ADVERTISEMENT

അനശ്വരതക്ക്‌ ഒരു ശബ്ദമുണ്ടാവുമോ... മിക്കവാറും ഒന്നിലധികം ശബ്ദങ്ങളുണ്ടാവും... അങ്ങനെയാണെങ്കിൽ അതിലൊന്നു തീർച്ചയായും എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദമാവും.. ഏതാണ്ട് അര നൂറ്റാണ്ടിലധികം ഈ ഭൂമിയിലെ ഭാഷകളിലും, ഇക്കഴിഞ്ഞ ഒരു വർഷമായി മറ്റേതോ ലോകത്തും ഇരുന്നു കൊണ്ട് അദ്ദേഹം പാടുന്ന ഈണങ്ങൾ തന്നെ ആവാം ചിലപ്പോൾ അനശ്വരത. ലോകം കോവിഡ് കാലത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള നഷ്ടങ്ങളിൽ ഒന്നായി കാണുമ്പോഴും കാലം ആ പാട്ടുകൾ ഏറ്റു പാടി കൊണ്ടേ ഇരിക്കുന്നു.

 

1966 മുതൽ 2020 വരെ നീണ്ട കാലം കൊണ്ടു ഇന്ത്യൻ സിനിമ ഒരുപാടു മാറി, സിനിമാ പാട്ടുകൾ അതിലേറെ മാറി. പക്ഷേ ഒട്ടും മാറാതെ എസ്.പി ബാലസുബ്രഹ്മണ്യം പാടി കൊണ്ടേയിരുന്നു. ആ പാട്ടുകളിൽ തലമുറകളുടെ പ്രണയ വിരഹ വിഷാദങ്ങൾ അലിഞ്ഞു ചേർന്നു. എസ്പിബിയെ ഓർക്കാൻ പ്രത്യേകിച്ചു ഭാഷ ആവശ്യമില്ല എന്ന് ആലങ്കാരികമായി പറയുന്നതല്ല. 16ൽ അധികം ഭാഷകളിൽ പാടിയിട്ടുണ്ട് അദ്ദേഹം. അതിൽ തുളുവും സംസ്കൃതവും വരെ ഉൾപ്പെടും. 40,000ത്തിൽ അധികം പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തു വന്നു. ഒരു ദിവസം ഏറ്റവുമധികം പാട്ടുകൾ പാടി റെക്കോർഡിട്ടു. അതോടൊപ്പം സംഗീതസംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായി. കമൽ ഹാസന്റെ മൊഴിമാറ്റ ചിത്രങ്ങളിൽ അദ്ദേഹത്തിനു വേണ്ടി ശബ്ദമായി. നടനായി വന്നും തിളങ്ങി. 

 

spb-singer2

രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചു. ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്‌കാരം, വിവിധ സംസ്ഥാനങ്ങളുടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ, ഏറ്റവുമധികം പാട്ടുകൾ പാടി റെക്കോർഡ് ചെയ്ത പിന്നണി ഗായകൻ എന്ന ഇനിയും തകർന്നു വീഴാത്ത ഗിന്നസ് റെക്കോർഡ്. എസ്പിബിയുടെ നേട്ടങ്ങൾ എളുപ്പത്തിൽ എണ്ണിത്തീർക്കാവുന്നവയല്ല. ഒരു മനുഷ്യായുസ്സിൽ സാധ്യമായത്രയും പാട്ട് പാടി വിനയം നിറച്ച് ചിരിച്ചു കൊണ്ടാണ് ഈ നേട്ടങ്ങളെ മുഴുവൻ ഏറ്റുവാങ്ങി അദ്ദേഹം ഈ ഭൂമി വിട്ടത്.

 

എസ്പിബിയുടെ പ്രിയപ്പെട്ട പാട്ട് ഏതാവും? ഭാഷയുടെ അതിർവരമ്പ് മുറിച്ചു കൊണ്ടു പലർക്കും പല ഉത്തരങ്ങളുണ്ടാവും. ചിലർക്കതു ശങ്കരാഭരണത്തിലെ പാട്ടുകളാവാം, ചിലർക്ക് കേളടി കണ്മണി ആവാം, മറ്റു ചിലർ സുന്ദരീ കണ്ണാൽ ഒരു സെയ്‌തി എന്നോർത്തേക്കാം, ചിലർ മലരേ മൗനമാ എന്നുറപ്പിച്ചു പറഞ്ഞേക്കാം... ഇനിയുമുണ്ട് ഒരുപാട് എസ്പിബി മാജിക്കുകൾ. മാങ്കുയിലെ പൂങ്കുയിലേ, താരാപഥം, പാൽനിലാവിലെ, ഊട്ടിപ്പട്ടണം, തേരെ മേരെ ബീച്ച് മേം, ബഹുത് പ്യാർ കർത്തി, ദിൽ ദിവാന, മുത്തുമണി മാലെയ്, എൻ വീട്ടു തൊട്രത്തിൽ, എൻ കാതലേ... പലരുടെയും പ്രിയപ്പെട്ട എസ്പിബി ഈണങ്ങൾ ഇനിയും വിട്ടുപോയിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ഈണങ്ങളും പാട്ടുകളും എഴുതി തീർക്കുക അസാധ്യമാണ്. അല്ലെങ്കിലും ആർക്കെങ്കിലും പ്രിയപ്പെട്ടതല്ലാത്ത എന്തെങ്കിലും അദ്ദേഹം പാടിയിട്ടുണ്ടോ എന്നു സംശയമാണ്. 

 

അദ്ദേഹം ഈ ലോകം വിട്ടു പോയിട്ട് ഇന്നേക്ക് രണ്ട് വർഷമാവുന്നു. അദ്ദേഹത്തിനു മാത്രം പാടാൻ പറ്റുന്ന ഈണങ്ങൾ ഇനിയും ഉണ്ടാവില്ല. ചിരിച്ചു കൊണ്ടു "മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ" എന്നു പാടി അദ്ദേഹം ഇനി കാണിക്കളെ നോക്കില്ല. ചിലപ്പോൾ ‘മണ്ണിൽ ഇന്ത കാതൽ’ എന്നു സ്‌ക്രീനിൽ അദ്ദേഹം പാടുമ്പോൾ നമുക്കൊരു ശൂന്യത തോന്നാം. ഓർമകൾക്കു മരണമില്ല എന്നു ചിലപ്പോൾ മരണാനന്തര കുറിപ്പുകളിൽ നമ്മൾ വെറുതെ എഴുതാറുണ്ട്, അത് ശരിയാണോ എന്നറിയില്ല. പക്ഷേ പാട്ടുകൾക്കു ശരിക്കും മരണമില്ലല്ലോ. അത് കാലത്തെ ജയിക്കുന്നു, അങ്ങനെ പാട്ടുകാരനും... അപ്പോൾ തീർച്ചയായും നമുക്കൊക്കെ ശേഷവും ഇനിയും ഇവിടെ എസ്പിബി ഉണ്ടാകും, അദ്ദേഹത്തിന്റെ പാട്ടുകൾ ലോകം ഏറ്റു പാടും വരെ...!!!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com