ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ തന്റെ കുടുംബാഗങ്ങള്‍ നേരിടുന്ന അധിക്ഷേപങ്ങളോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ വിവാഹമോചനവും ജീവിതവുമൊക്കെ ചർച്ചയാക്കി അനാവശ്യ വിലയിരുത്തലുകളും ചർച്ചകളും നടത്തുന്നവർക്കെതിരെയാണ് അഭിരാമി രംഗത്തെത്തിയിരിക്കുന്നത്. തന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആവശ്യമില്ലാതെ അഭിപ്രായങ്ങൾ പറയുന്നവരോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയാണ് ഗായിക. അഭിരാമി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: 

 

‘‌എന്റെയോ മറ്റുള്ളവരുടേയോ വീടിന്റെ അകത്തു നടക്കുന്ന കാര്യവും അവരെന്തു ചെയ്യണമെന്നുള്ള നിർദ്ദേവും ശരിയല്ല തെറ്റാണെന്നു തോന്നിയാൽ നിങ്ങള്‍ക്ക് ആട്ടാം, തുപ്പാം എന്നുള്ള ചിന്തയും ഉണ്ടെങ്കിൽ ആട്ടിക്കോളൂ, പക്ഷേ ഇനി അതിനോടുള്ള പ്രതികരണം വളരെ ശക്തമായിരിക്കും. വീഴ്ചകൾ പറ്റാത്ത നന്മ മാത്രം നിറഞ്ഞ മനസ്സുകൾ. കൂടെ പഠിക്കുന്ന ആൺകുട്ടിയുമായി വഴിയരികിൽ നിന്നാൽ ഒന്നെങ്കിൽ ചാട്ടവാറിന് അടി, അല്ലെങ്കിൽ പൊലീസ് സ്റ്റേഷൻ, അല്ലെങ്കിൽ കല്യാണം. കൂട്ടുകാരുമായി സംസാരിക്കാനൊന്നും വകുപ്പില്ല. ഇതെന്തൊരു ഗതിയാണ്. 

 

ഓരോ കാരണങ്ങളാൽ അടുക്കുകയും അകലുകയും ചെയ്യുന്ന ബന്ധങ്ങളുടെ അകത്തെ കഥയറിയാതെ ഇവൻ ശരി, അവൻ ശരി എന്നു പറയാൻ ആര് നിങ്ങൾക്ക് അധികാരം തന്നു? മറ്റൊരാളുടെ സ്വകാര്യജീവിതം നന്നാക്കി എടുക്കാൻ സോഷ്യൽ മീഡിയ ടൂൾസുമായി ഇറങ്ങി അസഭ്യം പറയാനും അതിനു ചുക്കാൻ പിടിക്കാനും ആര് നിങ്ങൾക്ക് അധികാരം തന്നു? 

 

അത് ഓർക്കുക, ഇത് ഓർക്കുക, എന്തൊരു കഷ്ടമാണ്, എന്തൊരു അവസ്ഥയാണ്, പ്രഹസനം, നിങ്ങളേക്കാൾ ഇത് നൂറുവട്ടം ഞങ്ങൾ ആലോചിക്കുന്നുണ്ട്. പക്ഷേ അവർക്കു മുതിർന്നവരായി തന്നെ നിലകൊള്ളാനുള്ള സ്വാതന്ത്ര്യം നൽകു. വിവാഹമോചനത്തിനു ശേഷം എന്റെ ചേച്ചിയുടെ മുൻ ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് സ്വന്തം ജീവിതം മുന്നോട്ടു നയിക്കുന്നു. അത് അവരുടെ ജീവിത സ്വാതന്ത്ര്യം. 

 

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അവരുെട പേര് ഇവിടെ ഇടുന്നതെന്തിന്? പല പ്രശ്നങ്ങൾ കാരണമായിരിക്കും അവരും ഇവരുമൊക്കെ പിരിയുന്നത്. അതിൽ നന്മ പഠിപ്പിക്കാൻ ഇടയിൽ കയറി വന്ന് പരിഹസിക്കാനും പരദൂഷണം പറയാനും വരുന്ന നിങ്ങളുടെ രീതികൾ മാറ്റുക. പിന്നെ നിരാശ കാണിച്ചു നടന്നാലെ വേദന നിങ്ങൾ കാണുകയുള്ളുവെങ്കിൽ ആ വേദന കണ്ടുകൊണ്ടുള്ള സിംപതി വേണ്ട.

 

ഈ പേരുകൾ ഉപയോഗിച്ച് ഞങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ നിങ്ങള്‍ ആരാണ്? നിങ്ങൾ എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടോ? എങ്ങനെ ജീവിക്കണമെന്നും നിർദേശങ്ങള്‍ നൽകാനും വിലയിരുത്താനും നിങ്ങളാരാണ്? നാട്ടിലെ കാരണവൻമാർ കഥയറിഞ്ഞ ശേഷം ഉപദേശിക്കുക. നമ്മളൊക്കെ ഈ കാലഘട്ടത്തിൽ കിടന്ന് ഇങ്ങനെയൊക്കെ പറയുന്നതും ചെയ്യുന്നതും ശരിയാണെന്നു തോന്നുന്നുണ്ടോ?

 

സ്വതന്ത്രമാവുക, ജീവിക്കുക. ആളുകൾ സന്തുഷ്ടരായിരിക്കുന്നതിൽ സന്തോഷിക്കൂ. ലോകത്തെയും അതിന്റെ മാറ്റങ്ങളെയും അംഗീകരിക്കാൻ തുറന്ന മനസ്സ് ഉണ്ടായിരിക്കട്ടെ നിങ്ങൾക്ക്. അവർ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, ഒരുമിച്ചു ജീവിക്കട്ടെ. അല്ലെങ്കിൽ എന്തും ചെയ്യട്ടെ. അവരുടെ വ്യക്തിപരമായ ജീവിതം അവർ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിങ്ങൾക്കെന്താണ് പ്രശ്നം? അവർ മുതിര്‍ന്നവരാണ്. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനും ഉദാഹരണങ്ങൾ നിരത്തുന്നതിനു പകരം മറ്റുള്ളവരെ ബഹുമാനിക്കാൻ ശ്രമിക്കുക. അവരുടെ കാര്യത്തിൽ നിങ്ങൾക്കു താൽപര്യമില്ലെങ്കിൽ മാറി നിൽക്കുക. അതിനെയാണ് വിവേകം എന്നു പറയുന്നത്’, അഭിരാമി കുറിച്ചു. 

 

അഭിരാമിയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ചർച്ചയായിക്കഴിഞ്ഞു. കമന്റുമായി എത്തിവരോടുള്ള പ്രതികരണവും ഗായിക രേഖപ്പെടുത്തിയിട്ടുണ്ട്. അമൃതയുടെയും ബാലയുടെയും ഗോപി സുന്ദറിന്റെയും കാര്യം ചർച്ചയാക്കിയവരോട് അമൃതയും ബാലയും വേർപിരിഞ്ഞതിന്റെ കാരണം എന്താണെന്ന് അറിയാമോയെന്ന് അഭിരാമി തിരിച്ചു ചോദിക്കുന്നു. ഗായികയ്ക്കും കുടുംബത്തിനും പിന്തുണയറിയിച്ചു നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കേണ്ട എന്നാണ് ആരാധകര്‍ കുറിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com