കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു; തലനാരിഴയ്ക്കു രക്ഷപെട്ട് എ.ആർ.റഹ്മാന്റെ മകന്
Mail This Article
ആൽബം ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപെട്ട് സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മകനും ഗായകനുമായ എ.ആർ.അമീൻ. ചിത്രീകരണവേളയിൽ ഗാനമാലപിക്കവെ വേദിക്കു മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്കു തകർന്നുവീണു. ഈ സമയം വേദിയുടെ ഒത്തനടുക്കു നിൽക്കുകയായിരുന്നു അമീൻ. അപകടത്തെക്കുറിച്ച് അമീൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ:
‘ഞാൻ ഇന്നു ജീവനോടെയിരിക്കാൻ കാരണമായ സർവശക്തനായ ദൈവത്തോടും എന്റെ മാതാപിതാക്കളോടും മറ്റു കുടുംബാഗങ്ങളോടും അഭ്യുദയകാംക്ഷികളോടും ആത്മീയ ഗുരുക്കന്മാരോടും നന്ദി പറയുന്നു. മൂന്ന് ദിവസങ്ങൾക്കു മുൻപാണ് സംഭവം. ഞാൻ ഒരു ഗാനചിത്രീകരണത്തിലായിരുന്നു. എന്റെയും മറ്റു ടീം അംഗങ്ങളുടെയും സുരക്ഷ ബന്ധപ്പെട്ടവർ ഉറപ്പുവരുത്തുമെന്നായിരുന്നു പ്രതീക്ഷ. ക്യാമറയ്ക്കു മുന്നിൽ പെർഫോം ചെയ്യുന്നതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ. അപ്പോഴാണ് ക്രെയിനിനു മുകളിൽ തൂക്കിയിരുന്ന അലങ്കാര വിളക്കുകൾ പൊട്ടി താഴേയ്ക്കു വീണത്. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ, സെക്കന്‍ഡുകൾ നേരത്തെയാവുകയോ വൈകുകയോ ചെയ്തിരുന്നെങ്കിൽ അതെല്ലാം ഞങ്ങളുടെ തലയിലേക്കു പതിക്കുമായിരുന്നു. അപകടത്തിന്റെ നടുക്കത്തിൽ നിന്നു ഞാനും എന്റെ മറ്റു ടീം അംഗങ്ങളും ഇപ്പോഴും മുക്തരായിട്ടില്ല’.
അമീന്റെ സമൂഹമാധ്യമ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടു ചർച്ചാവിഷയമായിക്കഴിഞ്ഞു. അച്ഛനെ പോലെ തന്നെ സംഗീതവഴിയിലാണ് അമീൻ. 2015ൽ പുറത്തിറങ്ങിയ 'ഓകെ കൺമണി'യിലെ ഗാനത്തിലൂടെ ചലച്ചിത്രരംഗത്ത് അമീൻ ചുവടുറപ്പിച്ചു. ചിത്രത്തിലെ 'മൗലാ വാ സലീം' എന്ന ഗാനമാണു അമീൻ ആലപിച്ചത്. ഈ ഗാനത്തിനു നിരവധി പുരസ്കാരങ്ങളും അമീനെ തേടിയെത്തിയിരുന്നു. നിര്‍മലാ കോണ്‍വെന്റ്, സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്, 2.0, ദില്‍ ബേച്ചാരാ, ഗലാട്ടാ കല്യാണം എന്നീ ചിത്രങ്ങളിലും അമീന്‍ ഗാനങ്ങളാലപിച്ചിട്ടുണ്ട്.