വേറിട്ട ദൃശ്യാവിഷ്കാരവുമായി ‘പ്രകാശ സുന്ദരം’; കയ്യടി നേടി ന്യൂയോർക്ക് മലയാളി റെനിറ്റ ജോർജ്
Mail This Article
ക്രിസ്മസിനോടനുബന്ധിച്ച് വേറിട്ട സംഗീത വിഡിയോ ഒരുക്കി കര്‍ണാടകയിലെ മുന്‍ ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജിന്‍റെ മകള്‍ റെനിറ്റ ജോര്‍ജ്. റെനിറ്റ സംവിധാനം ചെയ്ത് ജെറി അമല്‍ദേവ് ഈണം പകർന്ന ‘പ്രകാശ സുന്ദരം’ എന്ന ഗാനമാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നത്. ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ റെനിറ്റ ജോർജിന്, കേരളത്തോടുള്ള പ്രണയമാണ് മലയാളികളുടെ തനതുകലയായ ചവിട്ടു നാടകം പ്രമേയമായി ഈ മനോഹര ആൽബമൊരുക്കാൻ കാരണം.
ക്രിസ്മസ് ദിനത്തിൽ പുറത്തിറക്കിയ ഗാനത്തിന് റെനിറ്റയുടെ അമ്മ സുജ ജോർജ് ആണ് വരികളെഴുതിയത്. ചിത്ര അരുൺ, എലിസബത്ത് രാജു, രമേഷ് മുരളി എന്നിവർ ചേർന്നു ഗാനം ആലപിച്ചു. രാഹുൽ അക്കോട്ടാണ് ആൽബത്തിന്റെ ഛായാഗ്രാഹകൻ. കേരളത്തിന്റെ മനോഹാരിത പ്രദർശിപ്പിക്കുന്ന ഈ വിഡിയോ പ്രധാനമായും ആലപ്പുഴയിലും ഫോർട്ട് കൊച്ചിയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഒരു ചവിട്ടുനാടക സംഘം ഫോർട്ട് കൊച്ചിയിലൂടെ യാത്ര ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്ന വിഡിയോ, കേരളത്തിന്റെ ഭൂപ്രകൃതിയുടെ മനോഹാരിത ഏറെ ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു. കേരളത്തിൽ എറണാകുളം ജില്ലയിൽ നിന്ന് ഉത്ഭവിച്ച വളരെ വർണാഭമായ ലാറ്റിൻ ക്രിസ്ത്യൻ ക്ലാസിക്കൽ കലാരൂപമാണ് ചവിട്ടുനാടകം. അതിന്റെ മുഴുവൻ ഭംഗിയും ആവാഹിച്ച് പ്രേക്ഷകർക്കു മുന്നിലെത്തിച്ചിരിക്കുകയാണ് റെനിറ്റ. ‘പ്രകാശ സുന്ദരം’ ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു.