ADVERTISEMENT

ഗായിക റിമി ടോമിയുമായി ഏറെ കാലത്തെ അടുപ്പമുണ്ടായിരുന്നു സുബി സുരേഷിന്. ഇരുവരും വേദികളിൽ ഒരുമിച്ചെത്തി പ്രേക്ഷകർക്കു ചിരിയുടെ പൂരം തന്നെ സമ്മാനിച്ചു. ഇരുവരുടെയും തന്മയത്വത്തോടെയുള്ള സംസാരം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. റിമിയുടെയും സുബിയുടെയും കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പമുണ്ടായിരുന്നു. മാസങ്ങൾക്കു മുൻപ് റിമിയുടെ വീട്ടിൽ സുബി അതിഥിയായെത്തിയതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഓടി വന്ന് ആലിംഗനം ചെയ്ത് സ്നേഹസംഭാഷണങ്ങൾ നടത്തിയ സുബി, കളിയും ചിരിയും തമാശകളുമായി റിമിക്കും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ചു. 

 

ഇപ്പോൾ സുബിയുടെ അപ്രതീക്ഷിത വിയോഗവാർത്തയിൽ വേദനിക്കുകയാണ് റിമി ടോമി. ‘പ്രിയ കൂട്ടുകാരി’ എന്നു വിളിച്ച് സുബിയുടെ നിറചിരിയോടെയുള്ള ചിത്രം റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘സുബീ, ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല’ എന്ന റിമിയുടെ പോസ്റ്റ് ആരാധകരെയും കണ്ണീരണിയിക്കുകയാണ്. മഴവിൽ മനോരമയിൽ റിമി ടോമി അവതാരകയായെത്തിയ ‘ഒന്നും ഒന്നും മൂന്ന്’ പരിപാടിയിലും സുബി പല തവണ അതിഥിയായി എത്തിയിട്ടുണ്ട്. വേദികളിലെ സുബിയുടെയും റിമിയുടെയും കൗണ്ടറുകളും തമാശകളും ഇന്നും ആരാധകർ നിറചിരിയോടെ ഓർക്കുന്നു. ഇനി റിമിക്കൊപ്പം വേദി പങ്കിടാൻ സുബി എത്തില്ലെന്ന യാഥാർഥ്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല പ്രേക്ഷകർക്ക്. 

 

കരൾ രോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയവെ ബുധൻ രാവിലെ എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ചാണ് സുബി സുരേഷ് അന്തരിച്ചത്. തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ് സുബി. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധേയയായ സുബി, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സുബിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com