ADVERTISEMENT

ഗൂഗിൾ ഇയർ ഇൻ സെർച്ച് പട്ടിക പുറത്തു വന്നത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. 2022ൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ പാട്ട് അല്ലു അർജുൻ നായകനായെത്തിയ പുഷ്പയിലെ ശ്രീവല്ലി ആണെന്നു കഴിഞ്ഞ ദിവസം കണക്കുകൾ സൂചിപ്പിച്ചിരുന്നു. ചിത്രത്തിനു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘ശ്രീവല്ലി’. ഇന്ത്യക്കാരുടെ ‘തിരച്ചിൽ’ പട്ടികയിൽ ശ്രീവല്ലി മാത്രമല്ല, വേറെയും ചില ജനപ്രിയ ഗാനങ്ങൾ ഇടം നേടിയിട്ടുണ്ട്. അതിൽ പുഷ്പയിലെ തന്നെ ഹോട്ട് നമ്പർ ‘ഊ അന്തവാ...’യും സാമിയും ഉൾപ്പെടുന്നു. 

 

‘ഊ അന്തവാ...’

 

പുഷ്പയിലെ  ‘ഊ അന്തവാ...’  ഐറ്റം ഡാൻസിനു വേണ്ടി സംവിധായകൻ ആദ്യം സമീപിച്ചത് ദിഷ പഠാനിയെ ആയിരുന്നു. താരത്തിന്റെ അസൗകര്യത്തെത്തുടർന്നാണ് ഹോട്ട് നമ്പറുമായി സമാന്ത എത്തിയത്. ‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളില്‍ ഒന്നായിരുന്നു സമാന്തയുടെ ഐറ്റം ഡാൻസ്. താരത്തിന്റെ കരിയറിലെ ആദ്യ ഹോട്ട് നമ്പർ ആണിത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ യൂട്യൂബിൽ തരംഗമായ ഗാനം ആസ്വാദകരുടെ എണ്ണത്തിൽ റെക്കോർഡിട്ടു. 27 കോടി പ്രേക്ഷകരെയാണ് പാട്ട് ഇതുവരെ നേടിയത്. സമാന്തയുടെ ത്രസിപ്പിക്കും ചുവടുകള്‍ തന്നെയായിരുന്നു പാട്ടിന്റെ മുഖ്യ ആകർഷണം. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത പാട്ടിൽ അഭിനയിച്ചത്. 5 കോടിയായിരുന്നു പ്രതിഫലം. 

 

4 മിനിട്ടില്‍ താഴെ മാത്രമാണ് ‘ഊ അന്തവാ...’ പാട്ടിന്റെ ദൈർഘ്യം. സമാന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട് രാജ്യമാകെ തരംഗമായി. ദേവി ശ്രീ പ്രസാദ് ആണ് പാട്ടിന് ഈണമൊരുക്കിയത്. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ഗാനം ആലപിച്ചു. പുഷ്പ 2ല്‍ സമാന്തയ്ക്കു പകരം ഐറ്റം ഡാൻസുമായി മലൈക അറോറ എത്തുമെന്നാണു റിപ്പോർട്ടുകൾ. പുഷ്പയിലെ ‘സാമി’ ഗാനവും ആസ്വാദകലക്ഷങ്ങളെ കയ്യിലെടുത്തതാണ്. രശ്മിക മന്ദാനയുടെ സിഗ്നേച്ചർ സ്റ്റെപ്പിനൊപ്പം പാട്ടിന്റെ താളം പിടിപ്പിക്കും ഈണവും പ്രേക്ഷകരെ പാട്ടിലേക്ക് അടുപ്പിച്ചു. 

 

കടലക്കച്ചവടക്കാരന്റെ കച്ചാ ബദം

 

ബംഗാളിലെ വഴിയോരക്കച്ചവടക്കാരനായിരുന്ന ഭൂപൻ ഭട്യാകർ പാടി വൈറൽ ആക്കിയ ഗാനമാണ് ‘കച്ചാ ബദം’. ബദാം വില്‍പനയിലൂടെ കുടുംബം പോറ്റിയിരുന്ന ഭൂപൻ, ആളുകളെ ആകര്‍ഷിക്കാനായാണ് കച്ചവടത്തിനിടെ പാട്ട് പാടിയത്. ഒരു ദിവസം ഭൂപൻ പാട്ട് പാടുന്നതിന്റെ വിഡിയോ ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ സൂപ്പർഹിറ്റ്! പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. രാജ്യാതിർത്തികൾ ഭേദിച്ചും ‘കച്ചാ ബദം’ താളം പിടിപ്പിച്ചു. അങ്ങനെ 2022ൽ പ്രേക്ഷകർ തിരഞ്ഞ പാട്ടുകളുടെ പട്ടികയിൽ ആ കടലക്കച്ചവടക്കാരന്റെ പാട്ടും ഇടം പിടിച്ചു. 

 

മാറുന്നില്ല ആ ഇഷ്ടം

 

കഴിഞ്ഞ കുറച്ചുകാലമായി പ്രേക്ഷകർ അവിടിവിടെയായി മൂളി നടക്കുന്നുണ്ട് ‘മനികെ മാഗേ ഹിതേ’. 2022ന്റെ അവസാനമായിട്ടും ഈ പാട്ടിനോടുള്ള പ്രിയം അവസാനിക്കുന്നില്ല ആർക്കും. സിംഹള ഭാഷയിലുള്ള ഗാനമാണിത്. ശ്രീലങ്കൻ ഗായിക യൊഹാനി ഡിലോക ഡിസിൽവയാണു ഗായിക. ശ്രീലങ്കൻ കരസേനാ ഓഫിസർ പ്രസന്ന ഡി സിൽവയുടെയും ശ്രീലങ്കൻ എയർലൈൻസിലെ മുൻ എയർഹോസ്റ്റസ് ദിനിതിയുടെയും മകളായ യൊഹാനി, യുകെയിൽനിന്ന് അക്കൗണ്ട്സിൽ മാസ്റ്റേഴ്സ് എടുത്ത് ഓസ്ട്രേലിയയിൽ ഉപരിപഠനം പൂർത്തിയാക്കി 2019 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഗീതം ഗൗരവമായെടുക്കുന്നത്. ‘മനികെ മാഗേ ഹിതേ’ എന്ന ഒറ്റപ്പാട്ടിലൂടെ യൊഹാനി ആഗോള പ്രശസ്തയായി. യുട്യൂബിൽ 2.5 കോടി വരിക്കാരെ നേടുന്ന ആദ്യ ശ്രീലങ്കൻ വനിതാ ഗായിക എന്ന ബഹുമതിയും ഈ ഗാനം യൊഹാനിക്കു നേടിക്കൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com