മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് മഞ്ജു വാരിയരുടെ അമ്മ; ഹൃദയം തൊടും കുറിപ്പുമായി നടി
Mail This Article
മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജ മാധവൻ. മഞ്ജു തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അമ്മ നൃത്ത വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളും മഞ്ജു വാരിയർ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം നടി കുറിച്ച ഹൃദ്യമായ വാക്കുകൾ ഇതിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു.
‘അമ്മേ നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിനു നന്ദി. 67ാം വയസ്സിലാണ് അമ്മ ഇത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിനു സ്ത്രീകളെയും അമ്മ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു. അമ്മയെക്കുറിച്ചോർത്ത് ഏറെ അഭിമാനിക്കുന്നു’, മഞ്ജു വാരിയർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ചുരുങ്ങിയ സമയത്തിനകമാണ് ഗിരിജ മാധവന്റെ ചിത്രങ്ങൾ വൈറലായത്. രമേഷ് പിഷാരടി, ഗീതു മോഹൻദാസ്, ആഷിക് അബു, സിതാര കൃഷ്ണകുമാർ തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രശംസ അറിയിക്കുന്നുണ്ട്. ഗിരിജ അനേകം പേർക്കു പ്രചോദനമാണെന്നാണു ലഭിക്കുന്ന കമന്റുകള്‍. അടുത്തിടെ ഗിരിജ മാധവൻ കഥകളിയിലും അരങ്ങേറ്റം കുറിച്ചിരുന്നു.