർത്ത വന്നത്. അതുകൊണ്ട് അന്ന് ആ സ്റ്റേജ്‌ഷോ നടന്നില്ല. ഒരുപാട് ഇഷ്ടത്തോടെ പാടാൻ തയാറെടുത്തതായിരുന്നു എങ്കിലും, ആ പാട്ട് അവിടെ ആ സമയത്ത് അവതരിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഉള്ളിൽ നിറഞ്ഞുനിന്നെങ്കിലും, പിന്നീട് ആകാശവാണിയിലൂടെ പുറത്തുവന്ന ആ പാട്ട് പല മത്സരങ്ങളിലും കുട്ടികൾ പാടാനായി തിരഞ്ഞെടുത്ത് സമ്മാനങ്ങൾ വാങ്ങുന്നതു കണ്ടപ്പോൾ സന്തോഷവും തോന്നി.

 

പലതരത്തിലുള്ള ഓണഓർമകളിൽ ഈ രണ്ട് ഓണാനുഭവങ്ങൾ വേറിട്ടു നിൽക്കുന്നു - ഒരു ആഹിരിഓണവും ഒരു മൗണ്ട് ബാറ്റൺ ഓണവും!

ഓണത്തെ ഒരു രാഗമായി സങ്കൽപിക്കുകയാണെങ്കിൽ പതിനാറാം മേളകർത്താ രാഗമായ ചക്രവാഹത്തിന്റെ ജന്യരാഗമായ ബിന്ദുമാലിനിയെയാണു ഞാൻ തെരഞ്ഞെടുക്കുക. എരിശ്ശേരിയും പാലടപ്രഥമനുമാണ് ഓണസദ്യയിലെ ഇഷ്ടവിഭവങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com