പണംവാരിച്ചിത്രത്തിലെ ആഘോഷപ്പാട്ട്; ഗോൾഡൻ ഗ്ലോബില് കൊടിപാറിച്ച ‘നാട്ട് നാട്ട്’!
Mail This Article
എസ്.എസ്.രാജമൗലി തന്റെ ചിത്രത്തിനു പേരിട്ടപ്പോൾതന്നെ അതിനൊരു താളമുണ്ടായിരുന്നു: രണം,രുധിരം,രൗദ്രം. ആർആർആർ എന്ന ചുരുക്കപ്പേരിൽ സിനിമ സ്ക്രീനിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ നൃത്തം ചെയ്യിച്ചൊരു പാട്ട് സിനിമയുടെ ഹൈലൈറ്റായി. രാംചരണും ജൂനിയർ എൻടിആറും മത്സരിച്ചു നൃത്തച്ചുവടുകൾ വച്ച ‘‘ നാട്ട് നാട്ട്.... ’’ ഗോൾഡൻ ഗ്ലോബിലും കൊടിപാറിക്കുമ്പോൾ അത് ലോകവേദിയിൽ ഇന്ത്യയുടെ നാട്ടുപാട്ടിനുള്ള അംഗീകാരവുമായി.
ചിത്രത്തിന്റെ കഥാഗതിയെ കൃത്യമായി ഉയർത്തുന്ന സീനിലാണ് പാട്ട് ഉപയോഗിച്ചിരിക്കുന്നത്. ഒരു പാർട്ടിക്കിടെ സിനിമയിലെ നായകന്മാരോടു ഫ്ലെമിംഗോ സ്റ്റൈലിൽ ഡാൻസ് ചെയ്യാനറിയാമോ എന്നു പരിഹാസത്തോടെ ചോദിക്കുന്നുണ്ട്. ആ പാട്ടിൽ ചുവടുപിഴച്ച് കാൽതട്ടി വീഴുന്ന നായകർ ഇവിടുത്തെ നാടൻപാട്ട് നിങ്ങൾക്കറിയാമോ എന്നു ചോദിച്ചാണ് ‘ നാട്ടു നാട്ടു’ പാട്ടിലേക്കു ചുവടുവയ്ക്കുന്നത്. സൗത്ത് ഇന്ത്യൻ ഫോക്കിന്റെ റിഥമാണ് പാട്ടിന്റെ താളം. പാട്ട് തീരാറാകുമ്പോൾ ഒരു മിനിറ്റിലേറെ റിഥം തുടികൊട്ടിക്കയറുകയാണ്. അതു പ്രേക്ഷകന്റെ നെഞ്ചിടിപ്പുപോലെ ഉയർന്നുയർന്നു പോകുന്നു. നായകന്മാർ മത്സരിച്ചു നൃത്തം ചെയ്തതുപോലെതന്നെ മത്സരിച്ചു പാടുകയായിരുന്നു ഗായകരായ കാലഭൈരവയും രാഹുൽ സ്പിലിഗുഞ്ജും.
ഇത്രയും ഹെവി റിഥത്തിലുള്ള പാട്ട് ഇന്ത്യൻ സിനിമകളിൽ അപൂർവമാണെന്നാണ് ഗായകർ ചൂണ്ടിക്കാട്ടുന്നത്. അടിസ്ഥാനപരമായ മെലഡി പാട്ടിൽ അപ്പോഴും ലയിച്ചുകിടക്കുന്നുവെന്നതാണ് കീരവാണിയുടെ ഈണങ്ങളുടെ പ്രത്യേകത. ബാഹുബലിയിലും മഗധീരയിലും ഫാസ്റ്റ് നമ്പറുകൾ പരീക്ഷിക്കുമ്പോഴും ചുണ്ടിൽ മൂളാനൊരു മെലഡി കീരവാണി സമ്മാനിച്ചിരുന്നു. പുരസ്കാരവേദിയിലെ അവതാരക പാട്ടിനെ ‘ നാറ്റു നാറ്റു ’ എന്നാണു വിളിച്ചതെങ്കിലും നാട്ടുപാട്ടിന്റെ പുരസ്കാര ശോഭയെ അതൊന്നും കെടുത്തിയില്ല.