‘അന്ന് ജീവനൊടുക്കാൻ ഞാൻ ഗംഗയിൽ ചാടി, പക്ഷേ’; മനസ്സു തുറന്ന് കൈലാഷ് ഖേർ
Mail This Article
ജീവിതത്തില്‍ പ്രതിസന്ധികൾ ഉണ്ടായപ്പോൾ മനോവിഷമം കൊണ്ട് ഒരിക്കൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നു വെളിപ്പെടുത്തി ബോളിവുഡ് ഗായകൻ കൈലാഷ് ഖേർ. ജീവിക്കാന്‍ വേണ്ടി താൻ പലവിധത്തിലുള്ള ജോലികൾ ചെയ്തുവെന്നും എന്നാൽ സാമ്പത്തികമായി ഏറെ പരാജയപ്പെട്ടു പോയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കൈലാഷ് ഖേർ താൻ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചു മനസ്സു തുറന്നത്.
‘20ാം വയസ്സിൽ ഞാൻ ഡൽഹിയിൽ കയറ്റുമതി ബിസിനസ് ചെയ്തിരുന്നു. ജർമനിയിലേക്ക് കരകൗശല വസ്തുക്കൾ കയറ്റി അയച്ചു. എന്നാൽ പതിയെ ബിസിനസ് തകർന്നു. നിരവധി പ്രശ്നങ്ങളെത്തുടർന്ന് ഋഷികേശിലേക്കു പോയി. ജീവിതത്തിലെ തുടർ പരാജയങ്ങൾ എന്റെ മനസ്സു മടുപ്പിച്ചു. ഒരു ദിവസം ഗംഗാ നദിയിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. എന്നാൽ ഗംഗാ തീരത്ത് ഉണ്ടായിരുന്ന ഒരാൾ എന്നെ രക്ഷപ്പെടുത്തി.
നീന്തലറിയാതെ എന്തിനാണ് നദിയിൽ ചാടിയതെന്ന് അയാൾ എന്നോടു ചോദിച്ചു. മരിക്കാൻ വേണ്ടിയാണെന്നു പറഞ്ഞപ്പോൾ അയാൾ എന്റെ തലയിൽ ശക്തമായി ഒരു അടി തന്നു. തൊട്ടടുത്ത ദിവസം ഞാൻ മുറിയിൽ ഏകാന്തനായിരുന്ന് ഏറെ കാര്യങ്ങൾ ആലോചിച്ചു. ആ സമയത്ത് ദൈവവുമായി ആശയവിനിമയം നടത്തി. അങ്ങനെ മനസ്സു കൂടുതൽ ശാന്തമായി’, കൈലാഷ് ഖേർ ഓർത്തെടുത്തു.
രണ്ട് പതിറ്റാണ്ടിലേറെയായി സംഗീതരംഗത്തു സജീവമാണ് കൈലാഷ് ഖേർ. തേരി ദീവാനി, സയ്യാൻ, ചാന്ദ് സിഫാരിഷ്, യൂഹി ചലാ ചൽ രഹി, യാ രബ്ബാ, അർസിയാൻ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിനു ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ബോളിവുഡിനു പുറമേ നിരവധി തെന്നിന്ത്യൻ ചിത്രങ്ങൾക്കായും കൈലാഷ് ഖേർ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.