‘ആജീവനാന്തം ഞാൻ അവളോടു കടപ്പെട്ടിരിക്കുന്നു, ആ വലിയ സമ്മാനം തന്നതിന്’; ഭാര്യയെക്കുറിച്ച് ഷാൻ റഹ്മാൻ
Mail This Article
സംഗീതസംവിധായകൻ ഷാൻ റഹ്മാന്റെ വിവാഹവാർഷികം ആഘോഷമാക്കി മഴവിൽ മനോരമയിലെ സൂപ്പർ കുടുംബം ടീം. പരിപാടിയുടെ ക്യാപ്റ്റൻമാരിൽ ഒരാളാണ് ഷാൻ. ഷാനിനെ വേദിയിലേയ്ക്കു വിളിച്ചുവരുത്തി വിവാഹവാർഷിക സ്പെഷല്‍ സമ്മാനം കൈമാറിയായിരുന്നു ആഘോഷം. സ്റ്റേജിലെ വലിയ വിഡിയോ വോളിൽ ഷാനും ഭാര്യ സൈറയും മകൻ റയാനും ഒരുമിച്ചുള്ള ചിത്രം പ്രദര്‍ശിപ്പിച്ചു.
നടി അർച്ചന കവി പ്രത്യേക അതിഥിയായി എത്തിയ ദിനത്തിലായിരുന്നു ഷാൻ റഹ്മാന്റെ വിവാഹവാർഷിക ആഘോഷം. അർച്ചന തന്നെയാണ് ഷാനിനെ വേദിയിലേയ്ക്കു ക്ഷണിച്ചത്. ഗായകരായ റിമി ടോമി, വിധു പ്രതാപ് എന്നിവരാണ് സൂപ്പർ കുടുംബത്തിലെ മറ്റു ക്യാപ്റ്റൻമാർ. ജീവ ജോസഫ് അവതാരകനായെത്തുന്നു.
2009ലാണ് ഷാൻ റഹ്മാനും സൈറയും വിവാഹിതരായത്. ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നുവെന്ന് ഷാൻ വെളിപ്പെടുത്തി. സൈറ തനിക്കു തന്ന ഏറ്റവും വലിയ സമ്മാനം മകൻ റയാൻ ആണെന്നും അതിന് താൻ ജീവിതകാലം മുഴുവൻ ഭാര്യയോടു കടപ്പെട്ടിരിക്കുമെന്നും ഷാൻ റഹ്മാൻ സൂപ്പർ കുടുംബം വേദിയിൽ പറഞ്ഞു.
കുടുംബചിത്രം പങ്കുവച്ച് ഷാൻ റഹ്മാന്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളും ആരാധകശ്രദ്ധ നേടുകയാണ്. ‘13 വർഷം മുമ്പ് ഈ ദിവസമാണ് അവളുമായുള്ള ജീവിതം ആരംഭിച്ചത്. അവൾ എനിക്കു തന്ന ഏറ്റവും വലിയ സമ്മാനം ഞങ്ങൾക്കിടയിൽ നിൽക്കുന്നു, റയാൻ. പ്രിയ സായി, എന്റെ എല്ലാ കുറവുകളെയും അംഗീകരിച്ച്, മാനസികാവസ്ഥ മനസ്സിലാക്കി, ആശയക്കുഴപ്പങ്ങളെ ഇല്ലാതാക്കി എനിക്കൊപ്പം നിന്നതിനു നന്ദി. എനിക്കും ഈ ലോകത്തിനും റയാനെ സമ്മാനിച്ചതിനും ഞങ്ങളെ എല്ലാവരെയും പരിപാലിക്കുന്നതിനു നന്ദി. വിവാഹവാർഷിക ആശംസകൾ’, ഷാൻ റഹ്മാൻ കുറിച്ചു.