‘എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു, എല്ലാവർക്കും നന്ദി’; മനസ്സു നിറഞ്ഞ് ദീപക് ദേവ്
Mail This Article
സംഗീതജീവിതത്തിൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടതിന്റെ സന്തോഷം പങ്കുവച്ച് സംഗീതസംവിധായകൻ ദീപക് ദേവ്. 2003ല്‍ പുറത്തിറങ്ങിയ ‘ക്രോണിക് ബാച്ചിലർ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ദീപക് പാട്ടുമായി മലയാളിക്കരികിലെത്തിയത്. അന്നു തൊട്ടിന്നോളം സംഗീതരംഗത്തു സജീവമായിത്തന്നെയുണ്ട് അദ്ദേഹം. സിനിമാസംഗീതത്തിലെ അരങ്ങേറ്റം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ദീപക് ദേവിന്റെ പോസ്റ്റ് ഇങ്ങനെ:
‘ക്രോണിക് ബാച്ചിലർ എന്ന എന്റെ ആദ്യ സിനിമയിലൂടെ ഞാൻ ഒരു സംഗീത സംവിധായകനായിട്ട് ഇന്നേക്ക് 20 വർഷം തികയുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. എന്റെ യാത്ര ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടുകളായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. പ്രതീക്ഷിക്കാത്തപ്പോഴെല്ലാം എന്റെ ജീവിതത്തിൽ ആശ്ചര്യങ്ങൾ നിറച്ച ദൈവത്തോടു നന്ദി പറയുകയാണ്.
നന്ദി, സിദ്ദീഖ് ഏട്ടാ എന്നില്‍ വിശ്വസിച്ചതിനും സംഗീതം സൃഷ്ടിക്കാനുള്ള എന്‍റെ കഴിവ് കണ്ടെത്തിയതിലും. എനിക്കു നേരത്തെ വിശ്വാസം ഉണ്ടായിരുന്നു ദീപു എന്ന കീബോര്‍ഡിസ്റ്റ് ദീപക് ദേവ് എന്ന സംഗീതസംവിധായകനാകുമെന്ന്. എനിക്കേറെ പ്രിയപ്പെട്ട കാര്യം എന്റെ തൊഴിലായി തിരഞ്ഞെടുക്കാൻ എന്നെ അനുവദിച്ചതിന് അമ്മയ്ക്കും അച്ഛനും സ്മിതയ്ക്കും നന്ദി. എന്നെയും എന്റെ സൃഷ്ടികളെയും സ്നേഹിച്ചതിനും എന്നെ സ്വീകരിച്ചതിനും ലോകം മുഴുവനുമുള്ള സകലരോടും നന്ദി പറയുകയാണ്, ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ’.