അടിമപാളയങ്ങളിലെ രാത്രികാല വിനോദം; ചെറുത്തുനില്‍പിന്‍റെ ശബ്ദവും ചലനവുമായ ‘മോച്ച’!
Mail This Article
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സെയ്ഷല്‍സിലെ ദേശീയ നൃത്തരൂപമാണ് മോച്ച. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ഈ കലാരൂപം അടിമകളായ ആഫ്രിക്കക്കാരാണ് രാജ്യത്തിനു പരിചയപ്പെടുത്തിയത്. അടിമപാളയങ്ങളില്‍ രാത്രികാലങ്ങളില്‍ അവതരിപ്പിച്ചിരുന്ന ഈ നൃത്തരൂപം അവര്‍ക്കു സന്തോഷവും സങ്കടവും ആശങ്കയും പങ്കുവയ്ക്കാനുള്ള വേദികൂടിയായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ് സെയ്ഷൽസ്. അഫ്രിക്കന്‍ വൻകരയിൽ നിന്ന് 1500 കിലോമീറ്റർ അകലെയാണ് ഈ ദ്വീപുസമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിസ്തൃതി കുറഞ്ഞതും സ്വയംഭരണ രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യവുമാണ്. രാജ്യത്തിന്‍റെ പകുതിയോളം സംരക്ഷിത പ്രദേശമെന്ന പ്രത്യേകതയുമുണ്ട്.
1976ല്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതുവരെ അടിമകളുടെ താവളകേന്ദ്രമായിരുന്നു സെയ്ഷല്‍സ്. അടിമപ്പാളയങ്ങളിലെ രാത്രികാല വിനോദമായിരുന്നു മൗട്ടിയ. ജീവിതത്തില്‍ സന്തോഷമെന്തെന്ന് അടിമകള്‍ക്കു തിരിച്ചറിയാനുള്ള മാര്‍ഗം കൂടിയായിരുന്നു ഈ കലാരൂപം. പിന്നീട് ഇത് ചെറുത്തുനില്‍പിന്‍റെ ശബ്ദവും ചലനവുമായി മാറി.
ഇതിനുവേണ്ടി ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍ക്കും പ്രത്യേകതയുണ്ട്. ആട്ടിൻ തോലുകൊണ്ട് നിർമിക്കുന്ന ഡ്രം ആണ് പ്രധാന ആകര്‍ഷണം. ലോഹത്താല്‍ നിര്‍മിക്കുന്ന ത്രികോണ ആകൃതിയിലുള്ള ഉപകരണം ശ്രദ്ധേയം.
പരസ്പരം തൊടാതെ ശരീരഭാഗങ്ങള്‍ ചലപ്പിക്കുക എന്നതാണ് ഈ സംഘനിര്‍ത്തത്തെ വേറിട്ടതാക്കുന്നത്. കൈകള്‍ ഉയര്‍ത്തിയുള്ള പുരുഷന്മാരുടെ ചുവടുകളും ആകര്‍ഷണീയമാണ്.