‘എന്റെ വരൻ എവിടെ? വിവാഹം 3 തവണ ഉറപ്പിച്ചതാണ്’; വിഡിയോയിൽ അമൃത, കൗതുകത്തോടെ ആരാധകർ
Mail This Article
ഗായിക അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രസകരമായ വിഡിയോ ആരാധകശ്രദ്ധ നേടുന്നു. മുൻപ് തന്നെക്കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച തെറ്റായ വാർത്തകളെ വിശകലനം ചെയ്തുള്ള വിഡിയോ ആണിത്. അമൃത വിവാഹിതയാകാൻ പോകുന്നുവെന്നും വരൻ ആരാണെന്ന് അറിയാമോ എന്നുമുള്ള തലക്കെട്ടിൽ വന്ന വാർത്ത കൗതുകത്തോടെയാണ് അമൃത കാണുന്നത്.
തന്റെ വിവാഹം ചില മാധ്യമങ്ങൾ മൂന്ന് തവണ ഉറപ്പിച്ചതാണെന്ന് അമൃത പറയുന്നു. മുൻപ് തന്റെ സഹപ്രവർത്തകർക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും തന്റെ സഹോദരങ്ങളെ ചേർത്തു പോലും വിവാഹവാർത്ത പ്രചരിപ്പിച്ചുവെന്നും അമൃത പറഞ്ഞു. തെറ്റായ വാർത്തകൾ കണ്ട് ‘എവിടെ എന്റെ വരൻ എവിടെ’ എന്ന് ഗായിക ചോദിക്കുന്നത് പ്രേക്ഷകരെ രസിപ്പിക്കുകയാണ്.
മുൻപ് വന്ന ഇത്തരം വാർത്തകളെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ വളരെ രസകരമായിത്തോന്നുന്നുവെന്നും അതെല്ലാം ആസ്വദിക്കാറുണ്ടെന്നും അമൃത സുരേഷ് കൂട്ടിച്ചേർത്തു. സ്വകാര്യ ജീവിതത്തെ മുറിപ്പെടുത്താത്ത രീതിയിൽ വരുന്ന വാർത്തകളും ട്രോളുകളും താൻ ആസ്വദിക്കാറുണ്ടെന്ന് അമൃത പറയുന്നു. ‘എന്റെ ദൈവമേ, 2 വർഷം മുൻപ് വരനെ തപ്പി നടന്ന ഒരു വിഡിയോ’ എന്ന അടിക്കുറിപ്പോടെയാണ് ഗായികയുടെ രസകരമായ പോസ്റ്റ്. ‘ഇത് കണ്ടോ’ എന്ന് ജീവിതപങ്കാളി ഗോപി സുന്ദറിനെ ടാഗ് ചെയ്ത് അമൃത ചോദിക്കുന്നുണ്ട്.
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.