ഉള്ളം കയ്യിൽ ഒതുങ്ങുന്ന കുഞ്ഞു ദേഹം, ചെറിയൊരു ഞരക്കം; അവളെയോർത്ത് അന്ന് മാത്രമാണ് ഞാൻ കരഞ്ഞത്: സലിം കോടത്തൂര്
Mail This Article
ഇമ്പവും ഇശലും പിരിശവും ഇഴചേർന്ന് മാപ്പിളപ്പാട്ടുകൾക്ക് മധുരസ്വരം നൽകിയ ഗായകൻ സലിം കോടത്തൂരിന് ഹന്നയെന്ന നിധിയെ കിട്ടിയിട്ടു വർഷം പത്താകുന്നു. ‘‘ഈ കുട്ടി ജനിക്കില്ലെന്നായിരുന്നു ആദ്യത്തെ വിധിയെഴുത്ത്. പിന്നെ, ജനിച്ചാലും ജീവിക്കില്ലെന്നായി. ഇനി ജീവിച്ചാലും നരകിച്ച് കഴിയേണ്ടി വരുമെന്നും ഒരു ഘട്ടത്തിൽ പറഞ്ഞു.’’ സലിം ഒാർമിക്കുന്നു. പത്തു വയസുകാരി ഹന്നയെ കുറവുകൾ ഉള്ളവളെന്ന് ലോകം വിളിച്ചപ്പോൾ, കുട്ടി മികവുകൾ ഉള്ളവളാണെന്ന് ലോകത്തെ കൊണ്ട് തിരുത്തി പറയിച്ച ഒരുപ്പയുടെ നിശ്ചയദാർഢ്യത്തിന്റെ കഥയാണിത്. അടുത്തിടെ വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ച് സലിം മനസ്സു തുറന്നതിങ്ങനെ:
‘‘എന്റെയും സുമീറയുടേയും ജീവിതത്തിലേക്ക് പടച്ചോൻ മൂന്നാമതായി തന്ന നിധിയാണ് ഹന്നക്കുട്ടി. മൂത്തയാൾ സിനാൻ പ്ലസ്ടു കഴിഞ്ഞു. രണ്ടാമത്തവൾ സന പത്താം ക്ലാസിലും. സുമീറ മൂന്നാമതും ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും വല്യ സന്തോഷം. ഏറ്റവും മികച്ച ആശുപത്രിയിൽ തന്നെ കൊണ്ടുപോയി.മരുന്നും ഭക്ഷണവും സ്കാനിങ്ങും പരിശോധനകളും കൃത്യസമയത്തു തന്നെ നടന്നു. വിദേശത്തും സ്വദേശത്തുമുള്ള പ്രോഗ്രാമിന്റെ തിരക്കുകൾക്കിടയിലും ഓരോ വട്ടവും ഞാൻ സുമീറയുടെ അടുക്കൽ ഓടിയെത്തുമായിരുന്നു. ‘‘ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ തരണേ’’എന്നു മാത്രമേ പ്രാർഥിച്ചിട്ടുള്ളു. ഏഴാം മാസത്തിലാണ് അതുവരെ പറയാത്ത കാര്യം ഡോക്ടർ അറിയിച്ചത്. കുഞ്ഞിന് മതിയായ ഭാരം ഇല്ല. അൽപം ടെൻഷനായെങ്കിലും ഡോക്ടറോടു തന്നെ പരിഹാരം ചോദിച്ചു. ‘നന്നായി ഭക്ഷണം കഴിക്കു’ എന്നു പറഞ്ഞു. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തെക്കുറിച്ചുള്ള നിർദേശങ്ങളും മരുന്നും തന്നു.
ഗർഭിണികൾക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ നടത്തുന്ന ഇഎസ്ആർ പരിശോധനയും ആ സമയത്ത് നടത്തി. അപ്പോഴൊന്നും കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. വിധിയുടെ കണക്കു പുസ്തകത്തിൽ പടച്ചോൻ എഴുതി ചേർത്തത് മറ്റൊന്നായി. ‘നിങ്ങളുടെ കുഞ്ഞിനു ‘രണ്ട് വിരൽ ഇല്ല....’ എന്ന് മാത്രമാണ് ആദ്യം ഡോക്ടറും ആശുപത്രി അധികൃതരും പറഞ്ഞത്. വിരലുകൾ ഇല്ലെങ്കിലും കുഞ്ഞിനു മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ എന്നോർത്തു സ്വയം സമാധാനിച്ചു.
ഒടുവിൽ ഞാനാ കാഴ്ച കണ്ടു. വെന്റിലേറ്ററിനുള്ളിൽ ഞങ്ങളുടെ കുഞ്ഞ്. കഷ്ടിച്ച് 950 ഗ്രാം തൂക്കം മാത്രം. കുഞ്ഞിന് സാധാരണ ഉണ്ടാകേണ്ട ശാരീരിക വളർച്ചയൊന്നും തന്നെയില്ല. ശ്വാസമെടുക്കാൻ വെമ്പുന്ന ആ കുഞ്ഞു ജീവനെ വാതിൽ വട്ടത്തിലൂടെ ഞാൻ കണ്ടു. അവളെയോർത്ത് അന്ന് മാത്രമാണ് ഞാൻ കരഞ്ഞത്. പിന്നീടൊരിക്കലും എനിക്ക് കരയേണ്ടി വന്നിട്ടില്ല.
ജനിച്ച് ദിവസങ്ങൾ മാത്രമുള്ള കുഞ്ഞിനെ കയ്യിലേക്ക് വച്ചു തരുമ്പോൾ അതുവരെയുള്ള ഭയവും സങ്കടവുമൊക്കെ ഇരട്ടിയായി. ഉള്ളം കൈകളുടെ വട്ടത്തിനുള്ളിൽ ഒതുങ്ങുന്ന കുഞ്ഞു ദേഹം. ശ്വാസം ഉയർന്നു പൊങ്ങുന്നു എന്നതാണ് ജീവനുണ്ട് എന്നതിന്റെ ഏക തെളിവ്. കരച്ചിലിന്റെ സ്ഥാനത്ത് ചെറിയൊരു ഞരക്കം മാത്രം. കുഞ്ഞിനെ മുലയൂട്ടാൻ തന്നെ സുമീറ ആ നാളുകളിൽ നന്നേ ബുദ്ധിമുട്ടി.
കുഞ്ഞിന്റെ ആരോഗ്യത്തിനായി, വളർച്ചയ്ക്കായി കൂടുതലായി എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് തൃശൂരുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. പരിശോധനകൾക്കൊടുവിൽ അവർ വേദനയോടെ ചില കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്തു.
‘ഈ കുഞ്ഞ് നടക്കുകയോ ഇരിക്കുകയോ സംസാരിക്കുകയോ ഇല്ല. പ്രായത്തിന് അനുസരിച്ച് ശാരീരികമായി വളർച്ചയുണ്ടാകില്ല. മുടി വളരുകയില്ല. നട്ടെല്ലിൽ നീർക്കെട്ടുണ്ട്. അതു മാറ്റാൻ സർജറി ആവശ്യമാണ്. സർജറി ചെയ്താലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ 20 ശതമാനം സാധ്യത മാത്രമേയുള്ളൂ.’ ആശങ്കയേറ്റുന്ന മറ്റൊന്നു കൂടി ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. ‘എല്ലാവർക്കും ഹൃദയം നെഞ്ചിന്റെ ഇടതു ഭാഗത്താണെങ്കിൽ, നിങ്ങളുടെ കുഞ്ഞിന് വലതു ഭാഗത്താണ്. അതുകൊണ്ട് തന്നെ ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും.’
ടെസ്റ്റ് റിപ്പോർട്ടുകൾ മുന്നിലേക്കു വച്ച് ഡോക്ടർ ഇതു പറയുമ്പോഴും എല്ലാം സഹിക്കാനുള്ള ശക്തി തരണേ പടച്ചോനെ എന്നായിരുന്നു എന്റെ പ്രാർഥന. അവിടെ വച്ച് മറ്റൊരു തീരുമാനം കൂടി എടുത്തു. എങ്ങനെയാണോ കുഞ്ഞിനെ പടച്ചോൻ എനിക്കു തന്നത് അങ്ങനെ തന്നെ വളർത്തും. ഏതു രൂപത്തിലായാലും ഏത് അവസ്ഥയിലായാലും അവളെന്റെ രാജകുമാരിയായിരിക്കും. ഞാൻ എന്നോട് തന്നെ പലവുരു അത് പറഞ്ഞുറപ്പിച്ചു.
വളർച്ചയുടെ ഒാരോ ഘട്ടത്തിലും ഹന്നക്കുട്ടി ഞങ്ങളെ അദ്ഭുതപ്പെടുത്തി. ശാരീരിക വളർച്ചയുടെ പരിമിതികൾ മാറ്റി നിർത്തിയാൽ ബുദ്ധിയും ഓർമശക്തിയും ആവോളമുണ്ട്. സംസാരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഞാനെപ്പോഴും അവൾക്ക് പാട്ടു പാടിക്കൊടുക്കും’’.
അഭിമുഖത്തിന്റെ പൂർണരൂപം: https://www.vanitha.in/celluloid/music/Salim-kodathoor-vanitha-family-interview.html