‘അമ്പോ! ഇത് ശോഭനയല്ലേ?’ അപരയെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ, വൈറലായി ഗായിക
Mail This Article
പ്രഗത്ഭയായ കർണാടിക് സംഗീതജ്ഞ ശിവശ്രീ സ്കന്ദയുടെ കച്ചേരി വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അതുപക്ഷേ പാട്ടിന്റെ പേരിലല്ല, മറിച്ച് രൂപസാദൃശ്യത്തിന്റെ പേരിലാണ്. നടി ശോഭനയുമായി ശിവശ്രീക്ക് മുഖസാദൃശ്യമുണ്ടെന്നാണ് സമൂഹമാധ്യമലോകത്തിന്റെ കണ്ടെത്തൽ.
ശിവശ്രീയുടെ പഴയ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ശോഭനയാണെന്നേ തോന്നൂ. നടിയുടെ പഴയ ലുക്കിനെ ഓർമിപ്പിക്കും വിധത്തിലുള്ളതാണ് ശിവശ്രീയുടെ വിഡിയോ. നിരവധി പേരാണ് മുഖസാദൃശ്യം കണ്ട് അമ്പരന്നിരിക്കുന്നത്. ഇത് ശോഭന തന്നെയല്ലേ എന്നാണ് പലരും ചോദിക്കുന്നത്. ശിവശ്രീ സമൂഹമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. എന്നാൽ അവയില്‍ ചിലതിൽ മാത്രമാണ് ശോഭനയുമായി സാമ്യം തോന്നുന്നത്.
പ്രശസ്ത കർണാടിക് സംഗീതജ്ഞയും നർത്തകിയുമാണ് ശിവശ്രീ സ്കന്ദ. മ്യൂസിക് അക്കാദമി, നാരദ ഗാനസഭ, ശ്രീകൃഷ്ണ ഗാനസഭ, ബ്രഹ്മഗാനസഭ തുടങ്ങിയ വേദികളില്‍ ഒരു ദശാബ്ദത്തിലേറെയായി അവര്‍ പാട്ടും നൃത്തവും അവതരിപ്പിക്കുന്നുണ്ട്. ബിടെക് ബിരുദധാരിയാണ്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പിതാവ് സ്കന്ദപ്രസാദ് പ്രഗത്ഭനായ മൃദംഗ വിദ്വാനാണ്.