ട്രെൻഡിങ്ങായി മോഹൻലാലിന്റെ കുസൃതിപ്പാട്ട്; മോൺസ്റ്ററിലെ വിഡിയോ ഗാനം
Mail This Article
മോഹൻലാല്‍ ചിത്രം മോൺസ്റ്ററിലെ പുതിയ ഗാനം ആരാധകശ്രദ്ധ നേടുന്നു. ‘ഘൂം ഘൂം’ എന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ദീപക് ദേവ് പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. മലയാളത്തിലും ഹിന്ദിയിലും പാട്ടിനു വരികളെഴുതിയിട്ടുണ്ട്. ഹരി നാരായണൻ ആണ് മലയാളം വരികൾ കുറിച്ചത്. തനിഷ്ക് നബർ ഹിന്ദിയിൽ വരികളെഴുതി. പ്രകാശ് ബാബു മലയാളത്തിലും അലി ക്വിലി മിർസ ഹിന്ദിയിലും ഗാനം ആലപിച്ചിരിക്കുന്നു.
പാട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയത്. മികച്ച സ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ മുൻനിരയിലെത്തി. ഒരു കുട്ടിത്താരത്തിനൊപ്പം കുസൃതിയോടെ നൃത്തം ചെയ്യുന്ന മോഹൻലാലിനെയാണ് ഗാനരംഗത്തിൽ കാണാനാവുക.
പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. സിദ്ദീഖ്, ലെന, ഇടവേള ബാബു, ലക്ഷ്മി മഞ്ജു, ഹണി റോസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ആന്റണി പെരുമ്പാവൂർ ചിത്രം നിർമിക്കുന്നു. ഒക്ടോബർ 21ന് മോൺസ്റ്റർ പ്രദർശനത്തിനെത്തും.