ADVERTISEMENT

തൊണ്ണൂറുകളുടെ തുടക്കം. സരോജയുടെ ശബ്ദമടഞ്ഞ സമയം. എന്നാലോ കച്ചേരി ഉപേക്ഷിക്കാനും വയ്യ. ചുണ്ടനക്കാതെ ആ ഗായിക വേദിയിലിരുന്നു. അടുത്തിരുന്ന് സഹോദരി ലളിത പാടി. അടുത്ത വർഷം സ്വരമടഞ്ഞത് ലളിതയ്ക്കായിരുന്നു. അപ്പോൾ സരോജ പാടി. ഇഴപിരിയാത്ത പാട്ടിന്റെ ഈ കൂട്ടിനെ സംഗീതലോകം ‘ബോംബെ സിസ്റ്റേഴ്സ്’ എന്നു വിളിച്ചു. അഞ്ചരപ്പതിറ്റാണ്ടായി നീളുന്ന ആലാപനത്തിന്റെ അപൂർവ ജുഗൽബന്ദി. തനിയേ പാടാനുള്ള വിമുഖത കൊണ്ട് ചലച്ചിത്രഗാനങ്ങൾ പാടാനുള്ള ക്ഷണങ്ങൾ പോലും ഇരുവരും നിരസിച്ചു. തൃശൂർ തിരുവമ്പാടിയിലെ എൻ.ചിദംബരം അയ്യരുടെയും തൂപ്പൂണിത്തുറക്കാരി മുക്താംബാളിന്റെയും മക്കൾ ചെറുപ്പത്തിലേ ബോംബെയിലെത്തി. അച്ഛനു റെയിൽവേയിലായിരുന്നു ജോലി. അമ്മ മുക്താംബാൾ ഗംഭീരമായി പാടിയിരുന്നെങ്കിലും കച്ചേരികളുടെ ലോകം പൊതുവേ അക്കാലത്തു സ്ത്രീകൾക്കു വിലക്കപ്പെട്ടിരുന്നു. 

 

bombay-sisters2
ബോംബെ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സി.സരോജയും സി.ലളിതയും 2005 ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിൽനിന്ന് സംഗീതനാടക അക്കാദമി അവാർഡ് സ്വീകരിക്കുന്നു. Photo: PTI

മൂത്ത സഹോദരി സേതു മഹാദേവനിൽ നിന്നാണ് ഇരുവരും സംഗീതം പഠിച്ചു തുടങ്ങിയത്. ചേച്ചി സരോജ ചെറുപ്പത്തിലേ മനോഹരമായി പാടുമായിരുന്നു. ലളിതയാകട്ടെ പാട്ടിന്റെ പടി കടക്കാനേ കൂട്ടാക്കിയില്ല. ചിദംബരയ്യർ തന്റെ വാച്ചിന്റെ സ്വർണച്ചെയിൻ ഉരുക്കി സരോജയ്ക്ക് ഒരു വള പണിതു നൽകി. നന്നായി പാടിയാൽ വള കിട്ടുമെന്നു വന്നതോടെ ലളിതയും സംഗീതത്തിലേക്ക് എത്തി. സംഗീതാസ്വാദകനായിരുന്ന അച്ഛന്റെ കടുംചിട്ടകളാണ് ഇവർക്കു തുണയായത്. രാവിലെ കൃത്യം അഞ്ചരയ്ക്ക് എഴുന്നേറ്റ് സാധകം ചെയ്തില്ലെങ്കിൽ കാപ്പി പോലും കൊടുക്കേണ്ടെന്നായിരുന്നു അമ്മയ്ക്കുള്ള നിർദേശം.

 

1958 ൽ മദ്രാസ് സെൻട്രൽ കോളജ് ഓഫ് മ്യൂസിക്കിന്റെ ഫെലോഷിപ് നേടി സരോജ മുംബൈ വിട്ടു. വൈകാതെ ഫെലോഷിപ് നേടി ലളിതയും. പതിറ്റാണ്ടുകളായി ചെന്നൈയാണ് തട്ടകം. 1963 മുതൽ ഇരുവരും ഒരുമിച്ചു പാടാൻ തുടങ്ങി. പ്രശസ്ത ഗായകൻ ഹരിഹരന്റെ അച്ഛൻ എച്ച്.എ.എസ്.മണി, മുസിരി സുബ്രഹ്മണ്യ അയ്യർ, ടി.കെ.ഗോവിന്ദ റാവു എന്നിവരായിരുന്നു ഗുരുക്കൻമാർ. സെൻട്രൽ കോളജിലെ ചടങ്ങുകളിൽ പ്രാർ‌ഥനയ്ക്കായി പ്രിൻസിപ്പൽ മുസിരി വിളിച്ചിരുന്നത് ബോംബെ സിസ്റ്റേഴ്സിനെയാണ്. ആ പേരു പതിയാൻ മറ്റൊരു കാരണവുമുണ്ടായി. പാട്ടുകേട്ട് ഇഷ്ടമായ ആമ്പത്തൂരിലെ മൗനസ്വാമി കടലാസിൽ എഴുതി: ‘ഇവരെ ബോംബെ സഹോദരിമാരെന്നു വിളിക്കാം’. സംഗീതസാന്ദ്രമായ തമിഴകമാണ് ഇരുവരെയും ബോംബെ സിസ്റ്റേഴ്സാക്കിയത്.

 

തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം, സംഗീതനാടക അക്കാദമി പുരസ്കാരം, എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികൾ തേടിയെത്തിയ ഈ സംഗീത സാഹോദര്യ സപര്യയെ പത്മശ്രീ നൽകിയാണ് രാജ്യം ആദരിച്ചത്. മുക്താംബരം ട്രസ്റ്റിലൂടെ അവർ പുതിയ ഗായകരെ കൈപിടിച്ചു നടത്തി. 

 

ചെറുപ്പത്തിലേ തൃശൂർ വിട്ടു പോയെങ്കിലും ലളിതയും സരോജയും തങ്ങളുടെ വേരുകൾ മറന്നില്ല. സ്കൂളിൽ മലയാളം പഠിച്ചു. കച്ചേരിക്കുള്ള പാട്ടുകൾ എഴുതിയതു പോലും മലയാളത്തിലായിരുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകൾ കണ്ടും പഴയകാല ചലച്ചിത്രഗാനങ്ങൾ കേട്ടും മലയാളാനുരാഗം തുടർന്നു. ചിത്രയോട് ഒരു പ്രത്യേക ഇഷ്ടം എപ്പോഴും സൂക്ഷിച്ചു.

 

ബോംബെ സഹോദരിമാരുടെ ആദ്യ മേജർ കച്ചേരിക്കു നിമിത്തമായത് സാക്ഷാൽ മധുരൈ മണി അയ്യരാണ്. 1965ൽ മൈലാപ്പൂരിലെ സായിബാബ കോവിലിൽ പ്രധാന കച്ചേരി അവതരിപ്പിക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ആരോഗ്യപ്രശ്നം അലട്ടിയപ്പോൾ പ്രധാന കച്ചേരി ചിദംബരയ്യരുടെ മക്കൾ അവതരിപ്പിക്കട്ടെയെന്നു നിർദേശിച്ചത് മണി അയ്യരാണ്. ആ കച്ചേരി കേട്ട് ഇഷ്ടപ്പെട്ട എച്ച്.രാജാറാം പിന്നീടു സരോജയുടെ ജീവിതത്തിലേക്ക് എത്തി. അഭിഭാഷകനായ ചന്ദ്രനാണ് ലളിതയെ വിവാഹം ചെയ്തത്. ജീവിതം രണ്ടു കുടുംബങ്ങളിലേക്കു മാറിയിട്ടും കച്ചേരിയിൽ അവർ ഒരുമിച്ചു നിന്നു. ‘ഞാൻ’ എന്നൊരു വാക്ക് ഒരിക്കലും വന്നില്ല, എന്നും പറഞ്ഞത് ‘ഞങ്ങൾ’ എന്നു മാത്രം. പാട്ടിന്റെ രണ്ടു പൊൻകസവിഴകളെ പിരിയാതെ കോർത്തുകെട്ടിയ കാലത്തിനു നന്ദി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com