കൂട്ടുകാരന്റെ വൃക്കയിൽ ജീവിതം, മരണം വരെ ആ രഹസ്യം സൂക്ഷിച്ച ബീയാർ; ഇന്നും അജ്ഞാതനായി അയാൾ!
Mail This Article
‘നീ കടിച്ചൂ, പാതി തന്നു, കുഞ്ഞുകിനാവിൻ കണ്ണിമാങ്ങ’ എന്നു ബാല്യകാല സൗഹൃദത്തെപ്പറ്റി പാട്ടിലെഴുതിയ ബീയാർ പ്രസാദിന് ഉടൽ തന്നെ പകുത്തു കൊടുത്തിട്ടുണ്ട് സ്കൂൾ കാലം മുതലേ അറിയുന്ന ഒരു ഇളയ കൂട്ടുകാരൻ. ചലച്ചിത്ര ഗാനരചയിതാവും ടിവി അവതാരകനുമായ ബീയാർ പ്രസാദിന് വൃക്ക നൽകിയ സുഹൃത്ത് ഇന്നും അജ്ഞാതനായി തുടരുകയാണ്. കൂട്ടുകാരന്റെ വൃക്കയില്‍ ബീയാർ മൂന്ന് വർഷത്തിലേറെ ജീവിച്ചു.
2019 ഡിസംബറിലാണ് ബീയാർ പ്രസാദിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. 2018 ജനുവരിയിലാണ് പ്രസാദിനു വൃക്കരോഗം കണ്ടെത്തിയത്. ആഴ്ചയിൽ 2 ഡയാലിസിസ് നടത്തിക്കൊണ്ടിരുന്നു. വൃക്ക മാറ്റിവയ്ക്കലാണു സ്ഥായിയായ പോംവഴിയെന്നു ഡോക്ടർമാർ പറഞ്ഞു. അങ്ങനെ സ്വന്തം വൃക്ക നൽകാമെന്നു പറഞ്ഞു സുഹൃത്തു മുന്നോട്ടു വരികയായിരുന്നു. പ്രസാദ് വിലക്കിയിട്ടും പിന്നോട്ടില്ല. ‘തനിക്കു വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും കൊടുക്കും’ എന്ന മട്ടിൽ നിർബന്ധമായി. പരിശോധിച്ചപ്പോൾ പ്രസാദിനു ചേരും. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൃക്ക മാറ്റിവയ്ക്കൽ നടത്തി.
സ്കൂളിൽ പ്രസാദിന്റെ ജൂനിയറായിരുന്നു വൃക്ക നൽകിയ സുഹൃത്ത്. പിന്നീട് കുറച്ചു കാലം ഒന്നിച്ചു ജോലി ചെയ്തു. കുട്ടിക്കാലം മുതലേ അറിയുമെങ്കിലും ഗാഢബന്ധമില്ലായിരുന്നെന്നു പ്രസാദ് പറഞ്ഞിട്ടുണ്ട്. വൃക്ക നൽകുമ്പോൾ കൂട്ടുകാരൻ ഒന്നേ പറഞ്ഞുള്ളൂ: ഇതു രഹസ്യമായിരിക്കണം. അന്ന് കൂട്ടുകാരനു കൊടുത്ത വാക്ക് ബീയാർ പ്രസാദ് മരണം വരെ കാത്തുസൂക്ഷിച്ചു. ഇന്നും അജ്ഞാതനായി തുടരുകയാണ് ബീയാറിന്റെ ആ ബാല്യകാല സുഹൃത്ത്!