ചേച്ചിയില്ലാതൊരു വരി പോലും പാടാനാകില്ലെന്നു പറഞ്ഞവൾ, ഒടുവിൽ ചേച്ചിയെ തനിച്ചാക്കി പോയി! ഇനി പാടുമോ സരോജം?
Mail This Article
ഇരുസ്വരങ്ങൾ ഇഴചേർന്നലിഞ്ഞോഴുകുന്ന സംഗീതപ്പുഴയായിരുന്നു ബോംബെ സിസ്റ്റേഴ്സ്. അതിലൊരാൾ, ലളിത. മറ്റെയാൾ സരോജ. പ്രായവ്യത്യാസം ഒന്നര വയസ്സു മാത്രം. കുട്ടിക്കാലം മുതൽ പാട്ടുവഴിയിൽ കൈകോർത്തു പിടിച്ച് ഒരുമിച്ചു നടന്നവരിൽ ഇനി ഒരാൾ ഒറ്റയ്ക്കു നടക്കണം. ‘ഒറ്റയ്ക്കു പാടുകയോ? ചേച്ചിയില്ലാതെ എനിക്കൊരു രാഗം മൂളാൻ പോലുമാകില്ല’ എന്നു പറഞ്ഞ ലളിത പാതിയിൽ മുറിഞ്ഞ രാഗമായി മാറിയിരിക്കുന്നു. പാട്ടിൽ, ജീവിതത്തിൽ ചേച്ചിയെ തനിച്ചാക്കി ലളിത പോയി. ഗായികയുടെ അപ്രതീക്ഷിത വിയോഗം സംഗീതലോകത്തെയാകെ വേദനിപ്പിക്കുകയാണ്. ഒരുമിച്ചല്ലാതെ പാടിയിട്ടില്ലാത്ത ഈ സഹോദരസ്വരങ്ങളിൽ ഒന്നു നിലച്ചപ്പോൾ സരോജത്തെ ആശ്വസിപ്പിക്കുവതെങ്ങനെയെന്നോർത്തു വേദനിക്കുകയാണ് ഉറ്റവർ. സരോജ ഇനി പാട്ടുജീവിതത്തിലേക്കു മടങ്ങി വരുമോയെന്ന സംശയം കൂടെ ബലപ്പെടുകയാണിപ്പോൾ
കർണാടക സംഗീതത്തിലെ അപൂർവ ജോടിയായിരുന്നു ബോംബെ സിസ്റ്റേഴ്സ്. ഇഴപിരിയാത്ത പാട്ടിന്റെ ഈ കൂട്ട്. തനിയേ പാടാനുള്ള വിമുഖത കൊണ്ട് ചലച്ചിത്രഗാനങ്ങൾ പാടാനുള്ള ക്ഷണങ്ങൾ പോലും ഇരുവരും നിരസിച്ചിട്ടുണ്ട്. തൃശൂർ തിരുവമ്പാടിയിലെ എൻ.ചിദംബരം അയ്യരുടെയും തൂപ്പൂണിത്തുറക്കാരി മുക്താംബാളിന്റെയും മക്കൾ ചെറുപ്പത്തിലേ ബോംബെയിലെത്തി. അച്ഛനു റെയിൽവേയിലായിരുന്നു ജോലി. അമ്മ മുക്താംബാൾ ഗംഭീരമായി പാടിയിരുന്നെങ്കിലും കച്ചേരികളുടെ ലോകം പൊതുവേ അക്കാലത്തു സ്ത്രീകൾക്കു വിലക്കപ്പെട്ടിരുന്നു.
മൂത്ത സഹോദരി സേതു മഹാദേവനിൽ നിന്നാണ് ഇരുവരും സംഗീതം പഠിച്ചു തുടങ്ങിയത്. സരോജ ചെറുപ്പത്തിലേ മനോഹരമായി പാടുമായിരുന്നു. ലളിതയാകട്ടെ പാട്ടിന്റെ പടി കടക്കാനേ കൂട്ടാക്കിയില്ല. ചിദംബരയ്യർ തന്റെ വാച്ചിന്റെ സ്വർണച്ചെയിൻ ഉരുക്കി സരോജയ്ക്ക് ഒരു വള പണിതു നൽകി. നന്നായി പാടിയാൽ വള കിട്ടുമെന്നു വന്നതോടെ ലളിതയും സംഗീതത്തിലേക്ക് എത്തി. സംഗീതാസ്വാദകനായിരുന്ന അച്ഛന്റെ കടുംചിട്ടകളാണ് ഇവർക്കു തുണയായത്. രാവിലെ കൃത്യം അഞ്ചരയ്ക്ക് എഴുന്നേറ്റ് സാധകം ചെയ്തില്ലെങ്കിൽ കാപ്പി പോലും കൊടുക്കേണ്ടെന്നായിരുന്നു അമ്മയ്ക്കുള്ള നിർദേശം.
1958 ൽ മദ്രാസ് സെൻട്രൽ കോളജ് ഓഫ് മ്യൂസിക്കിന്റെ ഫെലോഷിപ് നേടി സരോജ മുംബൈ വിട്ടു. വൈകാതെ ലളിതയും ഫെലോഷിപ് നേടി. പതിറ്റാണ്ടുകളായി ചെന്നൈ ആയിരുന്നു തട്ടകം. 1963 മുതൽ ഇരുവരും ഒരുമിച്ചു പാടാൻ തുടങ്ങി. പ്രശസ്ത ഗായകൻ ഹരിഹരന്റെ അച്ഛൻ എച്ച്.എ.എസ്.മണി, മുസിരി സുബ്രഹ്മണ്യ അയ്യർ, ടി.കെ.ഗോവിന്ദ റാവു എന്നിവരായിരുന്നു ഗുരുക്കൻമാർ. സെൻട്രൽ കോളജിലെ ചടങ്ങുകളിൽ പ്രാർഥനയ്ക്കായി പ്രിൻസിപ്പൽ മുസിരി വിളിച്ചിരുന്നത് ബോംബെ സിസ്റ്റേഴ്സിനെയാണ്. ആ പേരു പതിയാൻ മറ്റൊരു കാരണവുമുണ്ടായി. പാട്ടുകേട്ട് ഇഷ്ടമായ ആമ്പത്തൂരിലെ മൗനസ്വാമി കടലാസിൽ എഴുതി: ‘ഇവരെ ബോംബെ സഹോദരിമാരെന്നു വിളിക്കാം’. സംഗീതസാന്ദ്രമായ തമിഴകമാണ് ഇരുവരെയും ബോംബെ സിസ്റ്റേഴ്സാക്കിയത്.
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം, സംഗീതനാടക അക്കാദമി പുരസ്കാരം, എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികൾ തേടിയെത്തിയ ഈ സംഗീത സാഹോദര്യ സപര്യയെ 2020 ൽ പത്മശ്രീ നൽകിയാണ് രാജ്യം ആദരിച്ചത്. മുക്താംബരം ട്രസ്റ്റിലൂടെ അവർ പുതിയ ഗായകരെ കൈപിടിച്ചു നടത്തി.
ചെറുപ്പത്തിലേ തൃശൂർ വിട്ടു പോയെങ്കിലും ലളിതയും സരോജയും തങ്ങളുടെ വേരുകൾ മറന്നില്ല. സ്കൂളിൽ മലയാളം പഠിച്ചു. കച്ചേരിക്കുള്ള പാട്ടുകൾ എഴുതിയതു പോലും മലയാളത്തിലായിരുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകൾ കണ്ടും പഴയകാല ചലച്ചിത്രഗാനങ്ങൾ കേട്ടും മലയാളാനുരാഗം തുടർന്നു. കെ.എസ്.ചിത്രയോട് ഒരു പ്രത്യേക ഇഷ്ടം എപ്പോഴും സൂക്ഷിച്ചു.
ബോംബെ സിസ്റ്റേഴ്സിന്റെ ആദ്യ മേജർ കച്ചേരിക്കു നിമിത്തമായത് സാക്ഷാൽ മധുരൈ മണി അയ്യരാണ്. 1965ൽ മൈലാപ്പൂരിലെ സായിബാബ കോവിലിൽ പ്രധാന കച്ചേരി അവതരിപ്പിക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ആരോഗ്യപ്രശ്നം അലട്ടിയപ്പോൾ പ്രധാന കച്ചേരി ചിദംബരയ്യരുടെ മക്കൾ അവതരിപ്പിക്കട്ടെയെന്നു നിർദേശിച്ചത് മണി അയ്യരാണ്. ആ കച്ചേരി കേട്ട് ഇഷ്ടപ്പെട്ട എച്ച്.രാജാറാം പിന്നീടു സരോജയുടെ ജീവിതത്തിലേക്ക് എത്തി. അഭിഭാഷകനായ ചന്ദ്രനാണ് ലളിതയെ വിവാഹം ചെയ്തത്. ജീവിതം രണ്ടു കുടുംബങ്ങളിലേക്കു മാറിയിട്ടും കച്ചേരിയിൽ അവർ ഒരുമിച്ചു നിന്നു. ‘ഞാൻ’ എന്നൊരു വാക്ക് ഒരിക്കലും വന്നില്ല, എന്നും പറഞ്ഞത് ‘ഞങ്ങൾ’ എന്നു മാത്രം. പാട്ടിന്റെ രണ്ടു പൊൻകസവിഴകളെ പിരിയാതെ കോർത്തുകെട്ടി കാലം. പക്ഷേ അതിലൊരാൾ ഇന്ന് വിടപറഞ്ഞിരിക്കുന്നു. പാടിയും പറഞ്ഞും മതിവരാതെ, പാട്ട് പാതിയിൽ നിർത്തി മറ്റേതോ ലോകത്തേയ്ക്ക്.