മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം: നാദവിസ്മയം നാലാം ദിനം
Mail This Article
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ നാലാം ദിവസം പുല്ലാങ്കുഴൽ, വായ്പാട്ട് കച്ചേരികളുടെ മിശ്രിതം ആസ്വാദകർക്കു നാദവിരുന്നായി.
ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴൽ കച്ചേരിയായിരുന്നു ആദ്യം. ഗോകുൽ വി.എസ്.ആലംകോട് (വയലിൻ), എ.ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), വാഴപ്പിള്ളി ആർ.കൃഷ്ണകുമാർ (ഘടം) എന്നിവർ പക്കമേളമൊരുക്കി.
ഗൗള രാഗത്തിൽ മൈസൂർ വാസുദേവാചാര്യ ചിട്ടപ്പെടുത്തിയ ‘പ്രണമാമ്യഹം...’ എന്ന കൃതി വായിച്ചുകൊണ്ടാണു ഹരിപ്രസാദ് കച്ചേരി ആരംഭിച്ചത്. ശ്യാമശാസ്ത്രിയുടെ ‘മരിവേരെ ഗതി...’ (രാഗം: ആനന്ദഭൈരവി), ലളിതാദാസരുടെ ‘പാവനഗുരു...’ (ഹംസാനന്ദി), ത്യാഗരാജസ്വാമിയുടെ ‘സരസ സാമ ദാന...’ (കാപ്പിനാരായണി) എന്നീ കൃതികൾക്കുശേഷം ‘ദേവീ നീയേ തുണൈ...’ എന്ന കീർത്തനം രാഗം വിസ്തരിച്ച് അവതരിപ്പിച്ചു. കീരവാണി രാഗത്തിൽ പാപനാശം ശിവൻ ചിട്ടപ്പെടുത്തിയ കൃതിയാണു ‘ദേവീ നീയേ തുണൈ...’. പാപനാശം ശിവന്റെതന്നെ ‘എന്നതവം ശെയ്തായ് നീ...’ (കാപ്പി), സ്വാതിതിരുനാളിന്റെ ‘അളിവേണി...’ (കുറിഞ്ചി) എന്നിവയും അവതരിപ്പിച്ചു. സിന്ധുഭൈരവി രാഗത്തിൽ ലാൽഗുഡി ജയരാമൻ ചിട്ടപ്പെടുത്തിയ തില്ലാനയോടെയായിരുന്നു സമാപനം.
മനു നാരായണന്റെ വായ്പാട്ട് കച്ചേരിയായിരുന്നു രണ്ടാമത്. തൃക്കൊടിത്താനം ശ്രീരാജ് വയലിനിലും തൃപ്പൂണിത്തുറ എ.എസ്.നീലകണ്ഠൻ മൃദംഗത്തിലും കുമരകം പി.ജി.ഗണേഷ് ഗോപാൽ ഘടത്തിലും അകമ്പടിയേകി.
നാട്ട രാഗത്തിൽ പരമേശ്വര ഭാഗവതർ ചിട്ടപ്പെടുത്തിയ ‘സരസിജനാഭ...’ ആലപിച്ചായിരുന്നു തുടക്കം. ത്യാഗരാജ സ്വാമികളുടെ ‘ഗിരിരാജസുത തനയ...’ (ബംഗാള), ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതരുടെ ‘ജലാന്തര സുപീഠസ്തേ...’ (വലജി) എന്നിവയ്ക്കുശേഷം തുടർച്ചയായി സ്വാതിതിരുനാൾ കൃതികളുടെ അവതരണമായിരുന്നു. ‘ഗോപനന്ദന...’ (ഭൂഷാവലി), ‘രാമ രാമ പാഹി...’ (ദേവഗാന്ധാരി), രാഗവിസ്താരത്തോടെ ‘സരോജനാഭ...’ (ചക്രവാകം), ‘വന്ദേ സദാ പത്മനാഭം...’ (നവരസ കാനഡ), ‘വിശ്വേശ്വര...’ (സിന്ധുഭൈരവി), ‘ഗോപാലഭക്തിം...’ (ഭാഗേശ്രീ) എന്നീ സ്വാതിതിരുനാൾ കൃതികളിലൂടെയായിരുന്നു തുടർന്നു കച്ചേരി നീങ്ങിയത്.