ADVERTISEMENT

‘കിർക്കൻ’ എന്ന ചിത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാട്ട് പാടിയതാണെന്ന് നടൻ അപ്പാനി ശരത്. സംവിധായകൻ ജോഷിന്റെ നിർബന്ധപ്രകാരമാണ് പാടിയതെന്നും പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും നടൻ പറയുന്നു. സൗണ്ട് സിസ്റ്റം ഓപ്പറേറ്ററായ അച്ഛനിൽ നിന്നും കിട്ടിയ പ്രശംസ തന്റെ മനസ്സു നിറച്ചെന്നും അത് മുന്നോട്ടുള്ള ഊർജമാണെന്നും നടൻ കൂട്ടിച്ചേർത്തു. ‘കിർക്കനി’ലൂടെയാണ് അപ്പാനി ശരത് പിന്നണിഗാനശാഖയിൽ അരങ്ങേറ്റം കുറിച്ചത്. പുത്തൻ സിനിമ–പാട്ട് വിശേഷങ്ങളുമായി അപ്പാനി ശരത് മനോരമ ഓൺലൈനിനൊപ്പം. 

 

‘ഞാൻ പഠിച്ചത് നാടകകലയാണ്. കാവാലം സാറിന്റെ സോപാനത്തിൽ കുറേക്കാലം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാടകത്തിൽ ലൈവ് പാടുമായിരുന്നു.  അല്ലാതെ പ്രഫഷനൽ ആയി പാടിയിട്ടില്ല. കിർക്കൻ എന്ന സിനിമയ്ക്കു വേണ്ടി പ്രമോ ഗാനം പാടണമെന്ന് സംവിധായകൻ ജോഷ് ആവശ്യപ്പെടുകയായിരുന്നു. മഖ്ബൂൽ സൽമാൻ വഴിയാണ് ഈ സിനിമ എന്നിലേക്കു വന്നത്. മഖ്ബൂൽ, കനി കുസൃതി, അനാർക്കലി മരക്കാർ, ജോണി ആന്റണി ചേട്ടൻ, അബിജ, വിജയരാഘവൻ സർ തുടങ്ങി ഒരുപാട് താരങ്ങൾ കിർക്കനിൽ വേഷമിടുന്നു. എന്റെ കഥാപാത്രം പാട്ടിൽ കാണുന്ന പോലെ ഒരാളല്ല. ഞാൻ ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായി ഇമോഷൻ ട്രാക്കുള്ള അൽപം വയലൻസുള്ള ഒരു കഥാപാത്രമാണ്. ഷൂട്ടിങ്ങിന്റെ ഇടയിൽ ഞങ്ങൾക്ക് ഒരു പ്രോത്സാഹനം പോലെ ഈ പാട്ട് ഇടയ്ക്കിടെ പ്ലേ ചെയ്യുമായിരുന്നു. അപ്പോൾ ഞാൻ കൂടെ പാടും. പിന്നീട് സംവിധായകൻ ജോഷ് ഈ പാട്ട് ഞാൻ തന്നെ പാടട്ടെയെന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ ഞാൻ പാടി. മണികണ്ഠൻ അയ്യപ്പൻ ആണ് ഈ പാട്ടിന് ഈണം പകർന്നത്. റാപ്പ് പാടാൻ ആദ്യം ഒരു പേടി ഉണ്ടായിരുന്നു. ശബ്ദത്തിൽ കുറിച്ചു വ്യത്യസ്തത ആവശ്യമുണ്ട്. റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടി അഭിനയിക്കുകയാണ് ചെയ്തത്. ആ വിഡിയോ ആൽബം നിർമിച്ചത് എന്റെ സുഹൃത്തായ തൊടുപുഴ സ്വദേശി ജോബി ജോസ് ആണ്. ഇപ്പോൾ ജോബി ജോസ് പ്രൊഡക്ഷൻസ് എന്ന ഒരു നിർമ്മാണക്കമ്പനി അദ്ദേഹത്തിന്റേതായുണ്ട്.

 

ജോഷിന്റെയും മണികണ്ഠൻ അയ്യപ്പന്റെയും പിന്തുണ കൊണ്ടാണ് ഈ പാട്ട് പാടാൻ സാധിച്ചത്. പാട്ടിന്റെ വരികൾ എനിക്ക് ഒരുപാട് ഇഷ്ടമായി. പാട്ടിനു സ്വതന്ത്രമായി ഒരു നിലനിൽപ്പുണ്ടെന്നു മനസ്സിലാക്കിയതോടെ ആ പാട്ട് പ്രത്യേകമായി ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം. എന്റെ അച്ഛൻ സൗണ്ട്സ് ഓപ്പറേറ്റർ ആണ്. ഉത്സവപ്പറമ്പിൽ സൗണ്ട് സിസ്റ്റം ചെയ്ത് ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകളെയും പാട്ടു കേൾപ്പിക്കുന്ന ആളാണ്. പാട്ട് നന്നായിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞത് എനിക്കു വലിയ ഊർജമാണ് നൽകിയത്. പ്രണയവും മനുഷ്യ ബന്ധങ്ങളുമൊക്കെ ഭംഗിയായി വരച്ചുകാണിക്കുന്ന ഒരു ത്രില്ലറാണ് ‘കിർക്കൻ’. ചിത്രത്തിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണിപ്പോൾ’, അപ്പാനി ശരത് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com