ഹാലേലൂയ റെക്കോർഡറിൽ പാടും; താരകങ്ങൾ കൺതുറക്കും
Mail This Article
തിരുപ്പിറവിക്കു മുന്നോടിയായുള്ള കാരൾ ഗാനത്തിനൊപ്പം വിശേഷമായ ഹാലേലൂയ ഗാനം ആലപിക്കാൻ വ്യത്യസ്തമായ മാർഗം കണ്ടെത്തിയിരിക്കുകയാണ് കോട്ടയം കലക്ടറേറ്റിനു സമീപത്തെ സിഎസ്ഐ അസൻഷൻ ചർച്ച്. വിദേശത്തു നിന്നെത്തിച്ച റെക്കോർഡർ എന്ന ഉപകരണത്തിലൂടെയാണ് ഹാലേലൂയ കോറസ് ഇത്തവണ ഗായകസംഘം ആലപിക്കുക.
പാടാൻ തന്നെ അത്ര എളുപ്പമല്ലാത്ത ഹാലേലൂയ കോറസ് റെക്കോർഡറിലൂടെ അവതരിപ്പിക്കുന്നത് ഇടവകയിലെ കൗമാരക്കാരാണ്. തുടർച്ചയായ പരിശീലനമില്ലാതെ പ്രയോഗിക്കാൻ ബുദ്ധിമുട്ടുള്ള വാദ്യോപകരണമാണ് റെക്കോർഡർ. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനിൽ ആയതോടെയാണ് ഈ ഉപകരണത്തിൽ ഹാലേലൂയ കോറസ് പരിശീലനം നൽകാമെന്നു സംഗീത അധ്യാപകനായ സോണി വർക്കി ജോർജിന് തോന്നിയത്. തുടർന്ന് പരിശീലനം ആരംഭിച്ചു. ഷോൺ, ആരോൺ, റെയ്‌ഹാൻ, അലീന, ഡെബോറ, ശ്രദ്ധ, മെറോമ എന്നിവരാണ് ഹാലേലൂയ കോറസ് റെക്കോർഡറിലൂടെ അവതരിപ്പിക്കുന്നത്.
14ാം നൂറ്റാണ്ടോടെ യൂറോപ്പിൽ രൂപപ്പെടുത്തിയ സംഗീത ഉപകരണമാണ് റെക്കോർഡർ. ബേസ്, ടെനർ, ട്രേബിൾ, ഡെസ്കാൻട് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഗാനാലാപനമാണ് ഇത്. 1980ൽ ഇംഗ്ലണ്ടിൽ നിന്ന് അസൻഷൻ പള്ളിയിൽ വികാരിയായി എത്തിയ റവ.സുഗു ജോൺ ചാണ്ടി എന്ന വൈദികനാണ് കോട്ടയത്ത് ഈ ഉപകരണസംഗീതം ആദ്യമെത്തിച്ചത്. അക്കാലത്ത് അദ്ദേഹം പരിശീലിപ്പിച്ചവരിൽ ഒരാളാണ് സോണി.
കോവിഡ് മാറിയതോടെ വിദ്യാർഥികൾ റെക്കോർഡറിൽ റെക്കോഡിട്ടു. കൊയർ മാസ്റ്ററുടെ അനുവാദം കൂടി ലഭിച്ചതോടെ ഈ മാസം 24ന് രാത്രി കാരൾ ഗാനങ്ങൾക്കൊപ്പം ഉപകരണ സംഗീതങ്ങളും അരങ്ങുണർത്തും.
സാധാരണയായി വായ്പ്പാട്ടായി പാടുന്ന ഹാലേലൂയ കോറസാണ് ഇവർ ഉപകരണ സഹായത്തോടെ പാടുക. കേൾക്കാൻ ആഗ്രഹമുള്ളവർക്ക് അന്ന് 6.30ന് കലക്ടറേറ്റിനു സമീപമുള്ള അസൻഷൻ ചർച്ചിലെത്താം. അൻപതോളം ആളുകൾ കാരളിൽ പങ്കെടുക്കുന്നുണ്ട്. 16 ഗാനങ്ങൾ ആലപിക്കും.