വേദിയിൽ പാടുന്നതിനിടെ ഡ്രോൺ തലയിലിടിച്ചു; ബെന്നി ദയാലിനു പരുക്ക്, വിഡിയോ
Mail This Article
ഡ്രോൺ തലയിലിടിച്ച് ഗായകൻ ബെന്നി ദയാലിനു പരുക്ക്. ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. വേദിയിൽ ബെന്നി ദയാൽ ഗാനമാലപിക്കവെ ഡ്രോണ് തലയ്ക്കു പിന്നിൽ വന്നിടിക്കുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഗീതപരിപാടി ആരംഭിച്ചപ്പോൾ മുതൽ ഡ്രോൺ സ്റ്റേജിനു ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാൽ ഗാനമാലപിച്ചുകൊണ്ട് പിറകോട്ടു നീങ്ങിയപ്പോഴാണ് ഡ്രോൺ തലയിൽ ഇടിച്ചത്. പുരുക്കേറ്റതോടെ ഗായകൻ നിലത്തു മുട്ടുകുത്തിയിരിക്കുന്നതും തുടർന്ന് സംഘാടകർ വേദിയിലേക്കെത്തുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാനാകും.
അപകടത്തിനു പിന്നാലെ ബെന്നി ദയാൽ സംഭവത്തെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചു. സ്റ്റേജ് പരിപാടിക്കിടെ കലാകാരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രോണ്‍ പറത്തുന്നതിൽ വൈദഗ്ധ്യം ഉള്ളവർ മാത്രമേ അതു ചെയ്യാവൂ എന്ന നിർദ്ദേശവും ഗായകൻ മുന്നോട്ടുവച്ചു.
അപകടത്തില്‍ തന്റെ തലയ്ക്കും രണ്ട് വിരലുകള്‍ക്കും പരുക്കേറ്റുവെന്ന് ബെന്നി ദയാൽ ചൂണ്ടിക്കാട്ടി. താന്‍ വേഗം പരുക്കില്‍ നിന്നു മുക്തനാകുമെന്നും എല്ലാവരുടെയും പ്രാർഥനയ്ക്കു നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.