‘ഇന്നലെയും ഫോണിൽ സംസാരിച്ചു, ഇന്ന് ഡിസ്ചാർജാകാനിരിക്കെ അവിചാരിത മരണം’
Mail This Article
ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കിട്ട് സംവിധായകൻ ടി.കെ.രാജീവ് കുമാർ. അറിവിന്റെ ഭണ്ഡാരമായ സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. വർഷങ്ങൾ നീണ്ട സൗഹൃദമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. രാജീവ് കുമാറിന്റെ ആദ്യസിനിമ മുതൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു ബീയാർ പ്രസാദ്. ഇന്നലെയും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും ഇന്ന് ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മടങ്ങാനിരിക്കെയാണ് അവിചാരിതമായി മരണം സംഭവിച്ചതെന്നും രാജീവ് കുമാര്‍ പറഞ്ഞു.
‘എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്. ഷഡ്കാല ഗോവിന്ദ മാരാർ എന്ന തിരക്കഥാരചനയുമായി ബന്ധപ്പെട്ടാണ് ബീയാർ പ്രസാദ് ആദ്യമായി സിനിമയിൽ എത്തിയത്. അന്നുമുതൽ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആ പ്രായത്തിൽ ഉള്ള ചെറുപ്പക്കാരെക്കാൾ കൂടുതൽ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. സംഗീതം, പുരാണം, ചരിത്രം, സാഹിത്യം തുടങ്ങി എല്ലാറ്റിലും അറിവിന്റെ ഭണ്ഡാരമായിരുന്നു ബീയാർ പ്രസാദ്. അദ്ദേഹവുമായുള്ള യാത്ര എന്നെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. എല്ലാവരുമായും അറിവ് പങ്കിടാന്‍ മനസ്സുള്ള നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം. സിനിമാ വ്യവസായവുമായി ഒത്തുപോകാൻ പറ്റാത്ത, ലളിതമായി ജീവിക്കുന്ന, വായനയും സംഗീതവുമായി കഴിയുന്ന ആൾ.
നേട്ടങ്ങൾക്ക് അപ്പുറത്ത് അറിവ് സമ്പാദിക്കുക, അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതു മാത്രമായിരുന്നു ബീയാറിന്റെ ജീവിതലക്ഷ്യം. നിത്യജീവിതത്തിൽ അത്തരം ആളുകളെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ചെറുപ്പം മുതൽ അദ്ദേഹവുമായി സഹകരിക്കാനും പല തുറകളിൽ ഒരുമിച്ച് വർക്ക് ചെയ്യാനും സാധിച്ചു എന്നത് മഹാഭാഗ്യമായി ഞാൻ കാണുന്നു. അദ്ദേഹത്തിന്റെ അസുഖം തുടങ്ങിയപ്പോൾ മുതൽ ഓരോ ദിവസവും വേദനയോടെയാണ് അദ്ദേഹത്തെ ഓർത്തിരുന്നത്. അസുഖബാധിതനായ അദ്ദേഹത്തെ പോയി കണ്ടിരുന്നു. അപകടനില തരണം ചെയ്ത് ജീവിതത്തിലേക്കു തിരിച്ചു വന്നുകൊണ്ടിരിക്കുകയായിരുന്നു.
ഇന്നലെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഞാൻ പറയുന്നത് മുഴുവൻ കേട്ട് പ്രതികരിച്ചുകൊണ്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഇന്ന് രാവിലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകാൻ തയ്യാറാവുമ്പോഴാണ് പെട്ടെന്ന് ഒരു ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തത്. അദ്ദേഹത്തിന്റെ മരണം എനിക്ക് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും സുഹൃത്തുക്കൾക്കും ഈ വേദന താങ്ങാൻ ശക്തിയുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു’, ടി.കെ രാജീവ് കുമാർ പറഞ്ഞു.