ട്രെൻഡിങ് സത്യഭാമയ്ക്കൊപ്പം റീൽ വിഡിയോയുമായി എം.ജയചന്ദ്രന്റെ ഭാര്യ പ്രിയ
Mail This Article
സമൂഹമാധ്യമലോകത്ത് പലരും ഇന്ന് 'സത്യഭാമ'യ്ക്കു പിന്നാലെയാണ്, ആടാനും പാടാനുമൊക്കെ യുവഹൃദയങ്ങൾക്കൊപ്പം കൂട്ടുകൂടി വൈറൽ ആയിക്കഴിഞ്ഞു സത്യഭാമ ഇന്ന്. എന്നാൽ ആരാണ് ഈ സത്യഭാമ? ഇത്രയും നാൾ ഈ സത്യഭാമ എവിടെയായിരുന്നു? പെട്ടെന്ന് എങ്ങനെ വൈറൽ ആയി? എല്ലാത്തിനും ഉത്തരമുണ്ട്. കുറച്ചു പിന്നോട്ടു പോകണമെന്നു മാത്രം, ഏകദേശം നാലര പതിറ്റാണ്ടോളം പിന്നോട്ട്. 1980ൽ പുറത്തിറങ്ങിയ
‘രവിചന്ദ്ര’ എന്ന ചിത്രത്തിനു വേണ്ടി ഉപേന്ദ്ര കുമാർ ഈണമൊരുക്കിയ ഗാനമാണ് ‘സത്യഭാമേ’. ഇത് അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. രാജ്കുമാർ ആണ് ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്.
കന്നഡ സിനിമാ പ്രേമികൾക്കു മാത്രം പരിചിതമായിരുന്ന ഗാനം 42 വര്‍ഷങ്ങള്‍ക്കിപ്പുറം യുവഹൃദയങ്ങളിൽ നിറയുന്നത് സഞ്ജിത് ഹെഗ്ഡെ എന്ന ഇരുപത്തിനാലുകാരനിലൂടെയാണ്. സഞ്ജിത് ഈ ഗാനത്തിന്റെ റീമിക്സ് പങ്കുവച്ചു മണിക്കൂറുകൾക്കകം ‘സത്യഭാമ’ ട്രെൻഡിങ് ആയി. സഞ്ജിത്തിന്റെ റീൽ ‘ക്ലിക്ക്’ ആയതോടെ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ പാട്ടിനൊപ്പം നൃത്തം ചെയ്തും ചുണ്ടുകളനക്കിയും അഭിനയിച്ചുമൊക്കെ റീൽ വിഡിയോകൾ പുറത്തിറക്കിത്തുടങ്ങി.
സത്യഭാമയ്ക്കൊപ്പം പ്രിയ ജയചന്ദ്രൻ
സംഗീതസംവിധായകൻ എം.ജയചന്ദ്രന്റെ ഭാര്യ പ്രിയയുടേതാണ് പുറത്തുവന്നതിൽ ഒടുവിൽ ശ്രദ്ധിക്കപ്പെട്ട സത്യഭാമ റീൽ! തിരുവനന്തപുരത്തുള്ള സറീന ബുട്ടീക്കിനു വേണ്ടിയാണ് പ്രിയ ജയചന്ദ്രൻ റീൽ ചെയ്തത്. സാരികൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് പ്രിയ. സറീനയുടെ സാരി കളക്ഷനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് സത്യഭാമ ഗാനത്തിനൊപ്പം റീൽ വിഡിയോയാക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയ മികച്ച മോഹിനിയാട്ടം നർത്തകി കൂടിയാണ്.
ഒരിക്കൽ പ്രിയ ഞങ്ങളുടെ ഒരു സാരി ഉടുത്ത് ഡാൻസ് ചെയ്തത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതു കണ്ടാണ് പ്രിയയെ സറീനയുടെ മോഡലാക്കാൻ തീരുമാനിച്ചതെന്ന് ഉടമ ഷീല ജെയിംസ് പറയുന്നു.
‘പ്രിയയെ ഒരുപാടു പ്രോത്സാഹിപ്പിക്കുന്ന ആളാണ് ജയചന്ദ്രൻ. ഇപ്പോൾ റീൽസ് ആണല്ലോ ട്രെൻഡ്. ഫോട്ടോഗ്രാഫി ചെയ്തവർ തന്നെയാണ് ട്രെൻഡിങ് ആയ 'സത്യഭാമേ' എന്നുള്ള പാട്ട് തിരഞ്ഞെടുത്തത്. പ്രിയ ഒരു നർത്തകി ആയതുകൊണ്ട് ഡാൻസ് പോസുകൾ കൂടി എടുപ്പിച്ചിരുന്നു. അതെല്ലാം കൂടി വച്ചാണ് റീൽസ് ചെയ്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ മുതൽ മികച്ച പ്രതികരണങ്ങളാണു കിട്ടുന്നത്. ഞാനും പ്രിയയും ഒരുമിച്ചിരിക്കുന്ന ഫോട്ടോയെക്കുറിച്ചു നിരവധി പേർ നല്ല അഭിപ്രായങ്ങൾ പറഞ്ഞതുകൊണ്ട് അതുകൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്നു’, ഷീല പറഞ്ഞു.