ADVERTISEMENT

ഗായിക കെ.എസ് ചിത്രയ്ക്കൊപ്പം സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയ ആ ഗായകൻ ഇന്നെവിടെയാണ്? ഏതാനും ദിവസങ്ങളായി സഹപാഠികൾക്കൊപ്പം കേരളം തേടിയ ആ ഗായകനെ, മോഹൻ ലോറൻസ് സൈമണിനെ മലയാള മനോരമ ദുബായിൽ കണ്ടെത്തി. അച്ഛനും അമ്മയും ചേർന്നൊരുക്കിയ ഗാനങ്ങൾ പാടി, സമ്മാനം നേടിയ കലോൽസവകാലം അദ്ദേഹം ഓർത്തെടുത്തു.

 

നാല് വർഷമായി ടാലന്‍റ് ഗ്രൂപ്പ് ഡയറക്ടറാണ് മോഹന്‍. മനോരമ സംഘം തേടിയെത്തിയപ്പോൾ ഓഫിസിൽ ജോലി തിരക്കിലായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ മണ്ണിൽ കലോത്സവത്തിന്റെ ആവേശം കൊടിയേറിയപ്പോഴാണ് 70കളില്‍ കലോത്സവവേദിയിലെ താരമായിരുന്ന മോഹനെ കൂട്ടുകാർ  അന്വേഷിച്ചു തുടങ്ങിയത്. സഹപാഠിയെ തേടി സംഗീത ഗവേഷകൻ രവി മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മോഹനെക്കുറിച്ച് പലരും കേട്ടത്. തുടർന്ന് പലയിടത്തായി ആ പാട്ടുകാരനെ തിരഞ്ഞു തുടങ്ങി. 

 

1977 കോഴിക്കോട് ജില്ലാ യുവജനോത്സവത്തിലും 1978ലെ സംസ്ഥാന കലോത്സവത്തിലും ലളിതഗാനത്തിൽ ഒന്നാമതെത്തിയതു മോഹൻ ലോറൻസ് സൈമൺ എന്ന പ്രതിഭയാണ്. 1978ൽ പെൺകുട്ടികളുടെ ലളിതഗാന വിഭാഗത്തിൽ ഒന്നാമതെത്തിയ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ കെ.എസ്.ചിത്ര പിന്നീട് ദക്ഷിണേന്ത്യയിലെ വാനമ്പാടിയായി. പക്ഷേ, മോഹൻ ലോറൻസ് സൈമൺ എന്ന പാട്ടുകാരനെക്കുറിച്ച് പിന്നീട് അധികം കേട്ടില്ല. 

 

മോഹനെക്കുറിച്ച് രവി മേനോ‍ൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് മലയാള മനോരമയിൽ വാർത്തയായതോടെ ഒരുപാടുപേർ തന്നിലെ ഗായകനെ തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് മോഹൻ ലോറന്‍സ് സൈമൺ ഇപ്പോൾ. ലളിതഗാനത്തിന് സമ്മാനം കിട്ടിയതോർക്കുമ്പോൾ വയനാട് ചുണ്ടേൽ ആർസി ഹൈസ്കൂളിലെ ജോസ് സാറിനെ ഓർക്കാതിരിക്കാനാകില്ല മോഹന്.

 

പ്രീഡിഗ്രി കഴിഞ്ഞ് പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായിരുന്നു മോഹം. മ്യൂസിക് ആൻഡ് ആക്ടിങ് കോഴിസിന് പ്രവേശനവും ലഭിച്ചിരുന്നു. പക്ഷേ അച്ഛന് മകനെ അഭിഭാഷകനായി കാണാനായിരുന്നു ആഗ്രഹം. രണ്ടും നടന്നില്ലെന്നതു സത്യം. ഒപ്പം പാടി സമ്മാനം നേടിയ പെണ്‍കുട്ടിയെ ഓർമയുണ്ടെങ്കിലും അത് ഇന്നത്തെ കെ.എസ്.ചിത്രയാണെന്ന് അറിയില്ലായിരുന്നെന്ന് മോഹൻ പറയുന്നു. 1978ൽ സമ്മാനം നേടിയ ഗാനങ്ങളൊരുക്കിയത് അച്ഛനും അമ്മയും ചേർന്നാണ്. ആദ്യഗാനം ഇരുവരും ചിട്ടപ്പെടുത്തിയപ്പോൾ, സംസ്ഥാന കലോൽസവത്തിന് പാടിയ പാട്ട് ഒമാനിലായിരുന്ന ഭാര്യയെ ഓർത്ത് അച്ഛൻ എഴുതിയാണെന്ന് പറയുന്നു മോഹൻ. കൈവിട്ടുപോയതെല്ലാം തിരിച്ചുപിടിക്കാനുള്ളൊരു ഊർജം കൂടിയാണ് മോഹന് ഈ ഓർമപ്പെടുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com