ബിടിഎസും വമ്പൻ ഗായകരും വീണു; ഗിന്നസ് റെക്കോർഡിന്റെ കൊടുമുടി കയറി ബോളിവുഡ് ഗായിക
Mail This Article
2022ൽ ലോകത്ത് ഏറ്റവുമധികം ആളുകൾ കേട്ടതും യൂട്യൂബിൽ സ്ട്രീം ചെയ്തതും ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്കിന്റെ പാട്ടുകളെന്നു റിപ്പോർട്ട്. കോടിക്കണക്കിന് ആരാധകരുള്ള ടെയ്‌ലര്‍ സ്വഫ്റ്റ്, ഷക്കീറ തുടങ്ങിയ പോപ് ഗായകരെയും ബിടിഎസ്, ബ്ലാക് പിങ്ക് തുടങ്ങിയ വിഖ്യാത സംഗീത ബാൻഡുകളെയും പിന്‍തള്ളിയാണ് അൽക്ക യാഗ്നിക് ഒന്നാമതെത്തിയത്. ഇത് മൂന്നാം തവണയാണ് അൽക്ക യാഗ്നിക് ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. 2020 ലും 21 ലും ഇതേ നേട്ടം ഗായിക സ്വന്തം പേരിലാക്കിയിരുന്നു. ഈ അപൂർവ വിജയം ഗായികയെ ഗിന്നസ് ലോക റെക്കോർഡിന്റെ കൊടുമുടി കയറ്റി.
2022ൽ അൽക്കയുടെ പാട്ടുകൾ 15.3 ബില്യൻ തവണയാണ് യൂട്യൂബിൽ സ്ട്രീം ചെയ്തത്. ഒരു ദിവസം തന്നെ 4.2 കോടിയെന്ന നിലയിൽ ജനം അൽക്കയുടെ പാട്ടുകൾ കേട്ടു. 14.7 ബില്യൻ തവണ സ്ട്രീം ചെയ്യപ്പെട്ട ബാഡ് ബണ്ണിയാണ് രണ്ടാം സ്ഥാനത്ത്. ബിടിഎസിന്റേത് 7.95 ബില്യന്‍ തവണയും ബ്ലാക് പിങ്കിന്റേത് 7.03 ബില്യൻ തവണയും സ്ട്രീം ചെയ്യപ്പെട്ടു. ഇന്ത്യൻ ഗായകരായ ഉദിത് നാരായൺ (10.8 ബില്യൻ), അർജിത് സിങ് (10.7 ബില്യൻ), കുമാർ സാനു (9.09 ബില്യൻ) എന്നിവരും ഇഷ്ട ഗായകരുടെ പട്ടികയിലെത്തിയിട്ടുണ്ട്.
ബോളിവുഡിൽ ഏറ്റവുമധികം സോളോ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളാണ് അൽക്ക യാഗ്നിക്. മാധുരി ദീക്ഷിത്, ജൂഹി ചൗള, ശ്രീദേവി തുടങ്ങിയവർക്കു വേണ്ടിയായിരുന്നു അൽക്കയുടെ കൂടുതൽ പാട്ടുകളും. വ്യത്യസ്തവും മനോഹരവുമായ ശബ്ദവും പാട്ടിന്റെ ആത്മാവറിഞ്ഞുള്ള ആലാപനവും ഗായികയ്ക്കു നിരവധി ആരാധകരെ നേടി കൊടുത്തു. 90കളിലെ അൽക്ക യാഗ്നിക് പ്രണയ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകർക്കു പ്രിയപ്പെട്ടവയാണ്.