‘വരാഹരൂപമില്ലാതെ എന്ത് കാന്താര?’; കടുത്ത അതൃപ്തിയിൽ പ്രേക്ഷകർ
Mail This Article
കോപ്പിയടി വിവാദത്തെത്തുടർന്ന് കാന്താരയിൽ നിന്നു ‘വരാഹരൂപം’ എന്ന ഗാനം ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയും നിരാശയും പ്രകടിപ്പിച്ച് ആരാധകർ. പാട്ട് നീക്കം ചെയ്തതോടെ ചിത്രത്തിന്റെ ആത്മാവ് നഷ്ടമായി എന്നാണു വിലയിരുത്തൽ. വരാഹരൂപം ഒഴിവാക്കിയതോടെ കാന്താര ട്രോളുകളിലും നിറയുകയാണ്. ചിത്രം ഒടിടിയിൽ കാണാന്‍ കാത്തിരുന്ന പ്രേക്ഷകർ, നിരാശയോടെ ചോദിക്കുന്നു, ‘വരാഹരൂപമില്ലാതെ എന്ത് കാന്താര?’.
കാന്താര ഒടിടിയിൽ വന്നതോടെ പാട്ടിനെച്ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. ചിത്രത്തെ പൂർണമാക്കുന്നതു വരാഹരൂപം എന്ന ഗാനമായിരുന്നെന്നും അത് ഒഴിവാക്കിയതോടെ ശരാശരിയില്‍ താഴെയുള്ള ഒരു ചിത്രം മാത്രമായി കാന്താര മാറിയെന്നുമാണ് പ്രേക്ഷകപക്ഷം. ഒടിടിയിലെ കാന്താര നിരാശപ്പെടുത്തുന്നുവെന്നാണു വിലയിരുത്തൽ. ഒറിജിനൽ ഗാനം ചിത്രത്തിലേയ്ക്കു തിരികെ കൊണ്ടുവരണമെന്നും ആവശ്യങ്ങളുയർന്നു.
കോപ്പിയടി വിവാദത്തിലകപ്പെട്ടതോടെ കാന്താരയിൽ നിന്ന് ‘വരാഹരൂരം’ ഒഴിവാക്കി പകരം പുതിയതായി സൃഷ്ടിച്ച ഗാനം കൂട്ടിച്ചേർക്കുകയായിരുന്നു. വരാഹരൂപം കോപ്പിയടിയാണെന്ന് ആരോപിച്ച് പ്രമുഖ സംഗീത ബാൻഡ് തൈക്കൂടം ബ്രിഡ്ജ് ആണ് രംഗത്തെത്തിയത്. തങ്ങളുടെ ‘നവരസം’ എന്ന ഗാനം അതേപടി പകർത്തിയാണ് കാന്താര ടീം പാട്ടൊരുക്കിയതെന്നായിരുന്നു ആരോപണം. വിവാദത്തിൽ കോടതി ഇടപെട്ടതിനെ തുടർന്നാണ് സിനിമയുടെ ഒടിടി പതിപ്പിൽ പുതിയ ‘വരാഹരൂപം’ ഉൾപ്പെടുത്തിയത്. ‘കാന്താര’യിൽ പുതിയ ഗാനം ഉൾപ്പെടുത്തിയതോടെ ‘നീതി വിജയിച്ചിരിക്കുന്നു’ എന്നാണ് തൈക്കൂടം ബ്രിഡ‍്ജ് പ്രതികരിച്ചത്.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ‘കാന്താര’. സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ‘കാന്താര’ നിർമിച്ചത്.