ഹോസ്റ്റൽ മുറിയിൽ നിന്നു പാടിത്തുടങ്ങി, ഇനി സിനിമയിൽ വേരുറപ്പിക്കാൻ ആൽമരം! അഭിമുഖം
Mail This Article
അജയ്, അക്ഷയ്, അൻഷാദ്, ലിജു, പ്രണവ്, പ്രത്യുഷ്, രോഹിൻ, സാരംഗ്, ശ്രീഹരി, വൈഷ്ണവ്... വെറും പേരുകളല്ല, ഒരു വലിയ മരത്തിന്റെ വേരുകളാണ് ഇവർ. ഒരു ഹോസ്റ്റൽ മുറിയിൽനിന്നു പാട്ടിന്റെ ലോകത്തേക്കു വളർന്നു വലുതായ ആൽമരം! ഏതൊരു പാട്ടുകാരനും ആഗ്രഹിക്കുന്ന പോലെ തന്നെ സിനിമയായിരുന്നു ഇവരിൽ ഓരോരുത്തരുടെയും ലക്ഷ്യം. അങ്ങനെ ആദ്യമായി സിനിമയില്‍ പാടാൻ അവസരം കിട്ടിയതും ഒന്നിച്ച്. പാട്ടും കൂട്ടും ആദ്യ സിനിമയുടെ വിശേഷങ്ങളുമായി ആൽമരം ബാൻഡ് മനോരമ ഓൺലൈനിനൊപ്പം:
പെണ്ണെന്തൊരു പെണ്ണാണ്...
‘ഡിയർ വാപ്പി’ എന്ന സിനിമയിലെ ‘പെണ്ണെന്തൊരു പെണ്ണാണ്’ എന്ന പാട്ടിലൂടെയാണ് ആൽമരം സിനിമാസംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. പാട്ടു മാത്രമല്ല, ചെറിയ ഡാൻസും അഭിനയവും ഒക്കെയുണ്ട്.
ബാൻഡ് അംഗം അജയ് പറയുന്നു: ‘കൈലാസ് മേനോൻ സർ ആണ് സിനിമയിലേക്കു വിളിച്ചത്. എന്നെ വിളിച്ച് ഡേറ്റ് ചോദിച്ചു, ഞാനാകെ ഷോക്കായിപ്പോയി. ഞാനും അക്ഷയ്‌യും ട്രെയിൻ കാത്തു നിൽക്കുമ്പോഴായിരുന്നു ആ ഫോൺ കോൾ. അക്ഷയ്‌യോടു മാത്രമേ ഞാൻ കൈലാസ് സര്‍ വിളിച്ച കാര്യം പറഞ്ഞുള്ളു. ബാക്കിയുള്ളവർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെയെന്നു കരുതി. പിന്നീട് നേരിൽ കണ്ട് പറഞ്ഞപ്പോൾ എല്ലാവരും ഡബിൾ ഹാപ്പി. അത്രയധികം ആഗ്രഹിച്ചതാണ് സിനിമയില്‍ പാടാൻ. ഞങ്ങള്‍ കൈലാസ് മേനോന്റെ ‘നീ ഹിമമഴയായ്’ എന്ന പാട്ടിന്റെ കവർ ചെയ്തിരുന്നു. അത് കേട്ടപ്പോൾ കൈലാസ് മേനോന്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. അതായിരിക്കാം പുതിയ സിനിമ ചെയ്യാൻ നേരം കൈലാസ് മേനോൻ ഓർത്തതും അവസരം നൽകിയതും.
‘നീങ്ക താനേ ഡാൻസ് തെരിയുംന്ന് സൊന്നേ...’
‘പാടിയാൽ മാത്രം പോര അഭിനയിക്കണം എന്നു പറഞ്ഞപ്പോഴേ ടെൻഷനായിരുന്നു. പാട്ട് കണ്ടവർക്കറിയാം, ഒരു കല്യാണവീട്ടിലെ പാട്ടാണത്. ഡാൻസും ഉണ്ടായിരുന്നു. ആർക്കാണ് ഡാൻസ് കളിക്കാനറിയാവുന്നതെന്നു ചോദിച്ചപ്പോൾ ഞങ്ങളെല്ലാവരും സാരംഗിന്റെ പേര് പറഞ്ഞു. ഷൂട്ടിന്റെ സമയം ആയപ്പോൾ ഡാൻസൊന്നും ശരിയാവുന്നില്ല. അപ്പോൾ കൊറിയോഗ്രഫർ ചോദിച്ചു, ‘നീങ്ക താനേ ഡാൻസ് തെരിയുംന്ന് സൊന്നേ...’ അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ കോമഡിയാണ്. അപ്പോൾ ഭയങ്കര ടെൻഷനായിരുന്നു. രാത്രിയിലായിരുന്നു ഷൂട്ട്, ഉറക്കമില്ലാതെയാണ് ഞങ്ങൾ ഷൂട്ട് പൂർത്തിയാക്കിയത്’, ബാൻഡ് അംഗങ്ങൾ പറയുന്നു.