പെൺപുലികളുടെ ഗ്രാമി; റെക്കോർഡിട്ട് ബിയോൺസി, വിട്ടുകൊടുക്കാതെ ടെയ്‌ലർ, തലയുയർത്തി അഡെൽ
Mail This Article
ലോകസംഗീതവേദിയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഗ്രാമി പ്രഖ്യാപിക്കുന്നു. ലൊസാഞ്ചലസിലാണ് 65ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. ആദ്യ പ്രഖ്യാപനങ്ങൾ പുറത്തുവരുമ്പോൾ രണ്ട് ഗ്രാമി നേട്ടത്തിലൂടെ പുരസ്കാര വേദി കീഴടക്കിയിരിക്കുകയാണ് അമേരിക്കൻ ഗായിക ബിയോണ്‍സി.
മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോർഡിങ്, മികച്ച ട്രെഡീഷനൽ ആർ&ബി പെർഫോമന്‍സ് എന്നീ വിഭാഗങ്ങളിലാണ് ബിയോൺസിയുടെ ഇരട്ട നേട്ടം.
ഇതാദ്യമായാണ് മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോർഡിങ് വിഭാഗത്തിൽ ബിയോൺസി പുരസ്കാര നേട്ടത്തിനു പരിഗണിക്കപ്പെടുന്നത്. ഇതോടെ ഗ്രാമി ചരിത്രത്തിൽ ഏറ്റവുമധികം പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന സംഗീതജ്ഞയെന്ന ബഹുമതിയും നേടിയിരിക്കുകയാണ് ബിയോണ്‍സി ഇപ്പോൾ.
മികച്ച മ്യൂസിക് വിഡിയോ വിഭാഗത്തിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ ‘ഓൾ ടൂ വെൽ’ ഗ്രാമി നേടി. മികച്ച പോപ് വോക്കൽ ആൽബം വിഭാഗത്തിൽ ഹാരി സ്റ്റൈൽസ് പുരസ്കാരം സ്വന്തമാക്കി. ‘ഹാരീസ് ഹൗസ്’ എന്ന ആൽബത്തിനാണ് ഗ്രാമി. മികച്ച റാപ് പെർഫോമൻസ് വിഭാഗത്തിൽ കെൻഡ്രിക് ലാമറിന്റെ ‘ദ് ഹാർട്ട് പാർട്ട് 5’ പുരസ്കാരം നേടി.
ഓസി ഒസ്ബോർണിന്റെ ‘പേഷ്യന്റ് നമ്പർ9’ ആണ് മികച്ച റോക്ക് ആൽബം. മികച്ച റോക്ക് പെർഫോമൻസ് വിഭാഗത്തിൽ ബ്രാൻഡി കാർലി ഗ്രാമി സ്വന്തമാക്കി. ബ്രാൻഡിയുടെ ‘ബ്രോക്കൺ ഹോഴ്സസി’നാണു പുരസ്കാരം.
ഗ്രാമി നേട്ടങ്ങൾ ഇങ്ങനെ:
∙ മികച്ച മ്യൂസിക് വിഡിയോ– ടെയ്‌ലർ സ്വിഫ്റ്റ് (ഓൾ ടൂ വെൽ)
∙ മികച്ച ട്രെഡീഷനൽ ആർ&ബി പെർഫോമൻസ്– ബിയോൺസി (പ്ലാസ്റ്റിക് ഓഫ് ദ് സോഫ)
∙ മികച്ച ഡാൻസ് ഇലക്ട്രോണിക് റെക്കോർഡിങ് ഗ്രാമി– ബിയോൺസി (ബ്രേക് മൈ സോൾ)
∙ മികച്ച ഇമർസിവ് സംഗീതം– റിക്കി കെജ് (ഡിവൈൻ ടൈഡ്സ്)
∙ മികച്ച പോപ് ഡുവോ/ ഗ്രൂപ് പെർഫോമൻസ്– കിം പെട്രാസ്, സാം സ്മിത്ത് (അൺഹോളി)
∙ മികച്ച കണ്‍ട്രി ആൽബം– വില്ലി നെൽസൺ (എ ബ്യൂട്ടിഫുൾ ടൈം)
∙ മികച്ച ട്രെഡീഷനൽ പോപ് വോക്കല്‍ ആൽബം– മൈക്കിൾ ബബിൾ (ഹൈർ)
∙ മികച്ച കൻറ്റെമ്പറെറി ഇൻസ്ട്രുമെന്റൽ ആൽബം– സ്നാർക്കി പപ്പി (എമ്പൈർ സെൻട്രൽ)
∙ മികച്ച പോപ് വോക്കൽ പെർഫോമൻസ്– അഡെൽ (ഈസി ഓൺ മി)
English Summary: Grammy awards 2023