ടെയ്‌ലർ സ്വിഫ്റ്റിന്റെ വളർത്തുപൂച്ചയുടെ വില 800 കോടി; കണ്ണ് തള്ളി ആരാധകർ, പൂച്ച സമ്പാദിക്കുന്നത് കോടികൾ!
Mail This Article
ഗ്രാമി ജേതാവായ പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ പൂച്ചയുടെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. 800 കോടി! ഒലീവിയ ബെന്‍സണ്‍ എന്നാണ് ഈ പൂച്ചയുടെ പേര്. എന്നാല്‍ ലോകത്ത് ഏറ്റവും വില കൂടിയ പൂച്ച ഇതല്ല. ഇതിലും കൂടുതൽ വിലയുള്ള രണ്ട് പൂച്ചകള്‍ വേറെയുണ്ടെന്നാണ് ഓള്‍എബൗട്ട്ക്യാറ്റ്‌സ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് പറയുന്നത്.
കഴിഞ്ഞ 8 വർഷങ്ങളായി ഒലീവിയ ടെയ്‌ലർ സ്വിഫ്റ്റിന്റെ കൂടെയുണ്ട്. മെരെഡിത് ഗ്രേ, ബെഞ്ചമിന്‍ ബട്ടന്‍ എന്നിങ്ങനെ വേറെ രണ്ട് പൂച്ചകളും ഗായികയ്ക്കുണ്ട്. ഇതില്‍ ഒലീവിയയുടെ വില മാത്രമാണ് പുറത്തുവിട്ടത്. മറ്റ് രണ്ട് പൂച്ചകളുടെ വില വ്യക്തമല്ല. വളർത്തുപൂച്ചയുടെ വിലകേട്ട് അമ്പരന്ന ആരാധകർ അതിന്റെ ഉടമയുടെ ആസ്തി എത്രയാണെന്നു കൂടി അന്വേഷിക്കുകയാണിപ്പോൾ. 2022ലെ കണക്കു പ്രകാരം 4,700 കോടിയാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ആസ്തി.
ലോകമെമ്പാടുമുള്ള പ്രശസ്ത വളര്‍ത്തു മൃഗങ്ങളുടെ ഇന്‍സ്റ്റഗ്രാം ഡേറ്റ നോക്കിയാണ് അവയുടെ മൂല്യം കണക്കാക്കുന്നത്. ഈ വളര്‍ത്തു മൃഗങ്ങള്‍ ഓരോന്നിന്റെയും ഇന്‍സ്റ്റഗ്രാം റീച്ച്, അവ എത്ര സമ്പാദിക്കുന്നു, ജനപ്രീതി തുടങ്ങിയവയെല്ലാം കണക്കാക്കും. ഒലീവിയക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലെങ്കിലും ടെയ്‌ലറിന്റെ അക്കൗണ്ടുവഴി പൂച്ചയുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒലീവിയയുടെ മൂല്യം നിശ്ചയിച്ചത്.
ടെയ്‌ലറിന്റെ സമ്പാദ്യത്തില്‍ മുഖ്യമായ പങ്ക് വഹിക്കുന്നത് ഒലീവിയയാണ്. താരത്തിന്റെ നിരവധി മ്യൂസിക് വിഡിയോകളിലും പരസ്യ ചിത്രീകരണങ്ങളിലും ഈ പൂച്ചയുടെ സാന്നിധ്യമുണ്ട്. നിരവധി ബിഗ് ബജറ്റ് പരിപാടികളിലൂടെ പൂച്ച ടെയ്‌ലര്‍ സ്വിഫ്റ്റിനു കോടികൾ നേടിക്കൊടുത്തിട്ടുമുണ്ട്. ലോകത്തിലെ വളർത്തുമൃഗങ്ങളിൽ സമ്പത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയ ഒലീവിയയ്ക്ക് ആരാധകരും ഏറെയാണ്.