ADVERTISEMENT

കെ പോപ്പിൽ വീണ്ടും പ്രണയചർച്ച സജീവം. ബിടിഎസ് താരം വിയും ബ്ലാക്പിങ്ക് താരം ജെനിയും തമ്മിൽ പ്രണയത്തിലാണെന്ന ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രമെന്ന നിലയിൽ ചില പ്രണയചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ചർച്ചകൾ വ്യാപകമാകുന്നത്. വിയുടെയും ജെനിയുടെയും രൂപസാദൃശ്യമുള്ള യുവതിയുടെയും യുവാവിന്റെയും ചിത്രങ്ങളാണിവ. ഇവ യഥാർഥത്തിൽ കെപോപ് താരങ്ങളുടേതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വിഷയത്തിൽ ബിടിഎസിന്റേയും ബ്ലാക്പിങ്കിന്റേയും ഏജൻസികൾ യാതൊന്നും പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല.

 

ചിത്രങ്ങൾ പുറത്തുവന്നതോടെ പലതരത്തിലുള്ള വാദപ്രതിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. വിയുടെയും ജെനിയുടെയും അവധിയാഘോഷത്തിന്റെ ചിത്രങ്ങളാണിതെന്നും അബദ്ധത്തിൽ അത് പുറത്തുവന്നതാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. എന്നാൽ കെപോപ് താരങ്ങളുടെ രൂപസാദൃശ്യമുണ്ടെങ്കിലും ചിത്രത്തിലുള്ളത് മറ്റേതോ പ്രണയിതാക്കളാണെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. ചിത്രം ഫോട്ടോഷോപ്പ് ചെയ്തെടുത്ത് പ്രചരിപ്പിച്ചതാണെന്നാണ് ഒരുകൂട്ടർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇരുവരും നടത്തിയ രഹസ്യയാത്രയുടെ ദൃശ്യമാണിതെന്ന വാദത്തില്‍ മറ്റൊരു വിഭാഗം ഉറച്ചുനിൽക്കുന്നു. 

 

മുന്‍പും വിയും ജെനിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ജെനിയെ ഇൻസ്റ്റഗ്രാമിൽ വി ഫോളോ ചെയ്തതോടെയാണ് ചര്‍ച്ചകൾക്കു തുടക്കമായത്. എന്നാൽ അത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന വിശദീകരണവുമായി ഉടൻ തന്നെ വി രംഗത്തെത്തുകയും ജെനിയെ അൺഫോളോ ചെയ്യുകയുമുണ്ടായി. പക്ഷേ ചർച്ച അവിടെത്തീർന്നില്ല. വിയും ജെനിയും സ്ഥിരമായി ഒരേ ബ്രാൻഡ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ഒരേ ഇനത്തിൽപ്പെട്ട നായക്കുട്ടികളെ വളർത്തുന്നതുമൊക്കെ ഇരുവരും പ്രണയത്തിലാണോ എന്നുള്ള സംശയം വീണ്ടും ബലപ്പെടുത്തി. ഇപ്പോൾ വീണ്ടും ചിത്രങ്ങൾ പുറത്തുവന്നതോടെ ചർച്ചകൾ  കൂടുതൽ സജീവമാവുകയാണ്. ഇതിനു പിന്നിലെ സത്യം തിരയുകയാണ് ആരാധകർ. 

 

കെ പോപ്പിൽ ബിടിഎസിനെ പോലെ തന്നെ കോടിക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ പെൺ ട്രൂപ്പ് ആണ് ബ്ലാക്പിങ്ക്. സംഘത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ജെനി. റോസ്, ജീസു, ലിസ എന്നിവരാണ് ബാന്‍ഡിലെ മറ്റ് അംഗങ്ങൾ. ലോകോത്തര വേദികൾ കീഴടക്കി മുന്നേറുന്ന ബ്ലാക്പിങ്കിന്റേയും ബിടിഎസിന്റേയും ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും തുറന്ന സംവാദങ്ങൾ ഉണ്ടാകാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com