ADVERTISEMENT

പരിഹസിച്ചവർക്കും വിമർശിച്ചവർക്കും മറുപടിയായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ പുതുവർഷ സ്പെഷൽ വിഡിയോ. തന്റെ ഗാനാലാപന രീതിയെ പരിഹസിക്കുന്നവരോടാണ് ഹരീഷ് വിഡിയോയിലൂടെ പ്രതികരണമറിയിച്ചിരിക്കുന്നത്. പരിഹാസരൂപേണയാണ് ഗായകന്റെ മറുപടി. തന്നെ ചീത്ത പറയുമ്പോഴും വീട്ടുകാരെക്കുറിച്ചു മോശമായി സംസാരിക്കുമ്പോഴും മറ്റുള്ളവർ അതിനെ തമാശയായി കാണുന്നുവെന്നും അവർക്കുള്ള മറുപടിയാണിതെന്നും തനിക്ക് അതൊന്നും തമാശയല്ലെന്നും ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നു. 

 

‘എന്നെ ഇന്ന് വരെ പ്രോത്സാഹിപ്പിച്ചു, കൂടെ നിന്ന്, നല്ല രീതിയിൽ വിമർശിച്ചു മുമ്പോട്ടേക്ക് നയിക്കാൻ സഹായിച്ച ഓരോരുത്തർക്കും എന്റെ നന്ദി. നിങ്ങൾ ഇല്ലെങ്കിൽ എനിക്ക് നിലനിൽപ്പില്ല. പണ്ടും ഇന്നും ഇനി ഭാവിയും. പക്ഷേ ഈ വിഡിയോ നിങ്ങൾക്കുള്ളത് അല്ല. ഞാൻ പാടുന്ന സിനിമ പാട്ടുകൾ കേട്ട് എന്നെ കൈകാര്യം ചെയ്യണം എന്ന് തോന്നുന്ന കുറച്ചു പേരോടുള്ള എന്റെ ഒരു അപേക്ഷ സന്ദേശവും ഒരു ചെറിയ ഗാനവും ആണ് ഈ വിഡിയോയുടെ ഉള്ളടക്കം. വേറെ ചെയ്യാൻ എന്തെങ്കിലും പണി ഉണ്ടെങ്കിൽ ഈ വിഡിയോ ഇപ്പോൾ കാണണ്ട ഒരു കാര്യോം നിങ്ങൾക്കില്ല. ജോലീം കൂലീം ഇല്ലാതെ ഇരിക്കുന്നെങ്കിൽ ഇപ്പോൾ തന്നെ കേൾക്കണേ പ്ലീസ്’, എന്നു കുറിച്ചുകൊണ്ടാണ് ഹരീഷ് ശിവരാമകൃഷ്ണൻ വിഡിയോ പങ്കിട്ടത്. വിഡിയോയിൽ ഗായകൻ പറയുന്നതിങ്ങനെ: 

 

‘കഴിഞ്ഞ വർഷം ഞാൻ സിനിമ ഗാനങ്ങളൊക്കെ പാടുന്നതു കേട്ടപ്പോൾ ചിലർക്കൊക്കെ ആരോഗ്യ, സാങ്കേതിക, സാമ്പത്തിക, മാനസിക പ്രശ്നങ്ങളൊക്കെ ഉണ്ടാകാന്‍ ഇടയായത് വ്യസനപൂർവം ഞാൻ തിരിച്ചറിഞ്ഞു. പാട്ട് പാടുമ്പോള്‍ ചില കേൾവിക്കാർക്ക് രക്തസമ്മർദ്ദം കൂടുമെന്നും ചിലർ ഗായകനെ തല്ലാൻ വേണ്ടി വരുമെന്നും വേറെ ചിലർ അവനെ ചീത്ത വിളിക്കുമെന്നുമൊക്കെയുള്ളത് ആളുകളുടെ സ്വഭാവികമായ പ്രതികരണരീതിയാണെന്ന് ഞാൻ ഇപ്പോഴാണ് തിരിച്ചറിയുന്നത്. 

 

പാടുന്നത് പുരുഷനാണെങ്കിൽ അയാൾക്ക് യേശുദാസ് സാറിന്റെ അതേ ശബ്ദം തന്നെ വേണമെന്നാണ് ശ്രോതാവിന്റെ ആവശ്യം. സ്ത്രീ ആണെങ്കിൽ അത് ചിത്ര ചേച്ചിയുടേയോ സുജാത ചേച്ചിയുടേയോ ശബ്ദം പോലെ തന്നെയായിരിക്കണം. ഇതൊക്കെയാണ് കേൾവിക്കാരുടെ ആവശ്യം. ആ രീതിയിലേക്ക് വളർന്നെങ്കിൽ മാത്രമേ ഇവിടെ പാട്ടുകൾ പാടാൻ സാധിക്കൂ എന്നും എനിക്കു മനസ്സിലായി. അല്ലാത്തപക്ഷം മറ്റുള്ളവർക്കു ബുദ്ധിമുട്ടുകളുണ്ടാകും. അവർ അതങ്ങ് സഹിക്കട്ടെ. എന്തായാലും ഞാൻ പാട്ട് നിർത്തില്ല’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com