മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം: ഏഴഴകോടെ ഏഴാം ദിവസം
Mail This Article
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം ഏഴാം ദിനത്തിലേക്ക് കടന്നു. പ്രശസ്ത വയലിന്‍ വാദകരായ ടി എച്ച് ലളിതയും വിവേക് രാജയും ചേര്‍ന്ന് അവതരിപ്പിച്ച വയലിന്‍ ഡ്യുയോ കച്ചേരിയായിരുന്നു അദ്യ പ്രോഗ്രാം. മൃദംഗം എന്‍ ഹരി, ഹരീഷ് ആര്‍ മേനോന്‍ ഗഞ്ചിറ, ഘടം ഷിനു ഗോപിനാഥ് കോട്ടയം.
ഹംസധ്വനി രാഗത്തില്‍ ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍ ചിട്ടപ്പെടുത്തിയ ഗംഗണപതേ എന്നകൃതി വായിച്ചുകൊണ്ടാണ് കച്ചേരി തുടങ്ങിയത്. തുടര്‍ന്ന് കൃഷ്ണസ്വാമി അയ്യ ചിട്ടപ്പെടുത്തിയ അംബാ പരദേവതേ എന്ന രുദ്രപ്രിയ രാഗകൃതിയും ലളിത രാഗത്തില്‍ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച ഹിരണ്‍മയീം ലക്ഷ്മീം എന്ന കൃതിയും വായിച്ചു. രീതിഗൗള രാഗത്തില്‍ മിശ്രചപ്പു താളത്തിലുള്ള സുബ്ബരായ ശാസ്ത്രിയുടെ ജനനീ നിന്നുവിന എന്ന കൃതിയായിരുന്നു അടുത്തത്.
ത്യാഗരാജ സ്വാമികള്‍ കാന്താമണി രാഗത്തില്‍ ചിട്ടപ്പെടുത്തിയ പാലിന്തുവോ എന്ന കൃതിക്കു ശേഷം പ്രധാനകൃതിയായി ദേവീ നീയേ തുണൈ വായിച്ചു. പാപനാശം ശിവന്‍ കീരവാണി രാഗം ആദി താളത്തില്‍ ചിട്ടപ്പെടുത്തിയ ഈ കൃതി രാഗവിസ്താരത്തോടെ അവതരിപ്പിച്ചതിനു ശേഷം തനിയാവര്‍ത്തനം.
ബിഹാഗ് രാഗത്തില്‍ സ്വാതി തിരുനാള്‍ ചിട്ടപ്പെടുത്തിയ സാരമൈന, മധുരൈ ശ്രീനിവാന്‍ സിന്ധു ഭൈരവിയില്‍ രചിച്ച കരുണൈ ദൈവമേ എന്നിവയെ തുടര്‍ന്ന് ലാല്‍ഗുഡി ജയരാമന്‍റെ ദേശ് രാഗ തില്ലാനയോടെ കച്ചേരി സമാപിച്ചു.
വിനയ് ശര്‍വയുടേതായിരുന്നു രണ്ടാമത്തെ സംഗീതക്കച്ചേരി. മാഞ്ഞൂര്‍ രഞ്ജിത് വയലിന്‍, പെരുന്ന ജി ഹരികുമാര്‍ മൃദംഗം, കുറിച്ചിത്താനം എസ് അനന്തകൃഷ്ണന്‍ ഘടം.
ശ്രീമഹാഗണപതേ എന്ന, മയൂരം വിശ്വനാഥ ശാസ്ത്രിയുടെ നാട്ടരാഗത്തിലുള്ള ഗണപതിസ്തുതിയോടെയാണ് കച്ചേരി തുടങ്ങിയത്. ത്യാഗരാജ ഭാഗവതര്‍ മോഹനരാഗം ആദി താളത്തില്‍ സൃഷ്ടിച്ച ഭവനുത നാ ഹൃദയമുന എന്ന കൃതിയായിരുന്നു അടുത്തത്.
തുടര്‍ന്ന് സ്വാതിതിരുനാള്‍ കാനഡ രാഗത്തില്‍ രചിച്ച രൂപകതാളകൃതി മാമവസദാ ജനനീ, മുത്തുസ്വാമി ദീക്ഷിതരുടെ കഞ്ചദളായദാക്ഷി എന്ന കമലമനോഹരീ രാഗ കൃതി എന്നിവയ്ക്കു ശേഷം പ്രധാനകൃതിയായി മീനാക്ഷീ മേമുദം ദേഹി രാഗവിസ്താരത്തോടെ അവതരിപ്പിച്ചു. തുടര്‍ന്ന് തനിയാവര്‍ത്തനം.
അന്നമാചാര്യയുടെ കുറിഞ്ചി രാഗത്തിലുള്ള മുദ്ദുഗാരി യശോധ പാടിയതിനു ശേഷം സ്വാതിതിരുനാളിന്‍റെ ധനാശ്രീ തില്ലാനയോടെ കച്ചേരി അവസാനിപ്പിച്ചു.