എസ്പിവിയുടെ മധു പൊഴിയും ഈണത്തിൽ ചിത്രയുടെ നാദം; ഹൃദയങ്ങൾ തൊട്ട് ‘ഈശ്വരൻ’
Mail This Article
എസ്.പി.വെങ്കടേഷിന്റെ സംഗീത മധുരത്തിൽ പുറത്തിറങ്ങിയ ‘ഈശ്വരൻ’ എന്ന ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി എന്നിങ്ങനെ ആറ് ഭാഷകളിലായാണ് പാട്ടുകൾ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിൽ കെ.എസ്.ചിത്ര ഗാനം ആലപിച്ചിരിക്കുന്നു. നിധിൻ കെ ചെറിയാൻ ആണ് പാട്ടിനു വരികൾ കുറിച്ചത്.
‘കരുണാർദ്ര സ്നേഹം അകതാരിലലിയും
ആത്മാവിൻ ആനന്ദം നീയേ
കാവൽ വിളക്കായ് എരിയേണമുള്ളിൽ
ചിരകാലമീ സ്നേഹ നാളം
ഓരോ രാവും ഓരോ പകലും
നിൻ മാറിൽ ചാരുന്നു പൈതലായ്
എന്നും ഉള്ളിൽ നിൻ സ്നേഹരൂപം
ആരാധന നിനക്കെന്നും....’
സിയോൺ ക്ലാസിക്സ് ആണ് ‘ഈശ്വരൻ’ പുറത്തിറക്കിയത്. ജിനോ കുന്നുംപുറത്ത് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. ആൽബത്തിന്റെ നിർമാണവും ജിനോ തന്നെ. 22 വർഷമായി ക്രിസ്ത്യൻ ഭക്തിഗാനശാഖയിൽ സജീവ സാന്നിധ്യമാണ് ജിനോയുടെ സിയോൺ ക്ലാസിക്സ്.
‘ഈശ്വരൻ’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. എസ്.പി.വെങ്കടേഷിന്റെ ഹൃദ്യമായ ഈണം ആദ്യ കേൾവിയിൽ മനസ്സിൽ പതിയുന്നുവെന്നാണ് ആസ്വാദകപക്ഷം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് എസ്പിവി പാട്ടുമായി മലയാളത്തിൽ തിരിച്ചെത്തുന്നത്.