ദിവസങ്ങൾക്കു മുൻപും കണ്ടു, എന്നെ അനുഗ്രഹിച്ചു, നെറുകയിൽ ചുംബിച്ചു; ഇത് താങ്ങാനാകുന്നില്ല: കെ.എസ് ചിത്ര
Mail This Article
വാണി ജയറാമിന്റെ മരണം സംഗീതലോകത്തിനു നികത്താനാകാത്ത നഷ്ടമെന്ന് ഗായിക കെ.എസ്. ചിത്ര. വാണിയമ്മയുമായി കഴിഞ്ഞ ബുധനാഴ്‌ച സംസാരിച്ചിരുന്നുവെന്നും അത് അവസാനത്തെ സംസാരമാണെന്നു കരുതിയിരുന്നില്ലെന്നും ചിത്ര പറയുന്നു. പത്മഭൂഷൺ ലഭിച്ച വാണിയമ്മയെ ആദരിക്കുന്ന ചടങ്ങിൽ കഴിഞ്ഞ മാസം 28ന് പങ്കെടുത്തിരുന്നു. അന്ന് അമ്മയുടെ അനുഗ്രഹം വാങ്ങി. ഒരു ഉമ്മയും സമ്മാനിച്ചാണ് അമ്മ മടങ്ങിയത്. വാണിയമ്മയുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും കെ.എസ്. ചിത്ര മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
‘ഞാൻ ഏറ്റവും കൂടുതൽ ഫീമെയിൽ ഡ്യൂയറ്റ് പാടിയിട്ടുള്ളത് വാണിയമ്മയോടൊപ്പമാണ്. എന്റെ തുടക്കകാലത്ത് ഒരുപാടു പാട്ടുകൾ വാണിയമ്മയോടൊപ്പം പാടാൻ സാധിച്ചു. വളരെ എളുപ്പത്തിൽ പാട്ടുകൾ പഠിച്ചെടുക്കുന്ന ആളാണ് വാണിയമ്മ. സംഗീതത്തോട് അങ്ങേയറ്റത്തെ ബഹുമാനമാണ് അമ്മയ്ക്ക്. സ്റ്റേജിലാണെങ്കിലും സ്റ്റുഡിയോയിലാണെങ്കിലും ചെരുപ്പ് അഴിച്ചതിനു ശേഷമേ പ്രവേശിക്കൂ. ചെയ്യുന്ന തൊഴിനോടുള്ള ബഹുമാനം അത്രത്തോളമുണ്ട്. പാടുന്ന ഭാഷ എല്ലാം പഠിച്ച് അർഥം അറിഞ്ഞാണ് അമ്മ പാടുന്നത്.
കഴിഞ്ഞ 28 നു ചെന്നൈയിൽ മ്യൂസിക് അക്കാദമിയിൽ അമ്മ അതിഥിയായി എത്തിയിരുന്നു. പത്മ ഭൂഷൺ ലഭിച്ച വാണിയമ്മയെ ആദരിക്കുന്ന ചടങ്ങുകൂടി ആയിരുന്നു അത്. അന്ന് അമ്മയ്ക്ക് ഞാനൊരു സമ്മാനം കൊടുത്തു. അമ്മയുടെ അനുഗ്രഹവും വാങ്ങിയിരുന്നു. അമ്മ എനിക്കൊരു ഉമ്മയും തന്നു. ആ കാഴ്ച അവസാനത്തേതാണെന്ന് അന്ന് അറിഞ്ഞില്ല. പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചിട്ട് സമ്മാനം കിട്ടിയ സാരി ഞാൻ കൊടുത്തതാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അമ്മ അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് മാറ്റി എടുക്കാം. അമ്മ പറഞ്ഞു ഇഷ്ടപ്പെട്ടു നന്ദി അറിയിക്കാൻ വിളിച്ചതാണ്. അതാണ് അമ്മയുമായി അവസാനം സംസാരിച്ചത്.
അന്ന് വന്നപ്പോൾ അമ്മയ്ക്ക് നടക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒന്ന് വീണു എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ രണ്ടുപേർ കയ്യിൽ പിടിച്ചാണ് സ്റ്റേജിൽ കയറ്റിയത്. അന്ന് അമ്മയ്ക്ക് അൽപം ക്ഷീണം തോന്നിയിരുന്നു. അതുവരെ അമ്മ ആരുടേയും സഹായത്തോടെ നടക്കുന്നതു കണ്ടിട്ടില്ല. ഇത്തരത്തിൽ ഒരു അകാല വിയോഗം ഞാൻ പ്രതീക്ഷിച്ചില്ല. സംഗീതലോകത്തിനു വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ് അമ്മയുടെ വേർപാട്. ഈ വാർത്ത എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’. കെ.എസ്. ചിത്ര പറഞ്ഞു.